First Malayalam Zombie Movie : മലയാളത്തിലെ ആദ്യ സോംബി സിനിമ അണിയറയിൽ?; പിന്നിൽ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് എന്ന് സൂചന
First Malayalam Zombie Movie Weekend Blockbusters : മലയാളത്തിലെ ആദ്യ സോംബി സിനിമയുമായി പ്രമുഖ നിർമ്മാതാക്കളായ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്. നിലവിൽ ചിത്രീകരണം നടക്കുന്ന ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിന് ശേഷം ഈ സിനിമയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് അഭ്യൂഹങ്ങൾ.
മലയാളത്തിലെ ആദ്യ സോംബി സിനിമയുമായി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് എത്തുന്നു എന്ന് അഭ്യൂഹം. വിവിധ എക്സ് ഫോറങ്ങളിലാണ് ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ പുറത്തുവന്നത്. നിലവിൽ നിർമ്മാണത്തിലുള്ള ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന സിനിമയ്ക്ക് ശേഷമാവും സോംബി സിനിമയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുക. ഉജ്ജ്വലനിൽ സോംബി സിനിമയുമായി ബന്ധപ്പെട്ട ചില സൂചനകളുണ്ടാവുമെന്നും അഭ്യൂഹങ്ങളുണ്ട്.
മലയാളത്തിലെ ആദ്യ സോംബി ചിത്രമാവും ഇതെന്നാണ് ട്വിറ്റർ ഫോറങ്ങൾ അവകാശപ്പെടുന്നതെങ്കിലും എക്സിപിരിമെൻ്റ് 5 എന്ന പേരിൽ കഴിഞ്ഞ വർഷം ഒരു സോംബി സിനിമ മലയാളത്തിൽ പുറത്തിറങ്ങിയിരുന്നു. അശ്വിൻ ചന്ദ്രൻ്റെ സംവിധാനത്തിൽ മെൽവിൻ താനത്ത്, ദേവി നന്ദ തുടങ്ങിയവർ അഭിനയിച്ച സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ, ഒരു മുൻനിര പ്രൊഡക്ഷൻ ഹൗസ് ഉയർന്ന ബജറ്റിൽ പ്രമുഖ താരങ്ങളെ അണിനിരത്തി ഒരുക്കുന്ന ആദ്യ മലയാളം സോംബി ചിത്രമാവും വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിൻ്റേത്.
2021ൽ മലയാളത്തിലെ ആദ്യ സോംബി ചിത്രമെന്ന പേരിൽ ‘രാ’ എന്ന ചിത്രത്തിൻ്റെ സ്നീക്ക്പീക്ക് പുറത്തുവന്നിരുന്നു. ‘നൈറ്റ്ഫാള്‍ പാരനോയ’ എന്ന ടാഗ്‌ലൈനിൽ പുറത്തിറക്കാനിരുന്ന ചിത്രം കിരണ്‍ മോഹന്‍ ആണ് സംവിധാനം ചെയ്തിരുന്നത്. പൃഥ്വിരാജ് നായകനായ ഹൊറര്‍ ചിത്രം ‘എസ്ര’യുടെ സഹരചയിതാവായ മനു ഗോപാലാണ് രായ്ക്ക് തിരക്കഥയൊരുക്കിയത്. ഒലാല മീഡിയയുടെ ബാനറില്‍ അബീല്‍ അബുബേക്കർ നിർമ്മിച്ച ചിത്രത്തെപ്പറ്റിയുള്ള മറ്റ് അപ്ഡേറ്റുകൾ പിന്നീട് പുറത്തുവന്നില്ല.
മിന്നൽ മുരളി എന്ന സിനിമയുടെ ഉജ്ജ്വല വിജയത്തിന് ശേഷം വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സ് എന്ന പേരിൽ പരസ്പരം ബന്ധമുള്ള സിനിമകൾ പുറത്തിറക്കുമെന്ന് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് അറിയിച്ചിരുന്നു. സൂപ്പർ ഹീറോ സിനിമകളാവും സിനിമാറ്റിക് യൂണിവേഴ്സിൽ ഉണ്ടാവുക എന്നും സോഫിയ പോളിൻ്റെ നിർമ്മാണക്കമ്പനി വ്യക്തമാക്കിയിരുന്നു. ഈ യൂണിവേഴ്സിൽ ഉൾപ്പെടുന്നതാണ് ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന ഡിറ്റക്ടീവ് ഉജ്ജ്വലൻ. സിനിമയിൽ സിജു വിൽസൺ, കോട്ടയം നസീർ, ഡോ. റോണി ഡേവിഡ് രാജ് തുടങ്ങിയവരൊക്കെ വേഷമിടും. രാഹുൽ ജി, ഇന്ദ്രനീൽ ജികെ എന്നിവർ ചേർന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചമൻ ചാക്കോ എഡിറ്റിംഗും റമീസ് ആർസീ സംഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നു. ക്യാമറ പ്രേം അക്കാട്ട്. ചിത്രത്തിൻ്റെ ടീസർ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സിനിമയുടെ ചിത്രീകരണം നിലവിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഈ സിനിമ പൂർത്തിയാവുമ്പോൾ സോംബി സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അഭ്യൂഹങ്ങൾ.
അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരുടെ തിരക്കഥയിൽ ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് അണിയിച്ചൊരുക്കിയ സൂപ്പർ ഹീറോ സിനിമയായിരുന്നു മിന്നൽ മുരളി. കൊവിഡ് സമയത്ത് റിലീസ് ചെയ്തതിനാൽ ചിത്രം നേരിട്ട് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുകയായിരുന്നു. ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട സിനിമ മലയാളികളും ഏറ്റെടുത്തു. ഇതോടെയാണ് ഇത്തരത്തിൽ പരീക്ഷണ ചിത്രങ്ങളും ഒരു സിനിമാറ്റിക് യൂണിവേഴ്സുമൊക്കെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ആലോചിക്കുന്നത്.
2014ൽ നിലവിൽ വന്ന നിർമ്മാണക്കമ്പനിയാണ് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്. സോഫിയ പോൾ, ജെയിംസ് പോൾ എന്നിവരാണ് ഈ നിർമ്മാണക്കമ്പനിയുടെ ഉടമകൾ. ബാംഗ്ലൂർ ഡെയ്സിലൂടെ സിനിമാ നിർമ്മാണം ആരംഭിച്ച വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് പിന്നീട് കാട് പൂക്കുന്ന നേരം, പടയോട്ടം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആർഡിഎക്സ്, ഡിറ്റക്ടീവ് ഉജ്ജ്വലൻ തുടങ്ങിയ സിനിമകളാണ് നിർമ്മിച്ചത്.