RDX : വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ല; ആർഡിഎക്സ് നിർമാതാക്കൾക്കെതിരെ പരാതി
Complaint Against RDX Movie Producers : സൂപ്പർ ഹിറ്റായ ആർഡിഎക്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി. വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്നാരോപിച്ചാണ് പരാതി. സിനിമയുടെ ബഡ്ജറ്റ് വ്യാജ രേഖകളിലൂടെ പെരുപ്പിച്ച് കാണിച്ചെന്നും പരാതിയിൽ പറയുന്നു.
മഞ്ഞുമ്മൽ ബോയ്സിനു (Manjummel Boys) പിന്നാലെ ആർഡിഎക്സ് സിനിമയുടെ നിർമ്മാതാക്കൾക്കെതിരെയും പരാതി. വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്നാരോപിച്ച് തൃപ്പൂണിത്തുറ സ്വദേശി അഞ്ജന എബ്രഹാമാണ് തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസിൽ പരാതിനൽകിയത്. സിനിമയ്ക്കായി ആറ് കോടി രൂപ നല്‍കിയെന്നും വാഗ്ദ്നം ചെയ്ത മുപ്പത് ശതമാനം ലാഭവിഹിതം നൽകിയില്ലെന്നും പരാതിയിൽ പറയുന്നു. നിർമാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെയാണ് പരാതി.
സിനിമാ നിർമ്മാണത്തിനു മുൻപ് തന്നെ വന്നുകണ്ട നിർമ്മാതാക്കൾ 13 കോടി രൂപയാണ് സിനിമയുടെ ബഡ്ജറ്റ് എന്ന് പറഞ്ഞിരുന്നതായി അഞ്ജനയുടെ പരാതിയിൽ പറയുന്നു. 6 കോടി രൂപ നൽകാൻ തന്നോട് ആവശ്യപ്പെടുകയും ബാക്കി ഏഴ് കോടി രൂപ സോഫിയ പോളും ജെയിംസ് പോളും എടുക്കുമെന്ന് അവർ പറഞ്ഞു. 70:30 അനുപാതത്തിലായിരുന്നു ലാഭവിഹിതം തീരുമാനിച്ചിരുന്നത്. സിനിമ പൂർത്തിയായപ്പോൾ ചെലവ് 23 കോടി രൂപയിലധികമായെന്ന് ഇവർ പറഞ്ഞു. നിക്ഷേപിച്ച ആറ് കോടി രൂപ പലതവണ ആവശ്യപ്പെട്ടപ്പോൾ തിരികെനൽകി. നിരന്തരമായി ലാഭവിഹിതം ആവശ്യപ്പെട്ടപ്പോൾ മൂന്ന് കോടി രൂപ നൽകാമെന്ന് പറഞ്ഞു.
Also Read : Manjummel Boys: മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരെ ഇഡി അന്വേഷണം
ഇതോടെ സിനിമയുടെ സിനിമയുടെ ചെലവ് വരവ് ഓഡിറ്റ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും അത് നൽകാനാവില്ലെന്ന നിലപാടാണ് നിർമ്മാതാക്കൾ സ്വീകരിച്ചത് എന്ന് അഞ്ജന എബ്രഹാം പറയുന്നു. ഇതേ തുടർന്നാണ് പരാതിനൽകിയത്. വ്യാജരേഖകള്‍ ഉണ്ടാക്കി നിര്‍മാണച്ചെലവ് പെരുപ്പിച്ച് കാണിച്ചെന്ന് പരാതിയില്‍ പറയുന്നു.
ഷെയിൻ നിഗം, ആൻ്റണി വർഗീസ്, നീരജ് മാധവ്, മഹിമ നമ്പ്യാർ തുടങ്ങിയവർ അഭിനയിച്ച് നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രമാണ് ആർഡിഎക്സ്. ഗംഭീര ആക്ഷൻ സീനുകളുമായി പുറത്തിറങ്ങിയ ചിത്രം ബോക്സോഫീസിൽ തകർത്തോടിയിരുന്നു.
മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരായ അന്വേഷണത്തിൽ നടനും സഹനിർമ്മാതാവുമായ സൗബിൻ ഷാഹിറിനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇഡിയുടെ കൊച്ചി ഓഫീസിൽ കഴിഞ്ഞ മാസം 15നായിരുന്നു ചോദ്യം ചെയ്യൽ. സൗബിനെ വീണ്ടും ഇഡി വിളിപ്പിക്കുമെന്നാണ് റിപ്പോർട്ട്. സിനിമയുടെ ഒരു നിർമ്മാതാവ് ഷോൺ ആൻ്റണിയെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു.
ജൂൺ 11ന് ആണ് മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിൻ്റെ നിർമ്മാതാക്കൾക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചത്. കള്ളപ്പണ വെളുപ്പിക്കൽ കേസിലാണ് നിർമ്മാതാക്കൾക്ക് എതിരെ അന്വേഷണം നടക്കുന്നത്. സിനിമയുടെ ലാഭവിഹിതം നൽകിയില്ലെന്ന അരൂർ സ്വദേശിയുടെ പരാതിയിലാണ് നടപടി.
സാമ്പത്തിക തട്ടിപ്പ് കേസിലും മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസുണ്ട്. സിനിമയ്ക്ക് ഏഴ് കോടി രൂപ മുടക്കിയ വ്യക്തിക്ക് 250 കോടി ലാഭമുണ്ടാക്കിയിട്ടും മുടക്കുമുതൽ പോലും നൽകിയില്ലെന്നായിരുന്നു പരാതി. സിനിമയ്ക്കായി ഒരു രൂപ പോലും നിർമാണ കമ്പനിയായ പറവ ഫിലിംസ് ചിലവാക്കിയില്ലെന്നും പണം നൽകിയവരെ മനപൂർവ്വം ചതിച്ചുവെന്നും പൊലീസിൻറെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാണത്തിനായി പണം വാങ്ങി വഞ്ചിച്ചെന്ന് പരാതിക്കാരനായ സിറാജ് വലിയത്തറ പരാതിയിൽ പറഞ്ഞിരുന്നു. 7 കോടി രൂപയാണ് സിറാജ് നൽകിയതെന്നും ഇതിൽ അഞ്ച് കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷം രൂപ ബാങ്ക് വഴിയാണ് കൈമാറിയതെന്നും ഇയാൾ പറഞ്ഞിരുന്നു. ഇതേതുടർന്ന് പറവ ഫിലിംസിൻറേയും (സൗബിൻ) പാർട്ണർ ഷോൺ ആൻറണിയുടെയും ബാങ്ക് അക്കൗണ്ടുകൾ കോടതി മരവിപ്പിച്ചിരുന്നു.