Dominic and the Ladies Purse: ആരാധകർക്ക് മമ്മൂട്ടിയുടെ പിറന്നാൾ സമ്മാനം; പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തവിട്ടു
വ്യത്യസ്ത വേഷങ്ങളിലൂടെയും അഭിനയ മികവിലൂടെയും മലയാള പ്രേക്ഷരെ വിസ്മയിപ്പിക്കുന്ന മമ്മൂട്ടി വീണ്ടും ആരാധകരെ ആവേശത്തിലാക്കാൻ ഒരുങ്ങുന്നു. ആരാധകർക്ക് മമ്മൂട്ടിയുടെ പിറന്നാൾ സമ്മാനായി പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു.
ഗൗതം വസുദേവ് മേനോൻറെ സംവിധാനത്തിൽ മമ്മൂട്ടി നായകനാവുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിനോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തിറക്കിയത്. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടെ ഈ സിനിമയ്ക്കുണ്ട്. മമ്മൂട്ടി ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവ് വേഷത്തിലാണ് എത്തുന്നതെന്ന് മുൻപ് തന്നെ സൂചനകൾ ലഭിച്ചിരുന്നു. അത് ഊട്ടിയുറപ്പിക്കുന്ന രീതിയിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ വന്നത്. വെള്ള വസ്ത്രം ധരിച്ച് നിൽക്കുന്ന മമ്മൂട്ടിയുടെ പുറകിലായി ഒരു കേസ് അന്വേഷണത്തിനാവശ്യമായുള്ള രേഖകൾ നിരത്തിയിരിക്കുന്നത് കാണാൻ സാധിക്കും.
അതെ സമയം, ഇന്ന് ഫസ്റ്റ് ലുക്ക് പുറത്തിറക്കുന്നതിന് മുന്നോടിയായി മമ്മൂട്ടി ഇന്നലെ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. പോസ്റ്റിൽ നിന്നും ലഭിച്ച ചില സൂചനകൾ കണ്ടതോടെ ആരാധകർ ആവേശത്തിലാണ്. ‘മറ്റുള്ളവർക്ക് അറിയാത്തത് അറിയലാണ് ഞങ്ങളുടെ ജോലി’ എന്ന വാചകമാണ് പോസ്റ്ററിൽ ഉള്ളത്. ആർതർ കോനൻ ഡോയൽ എഴുതിയ ‘ദി അഡ്വഞ്ചർ ഓഫ് ദി ബ്ലൂ കാർബങ്കിൾ’ എന്ന ചെറുകഥയിലെ, ഏറ്റവും പ്രശസ്തനായ കുറ്റാന്വേഷക കഥാപാത്രം ഷെർലക് ഹോംസ് പറയുന്ന വാചകമാണ് ഇത്. ഒരു ഡിറ്റക്റ്റീവ് കോമഡി ത്രില്ലർ ചിത്രമായിരിക്കും ഇതെന്ന് മുൻപ് ചില സൂചനകൾ ലഭിച്ചിരുന്നു. ഷെർലക് ഹോംസിനു സമാനയമായ ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവിനെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്ന് ചിത്രത്തിൻറെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ നീരജ് നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പുകൾ വന്നിരുന്നില്ല. എന്നാൽ ഇത് ആദ്യമായാണ് നിർമ്മാതാക്കൾ തന്നെ ഇത്തരത്തിലൊരു സൂചന ഒഫിഷ്യൽ പബ്ലിസിറ്റി മെറ്റീരിയലിൽ ഉൾപ്പെടുത്തുന്നത്.
ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സൂരജ് ആർ, നീരജ് ആർ എന്നിവർ ചേർന്നാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണിത്. ഈ സിനിമയുടെ ചിത്രീകരണം കൊച്ചി, മൂന്നാർ എന്നിവിടങ്ങളിലായി പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ചിത്രീകരണം ഉടൻ പൂർത്തിയാകുമെന്നാണ് ലഭിക്കുന്ന വിവരം. ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരും സിനിമയിൽ അണിനിരക്കുന്നുണ്ട്. വിഷ്ണു ദേവ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകരുന്നത് ദർബുക ശിവയാണ്.