Actress Babitha Basheer: ട്യൂഷൻ ടീച്ചർ ഫെമിനിച്ചി ആയ കഥ; ’15 വർഷത്തെ പ്രയ്തനം, ഒടുവിൽ അംഗീകാരം’; മനസ് തുറന്ന് ബബിത ബഷീർ
Feminichi Fathima Actress Babitha Basheer: ഞാൻ വരുന്നത് ബാലുശ്ശേരിയിൽ നിന്ന് ഏകദേശം ഒരു എട്ട് കിലോമീറ്റർ ഉള്ളിലോട്ട് പോകുമ്പോൾ കൈപ്പുറം എന്ന പ്രദേശത്ത് നിന്നുമാണ്. അവിടെ നിന്നുള്ള വേറെയും ആർട്ടിസ്റ്റുകൾ ഉണ്ടെങ്കിലും, ഇങ്ങനെ ഒരു ആഗ്രഹവുമായി അധികം ആളുകൾ പുറത്തേക്ക് വന്നിട്ടില്ല.
‘ട്യൂഷൻ വീട്’ എന്ന വെബ് സീരിസിലൂടെ മലയാളി മനസിൽ ഇടം നേടിയ നടിയാണ് ബബിത ബഷീർ. ഒൻപതാം ക്ലാസിൽ അവതാരകയായി കരിയർ ആരംഭിച്ചത് മുതൽ ഒരൊറ്റ ലക്ഷ്യം മാത്രമേ ബബിതയ്ക്ക് മുന്നിൽ ഉണ്ടായിരുന്നുള്ളൂ, സിനിമയിൽ അഭിനയിക്കണം. അന്ന് മുതൽ ഈ ലക്ഷ്യത്തിലേക്കുള്ള യാത്രയിലായിരുന്നു താരം. 15 വർഷങ്ങൾക്കിപ്പുറം ഒരു നടിയെന്ന രീതിയിൽ തന്നെ പ്രേക്ഷകർ അംഗീകരിച്ചു തുടങ്ങിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് നടി ബബിത ബഷീർ ടിവി9 മലയാളം ഡയലോഗ് ബോക്സിലൂടെ.
ഫെമിനിച്ചി ഫാത്തിമയിലേക്ക് എത്തിയത് എങ്ങനെയാണ്?
ഞാൻ ഇതിന് മുൻപ് ചെയ്ത ട്യൂഷൻ വീട് എന്ന വെബ് സീരിസിന്റെ സംവിധായകൻ മുഹമ്മദ് ഫാസിലാണ്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ഫെമിനിച്ചി ഫാത്തിമ. അതുവഴിയാണ് ഇതിലേക്ക് വരുന്നത്.
15 വർഷത്തെ കഷ്ടപ്പാടിന് ഫലം ലഭിക്കുന്നത് കഴിഞ്ഞ മൂന്ന് സിനിമകളിലൂടെയാണ്. അർഹിക്കുന്ന അംഗീകാരം ലഭിച്ചു തുടങ്ങുമ്പോൾ എന്ത് തോന്നുന്നു?
സിനിമ ചെയ്യണം എന്ന ആഗ്രഹത്തോട് കൂടി ഇതിന് വേണ്ടി ഞാൻ വർക്ക് ചെയ്യാൻ തുടങ്ങിയിട്ട് ഏകദേശം 15 വർഷമായി. വളരെ ചെറുപ്പം മുതൽ തന്നെ എനിക്ക് സിനിമ ചെയ്യണം എന്ന് തന്നെയായിരുന്നു ആഗ്രഹം. അതുകൊണ്ട് തന്നെ വേറെ ഓപ്ഷനുകളെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല. കുഞ്ഞിലേ മുതൽ ഉള്ള ആഗ്രഹത്തിന് വേണ്ടി പ്രയത്‌നിച്ച് ഒടുവിൽ കരിയറിന്റെ ആദ്യപടിയിൽ തന്നെ ഇത്രയും ഒരു മികച്ച പ്രതികരണം ലഭിക്കുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്തത്ര സന്തോഷം തോന്നുന്നുണ്ട്. കുറെ പേരോട് ഒരുപാട് നന്നിയുണ്ട്. പ്രത്യേകിച്ച് ഫാസിലിനോട്. കാരണം എന്നെ ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ ആളുകൾ അറിഞ്ഞു തുടങ്ങിയതും, അതുപോലെ എനിക്ക് ഞാൻ ഒരു ആർട്ടിസ്റ്റ് ആണെന്ന് പറയാൻ കഴിഞ്ഞതും ഫാസിലിന്റെ ട്യൂഷൻ വീട് കാരണം ആണ്. അതിന് മുൻപും ഞാൻ സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ഇത്രയേറെ ശ്രദ്ധിക്കപ്പെട്ടില്ല.
മന്ദാകിനിയും ട്യുഷൻ വീടും ലഭിച്ചത് അവർ മുഖേന…
ട്യൂഷൻ വീട് കഴിഞ്ഞപ്പോൾ, യൂട്യൂബിൽ മാത്രമായി നിന്ന് പോകുമോ എന്നൊരു പേടി എനിക്കുണ്ടായിരുന്നു. അപ്പോഴാണ് മന്ദാകിനി വരുന്നത്. മന്ദാകിനിക്ക് മുൻപ് ഞാൻ കായ്പ്പോള എന്നൊരു ചിത്രം ചെയ്തിരുന്നു. ആ സിനിമയുടെ ക്യാമറ മാനായ ഷിജു എം ഭാസ്കർ ആണ് മന്ദാകിനിയുടെ ഡിഒപിയും, എഴുത്തുകാരനും. കായ്പ്പോള ചെയ്യുന്ന സമയത്ത് തന്നെ ഈ സ്ക്രിപ്റ്റിനെ കുറിച്ച് സംസാരിച്ചിരുന്നു. പിന്നീട് ഓഡിഷൻ ഉണ്ടായിരുന്നു. അങ്ങനെയാണ് മന്ദാകിനിയിലേക്ക് എത്തിയത്. ഈ രണ്ടു ആളുകൾ മുഖേനയാണ് ആളുകളാൽ ശ്രദ്ധിക്കുന്ന പെടുന്ന രണ്ടു കഥാപാത്രങ്ങൾ ചെയ്യാൻ കഴിഞ്ഞത്.
15 വർഷത്തെ ഈ കരിയർ ആരംഭിക്കുന്നത് എവിടെ നിന്നാണ്?
2009-ൽ തിരൂർ പോലീസ് ലൈൻ എന്ന് പറയുന്ന സ്ഥലത്ത് കേരള വിഷന്റെ ഒരു ഓഫീസ് ഉണ്ടായിരുന്നു. അന്ന് മാപ്പിള പാട്ടുകൾ മാത്രം വയ്ക്കുന്ന ഒരു ഷോ നടന്നിരുന്നു. അവിടെ നിന്നായിരുന്നു തുടക്കം. ഞാൻ വരുന്നത് ബാലുശ്ശേരിയിൽ നിന്ന് ഏകദേശം ഒരു എട്ട് കിലോമീറ്റർ ഉള്ളിലോട്ട് പോകുമ്പോൾ കൈപ്പുറം എന്നൊരു സ്ഥലത്ത് നിന്നുമാണ്. ഞാൻ മോശമായി പറയുകയല്ല, എന്നിരുന്നാൽ പോലും ഞങ്ങളുടെ നാട്ടിൽ ബസ് സർവീസുകൾ കാര്യമായി ഇല്ല. ഒരു ബസ് പോയി അതെ ബസ് തിരിച്ചുവരണം അടുത്ത ആളുകൾക്ക് പോകാൻ.
അവിടെ നിന്നും ഇങ്ങനെ ഒരു ആഗ്രഹവുമായി അധികം ആളുകൾ പുറത്തേക്ക് വന്നിട്ടില്ല.
ഞാൻ വരുന്ന പ്രദേശത്ത് നിന്ന് വേറെയും ആർട്ടിസ്റ്റുകൾ ഉണ്ടെങ്കിലും, ഇങ്ങനെ ഒരു ആഗ്രഹവുമായി അധികം ആളുകൾ പുറത്തേക്ക് വന്നിട്ടില്ല. അതുകൊണ്ട് തന്നെ എങ്ങനെയാണ് സിനിമയിലേക്ക് എത്തിപ്പെടുക എന്നതിൽ ഒരു ധാരണ ഉണ്ടായിരുന്നില്ല. അങ്ങനെ ഞാൻ സ്വയം കണ്ടുപിടിച്ച വഴിയാണ് ആദ്യം എന്തായാലും ടിവിയിൽ മുഖം കാണിക്കണം എന്നത്. അങ്ങെയാണ് കേരള വിഷനിൽ ജോലിക്കായി കൊടുക്കുന്നത്. അന്ന് അവതാരകയെ ആവശ്യമുണ്ടെന്ന് കാണിച്ച് ഒരു സ്‌ക്രോൾ കണ്ടിരുന്നു. അങ്ങനെയാണ് ഞാൻ ആ നമ്പറിലേക്ക് എസ്എംഎസ് അയക്കുന്നതും, അവർ ഞാൻ സ്‌കൂളിൽ പോയ നേരത്ത് അമ്മയെ വിളിക്കുന്നതും. പിന്നെ ഞാൻ ഓഡിഷന് പോയി സെലക്ട് ആയി. അതായിരുന്നു തുടക്കം. അതുപോലെ, വിക്‌ടേഴ്‌സ് ചാനലിൽ 2010-ൽ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സമയത്ത് റിപ്പോർട്ട് പോലെ ഒന്ന് രണ്ടു സ്റ്റോറീസ് ചെയ്തിരുന്നു. അതല്ലാതെയും ഒന്ന് രണ്ടു പ്രോഗ്രാമുകൾ ചെയ്തു. കൂടാതെ, സഫാരി ചാനലിലും ചില പ്രോഗ്രാമുകൾ ചെയ്തിട്ടുണ്ട്. ഇതിന് പുറമെ ആങ്കറായും വർക്ക് ചെയ്യുന്നുണ്ട്.
ബബിതയുടെ കാഴ്ചപ്പാടിൽ എന്താണ് ഫെമിനിസം?
എന്റെ കാഴ്ചപ്പാട് തന്നെയാണ് ആ സിനിമയിലും അവതരിപ്പിച്ചിരിക്കുന്നത്. ഫെമിനിസം എന്ന് പറയുന്നത് സ്ത്രീയ്ക്ക് മാത്രം ഉള്ളതാണ്, അല്ലെങ്കിൽ അവരെ മാത്രം സംബന്ധിക്കുന്ന ഒരു കാര്യമാണെന്ന് വിചാരിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. എന്നാൽ എന്നെ സംബന്ധിച്ചടുത്തോളം ഫെമിനിസം എല്ലാവരിലും ഉണ്ട്. പുരുഷന്മാരിലും, സ്ത്രീകളിലും ഉണ്ട്. എല്ലാവർക്കും അവരുടേതായ രീതിയിൽ സ്വാതന്ത്രം ഉണ്ട്, ആഗ്രഹങ്ങൾ ഉണ്ട്. ഇതെല്ലാവർക്കും ഒരുപോലെ ലഭിക്കണം അല്ലെങ്കിൽ നേടിയെടുക്കാൻ കഴിയണം. അതിനുള്ളൊരു സ്പേസ് നമ്മുടെ സമൂഹം എല്ലാവർക്കും കൊടുക്കണം എന്നുള്ളതാണ്. ഏതൊരു ചെറിയ കാര്യം ആണെങ്കിൽ പോലും, പെൺകുട്ടികൾ ഇക്കാര്യങ്ങൾ ആണ് ചെയ്യേണ്ടത്. അല്ലെങ്കിൽ ആൺകുട്ടികൾ ഇങ്ങനെ വേണം പെരുമാറാൻ എന്ന് പറഞ്ഞു ഒരു ചട്ടക്കൂടിനുള്ളിൽ ഇടാതെ എല്ലാവർക്കും അവരുടേതായ രീതിയിൽ എല്ലാം ചെയ്യാൻ സാധിക്കണം എന്നുള്ളതാണ് എന്നെ സംബന്ധിച്ചടുത്തോളം ഫെമിനിസം.
ട്യുഷൻ വീട് കഴിഞ്ഞപ്പോൾ അധ്യാപനം ഒരു തൊഴിലായി പരിഗണിക്കാവുന്ന ഒന്നാണെന്ന് തോന്നിയിരുന്നോ?
ടീച്ചർ ആവണമെന്ന് തോന്നിയിട്ടില്ല. ഞാൻ വീടുകളിൽ ട്യൂഷന് പോയിട്ടുണ്ട്. കൂടാതെ പത്താം ക്ലാസ് ഒക്കെ കഴിഞ്ഞ സമയത്ത് ഞാൻ കുട്ടികൾക്ക് ട്യൂഷൻ എടുത്തിട്ടും ഉണ്ട്. അതല്ലാതെ ടീച്ചർ ആകണം എന്ന് തോന്നിയിട്ടില്ല. കാരണം ഞാൻ നേരത്തെ പറഞ്ഞത് പോലെ ചെറുപ്പം മുതൽ മനസിൽ സിനിമ കയറിക്കൂടിയത് കൊണ്ടാകാം. ചില കാര്യങ്ങൾ നമ്മുടെ മനസ്സിൽ വന്നു കിടക്കുമല്ലോ. അങ്ങനെ ആയിരുന്നു സിനിമയും. പക്ഷെ ഇതിന് തുടക്കം കുറിച്ചത് എന്റെ അമ്മയാണ്. ഉമ്മച്ചി വലിയ ബേബി ശാലിനി ഫാൻ ആയിരുന്നു. അതുകൊണ്ട് തന്നെ ഞാൻ എൽകെജി ഒക്കെ പഠിക്കുന്ന സമയത്ത് ബേബി ശാലിനിയെ പോലെ എന്റെ മുടിയൊക്കെ വെട്ടിച്ച് സ്റ്റുഡിയോയിൽ പോയി ഫോട്ടോ എല്ലാം എടുത്ത് ബാലതാരത്തെ ആവശ്യമുണ്ട് എന്നുള്ള പരസ്യങ്ങൾ കാണുമ്പോൾ ഉമ്മച്ചി അയച്ചു കൊടുക്കാറുണ്ടായിരുന്നു. അങ്ങനെയാണ് എന്റെ മനസ്സിൽ സിനിമ കയറുന്നത്. പിന്നീട് ഉമ്മച്ചി അത് വിട്ടെങ്കിലും ഞാൻ അത് സീരിയസായി തന്നെ എടുത്തു.
മന്ദാകിനി എന്ന സിനിമയ്ക്ക് വേണ്ടി ഡ്രൈവിംഗ് പഠിച്ചതായി കേട്ടിരുന്നു. ഫെമിനിച്ചി ഫാത്തിമയ്ക്ക് വേണ്ടി അത്തരത്തിൽ ഒരു പ്രത്യേക തയാറെടുപ്പ് ആവശ്യമായി വന്നിരുന്നോ?
ഫെമിനിച്ചി ഫാത്തിമയിൽ കണ്ടപോലെ ഒരു ആളല്ല ഞാൻ. ആ സിനിമയിൽ കാണുന്ന പോലത്തെ നിയന്ത്രണങ്ങൾ ഒന്നും തന്നെ എന്റെ മേലെ ആരും അടിച്ചേൽപിച്ചിരുന്നില്ല. പക്ഷെ, അങ്ങനെ ജീവിക്കേണ്ടി വന്ന പലരെയും ഞാൻ കണ്ടിട്ടുണ്ട്. ഫെമിനിച്ചി ഫാത്തിമയുടെ കഥ പറയുന്ന സമയത്ത് തന്നെ ഫാസിൽ എന്നോട് പറഞ്ഞിരുന്നു. നമ്മൾ കാണാറില്ലേ കുറച്ചുപേരെ, അവർക്ക് എല്ലാം ചെയ്യണം എന്നുണ്ട് പക്ഷെ അതുമൂലം ഭാവിയിൽ അവർക്ക് പ്രശ്നങ്ങൾ വരാനും പാടില്ല എന്ന് കരുതി പിന്മാറുന്നവർ എന്ന്. ഫാസിൽ ചില റഫറൻസ് വീഡിയോകൾ നോക്കി വെച്ചിരുന്നു. ഫാസിലിന്റെ റഫറൻസ് അനുസരിച്ചാണ് ആ കഥാപാത്രം അവതരിപ്പിച്ചത്.
വീട്ടുകാരുടെ പിന്തുണയെ എങ്ങനെ നോക്കിക്കാണുന്നു?
വീട്ടുകാരുടെ സപ്പോർട്ട് ഇല്ലെങ്കിൽ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ലാലോ. പ്രത്യേകിച്ച് എന്റെ സ്വഭാവം അനുസരിച്ച് എന്നോട് ഒരാൾ നെഗറ്റീവ് പറഞ്ഞാൽ അത് എന്നെ തളർത്തും. എനിക്കടുത്തറിയാവുന്ന ആളുകളിൽ ഏതെങ്കിലും ഒരാൾ എന്നോട് ഒരു നെഗറ്റീവ് പറഞ്ഞാൽ തന്നെ ഞാൻ ഡൗൺ ആകും. എന്റെ ചുറ്റുമുള്ള ആളുകൾ എത്രത്തോളം പോസിറ്റീവ് ആണോ, അത്രത്തോളം ഉയരങ്ങളിലേക്ക് എത്താൻ എന്നെ കൊണ്ട് സാധിക്കും. എനിക്ക് ഇതുവരെ വീട്ടുകാരുടെ ഭാഗത്ത് നിന്നും അത്തരത്തിൽ ഒരു നിയന്ത്രണം ഉണ്ടായിട്ടില്ല. ഞാൻ ഒൻപതാം ക്ലാസ് മുതൽ വർക്ക് ചെയ്യുന്നുണ്ട്. ഇതെല്ലാം നടക്കുന്നത് വീട്ടുകാരുടെ സപ്പോർട്ട് ഉള്ളത് കൊണ്ടാണ്. വീട്ടുകാരുടെ ഭാഗത്ത് നിന്ന് മാത്രമല്ല സുഹൃത്തുക്കളും നല്ല സപ്പോർട്ടാണ്. ഇപ്പോൾ എന്റെ ഫാമിലിയിൽ തന്നെ പല നിയന്ത്രണങ്ങളോട് കൂടി ജീവിക്കുന്നവർ ഉണ്ടെങ്കിൽ പോലും എന്റെ കാര്യം വരുമ്പോൾ അവർ എതിർക്കാറില്ല.
സിനിമാ ജീവിതത്തതിൽ ലഭിച്ചതിൽ വെച്ച് ഏറ്റവും വലിയ അഭിനന്ദനം എന്താണ്? ആരിൽ നിന്നാണ്?
ഉമ്മച്ചി അത്ര പെട്ടെന്നൊന്നും ഒരു കാര്യം നല്ലതാണ് എന്ന് പറയുന്ന ആളല്ല. തീർച്ചയായും ആര് എന്നോട് ചില നല്ല വാക്കുകൾ പറഞ്ഞിട്ടുണ്ടെങ്കിലും അത് ട്യൂഷന് വീടിന് ശേഷമാണ്. എങ്കിലും, ഫെമിനിച്ചി ഫാത്തിമ കഴിഞ്ഞ ശേഷം ഉമ്മച്ചി ‘എന്നോട് നീ ശെരിക്കും കാര്യമായി തന്നെ പറഞ്ഞതാണല്ലേ സിനിമയിൽ അഭിനയിക്കുന്നതിനെ പറ്റി എന്ന്’ പറഞ്ഞിരുന്നു. അതാണ് എനിക്ക് തോന്നുന്നത് എന്റെ ജീവിതത്തിൽ കിട്ടിയതിൽ വെച്ച് ഏറ്റവും വലിയൊരു അഭിനന്ദനം.
മുൻപ് ഒരു അഭിമുഖത്തിൽ സിനിമയുടെ ഓഡിഷന് പോകുന്ന സമയത്ത് ഇൻസ്റ്റാഗ്രാമിൽ എത്ര ഫോളോവേഴ്സ് ഉണ്ടെന്ന് ചോദിക്കാറുണ്ട് എന്ന് പറഞ്ഞിരുന്നു. ഇപ്പോഴും അത്തരം ചോദ്യങ്ങൾ വരുന്നുണ്ടോ?
ഓഡിഷന് പോകുന്ന സമയത്ത് ഇപ്പോഴും ഇൻസ്റ്റയിൽ ഫോളോവേഴ്സ് എത്രയുണ്ടെന്ന് ചോദിക്കാറുണ്ട്. പക്ഷെ എനിക്ക് തോന്നുന്നു, ട്യൂഷന് വീടൊക്കെ കഴിഞ്ഞ ശേഷം എനിക്ക് കുറച്ചൂടെ ഫോളോവേഴ്സിനെ കിട്ടി. ഇപ്പോൾ 90k ഫോളോവേഴ്സ് ഒക്കെയുണ്ട്. അതുകൊണ്ട് അവർ ചോദിക്കുന്നതിന് മുൻപ് തന്നെ ഞാൻ പറയാറുണ്ട് എനിക്കിത്ര ഫോളോവേഴ്സ് ഉണ്ടെന്നുള്ളത്.
എന്താണ് ഭാവി പരിപാടികൾ?
ഫെമിനിച്ചി ഫാത്തിമ തീയറ്റർ റിലീസ് പ്ലാൻ ചെയ്യുന്നുണ്ട്. അതുപോലെ, മന്ദാകിനി ടീമിന്റെ തന്നെ ഒരു പുതിയ സിനിമയുടെ ചർച്ചകൾ നടക്കുന്നുണ്ട്. അല്ലാതെയും ഒഡിഷനുകളിൽ പങ്കെടുക്കുന്നുണ്ട്. പുതിയ പ്രോജക്ടുകൾ എന്ന് പറയാൻ ആയിട്ടില്ലെങ്കിലും, പുതിയ നല്ല സിനിമകൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു.