Fatima Sana Shaikh: ‘എന്ത് ചെയ്യാനും ഒരുക്കമാണല്ലോ അല്ലേ?’; ദക്ഷിണേന്ത്യൻ സിനിമയിലെ കാസ്റ്റിങ് കൗച്ച് തുറന്നുപറഞ്ഞ് ദങ്കൽ നടി
Fatima Sana Shaikh Casting Couch : ദക്ഷിണേന്ത്യൻ സിനിമകയുമായി ബന്ധപ്പെട്ട കാസ്റ്റിങ് കൗച്ച് അനുഭവം തുറന്നുപറഞ്ഞ് നടി ഫാത്തിമ സന ഷെയ്ഖ്. ദക്ഷിണേന്ത്യൻ സിനിമകളിൽ അഭിനയിക്കാൻ പോയപ്പോൾ പലതവണ മോശം അനുഭവമുണ്ടായതായി താരം വെളിപ്പെടുത്തി.

ദക്ഷിണേന്ത്യൻ സിനിമയിൽ അഭിനയിക്കാൻ പോയപ്പോൾ തനിക്ക് കാസ്റ്റിങ് കൗച്ച് അനുഭവമുണ്ടായെന്ന് ബോളിവുഡ് നടി ഫാത്തിമ സന ഷെയ്ഖ്. എന്ത് ചെയ്യാനും ഒരുക്കമാണല്ലോ അല്ലേ എന്ന് പലതവണ തന്നോട് ഒരാൾ ചോദിച്ചു എന്നും അതോടെ സിനിമ ഉപേക്ഷിക്കുകയായിരുന്നു എന്നും അമീർ ഖാൻ്റെ ദങ്കൽ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നടി പറഞ്ഞു. ബോളിവുഡ് ബബിൾ എന്ന യൂട്യൂബ് ചാനലിനോടായിരുന്നു താരത്തിൻ്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.
“ദക്ഷിണേന്ത്യൻ സിനിമയിൽ കാസ്റ്റിങ് നടക്കുകയാണ്. പ്രൊഫൈൽ അയച്ചുനൽകാൻ ആവശ്യപ്പെട്ടതനുസരിച്ച് ഞാൻ അയച്ചുകൊടുത്തു. അയാൾ എന്നോട് ചോദിച്ചു, എന്ത് ചെയ്യാനും ഒരുക്കമാണല്ലോ അല്ലേ എന്ന്. ഞാൻ പറഞ്ഞു, തീർച്ചയായും. ഞാൻ കഠിനാധ്വാനം ചെയ്യും. വേഷം നന്നായി അഭിനയിക്കും. ആ കഥാപാത്രത്തിന് എന്താണോ വേണ്ടത്, അതിൻ്റെ 100 ശതമാനം നൽകും എന്നും ഞാൻ പറഞ്ഞു. പക്ഷേ, ഇക്കാര്യം എന്നോട് അയാൾ പലതവണ ചോദിച്ചു. ഞാൻ മണ്ടത്തരം നടിച്ചു, ഇത് എവിടം വരെ പോകുമെന്ന് എനിക്കറിയണമായിരുന്നു. അയാളുടെ ചോദ്യങ്ങൾ എന്നെ അസ്വസ്ഥപ്പെടുത്തുന്നുണ്ടായിരുന്നു. പക്ഷേ, ഇതെവിടെവരെ പോകുമെന്നറിയേണ്ടതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസിലായതായി ഞാൻ കാണിച്ചില്ല. പിന്നെ ഒരു അവസരത്തിൽ ഞാൻ ആ സിനിമ വിട്ടു.”- ഫാത്തിമ സന ഷെയ്ഖ് പറഞ്ഞു.
“ഞാൻ ആ സമയത്ത് ദക്ഷിണേന്ത്യയിലായിരുന്നു. അവിടെ, ഹൈദരാബാദിൽ ഒരുപാട് ചെറിയ ചെറിയ പ്രൊഡ്യൂസർമാരുണ്ട്. ഞാൻ വിചാരിച്ചത്, ചെറുപ്പമാണല്ലോ. ആ സമയത്ത് ചില ദക്ഷിണേന്ത്യൻ സിനിമകളിൽ അഭിനയിക്കാം. അതുവഴി ചിലപ്പോൾ ബോളിവുഡ് ശ്രദ്ധിച്ച് അവസരം ലഭിച്ചാലോ എന്നായിരുന്നു. അവിടെ വച്ച് ഞങ്ങൾ ഒരു മുറിയിലിരുന്ന് സിനിമയെപ്പറ്റി സംസാരിക്കുകയായിരുന്നു. അവിടെ നിർമാതാക്കൾ വളരെ തുറന്നാണ് സംസാരിക്കുക. എന്നുവച്ചാൽ, എന്താണ് ആവശ്യമെന്ന് പറയില്ല. പക്ഷേ, നമുക്ക് മനസ്സിലാവും. പല കാര്യങ്ങളും ചെയ്യേണ്ടിവരുമെന്ന് അവർ പറഞ്ഞു. പക്ഷേ, എല്ലാവരും അങ്ങനെയല്ല. ചിലർ ഇങ്ങനെയായിരുന്നു.”- അവർ തുറന്നുപറഞ്ഞു.
1992 ജനുവരി 11ന് മുംബൈയിലാണ് ഫാത്തിമ സന ഷെയ്ഖ് ജനിച്ചത്. 1997ൽ ഇഷ്ഖ് എന്ന സിനിമയിലൂടെ ബാലതാരമായി അഭിനയം ആരംഭിച്ച ഫാത്തിമ 2008ൽ സന്തോഷ് ശിവൻ സംവിധാനം ചെയ്ത തഹാൻ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. 2015ൽ നുവ്വു നേനു ഒകടവുഡാം എന്ന തെലുങ്ക് സിനിമയിലൂടെയാണ് താരം ദക്ഷിണേന്ത്യൻ അരങ്ങേറ്റം കുറിച്ചത്. തൊട്ടടുത്ത വർഷം ദങ്കലിലൂടെ ഫാത്തിമയ്ക്ക് കരിയർ ബ്രേക്ക് ലഭിച്ചു. ദങ്കലിൽ ഫാത്തിമ അവതരിപ്പിച്ച ഗീത ഫോഗട്ട് എന്ന കഥാപാത്രം താരത്തിൻ്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷമാണ്. പിന്നീട് തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ, ലുഡോ, അജീബ് ദാസ്താൻസ് തുടങ്ങിയ സിനിമകളിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച ഫാത്തിമ 2023ൽ സാം ബഹാദൂർ എന്ന ചിത്രത്തിൽ ഇന്ദിരാഗാന്ധിയുടെ റോളിലെത്തി. വിക്കി കൗശൽ പ്രധാന കഥാപാത്രമായെത്തിയ സാം ബഹാദൂർ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ്. നിലവിൽ ഫാത്തിമ മൂന്ന് സിനിമകളിലാണ് അഭിനയിക്കുന്നത്. മോഡേൺ ലൗ മുംബൈ അടക്കം വെബ് സീരീസുകളിലും താരം അഭിനയിച്ചിട്ടുണ്ട്.