5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

RS Vimal: ‘എന്നും അഡ്ജസ്റ്റ് ചെയ്താല്‍ സുഖമായി ജീവിക്കാം’; സംവിധായകന്‍ ആര്‍എസ് വിമലിനെതിരെ ലൈംഗികാരോപണവുമായി യുവതി

Hema Committee Report: ജോലി ഉപേക്ഷിച്ച് അവിടെ നിന്ന് ഇറങ്ങിയതിന് പിന്നാലെ വിമല്‍ ഫോണില്‍ വിളിച്ച് ശല്യം ചെയ്തുവെന്നും സഹകരിച്ചാല്‍ വീട്ടുജോലിക്ക് പോകാതെ ജീവിക്കാന്‍ സാധിക്കുമെന്നും നിരന്തരം പറഞ്ഞതായി യുവതി പറയുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് ഇവരുടെ പ്രതികരണം.

RS Vimal: ‘എന്നും അഡ്ജസ്റ്റ് ചെയ്താല്‍ സുഖമായി ജീവിക്കാം’; സംവിധായകന്‍ ആര്‍എസ് വിമലിനെതിരെ ലൈംഗികാരോപണവുമായി യുവതി
Director RS Vimal (Facebook Image)
shiji-mk
Shiji M K | Published: 25 Aug 2024 16:01 PM

കോഴിക്കോട്: സംവിധായകന്‍ ആര്‍ എസ് വിമലിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് യുവതി രംഗത്ത്. ഇയാളുടെ വീട്ടില്‍ ജോലിക്ക് പോയപ്പോള്‍ നേരിടേണ്ടി വന്ന ദുരനുഭവമാണ് യുവതി ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്. ജോലി ഉപേക്ഷിച്ച് അവിടെ നിന്ന് ഇറങ്ങിയതിന് പിന്നാലെ വിമല്‍ ഫോണില്‍ വിളിച്ച് ശല്യം ചെയ്തുവെന്നും സഹകരിച്ചാല്‍ വീട്ടുജോലിക്ക് പോകാതെ ജീവിക്കാന്‍ സാധിക്കുമെന്നും നിരന്തരം പറഞ്ഞതായി യുവതി പറയുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് ഇവരുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എനിക്കും ഉണ്ട് പറയാന്‍ സിനിമയിലെ ചൂഷണം. ചൂഷണം എന്നല്ല ശ്രമം എന്ന് പറയാം. വല്ല വീട്ടിലും പാത്രം കഴുകാന്‍ നടന്ന നിനക്കോ എന്ന് വേണമെങ്കില്‍ ചോദിക്കാം. നിര്‍ഭാഗ്യവാശാല്‍ അതേ എന്ന് തന്നെയാണ് ഉത്തരം.

വര്‍ഷങ്ങള്‍ക്ക് മുന്നേ ആണ് കേട്ടോ. കുറച്ചു ഏറെ വര്‍ഷം മുന്നേ ആണ്. ഞാന്‍ വീട് വിട്ട് ഇറങ്ങി തിരുവനന്തപുരത്തു ഓരോ വീടുകളില്‍ ജോലിക്ക് പോകുന്ന കാലത്താണ് എന്ന് നിന്റെ മൊയ്ദീന്‍ സംവിധായകന്‍ ആര്‍ എസ് വിമലിന്റെ വീട്ടില്‍ ഏജന്‍സി വഴി ജോലിക്ക് എത്തിയത്.

Also Read: Mukesh Me Too Allegation: എന്നെ ടാര്‍ഗറ്റ് ചെയ്യുന്നു, ഇതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന; ആരോപണങ്ങളില്‍ പ്രതികരിച്ച് മുകേഷ്‌

ഒരു ഫ്‌ളാറ്റ് ആയിരുന്നു അത്. അത്ര വലിയ സൗകര്യം ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ അടുക്കളയില്‍ ആയിരുന്നു എന്റെ ഉറക്കം. ആകെ രണ്ടോ മൂനോ ദിവസമേ ഞാന്‍ അവിടെ ഉണ്ടായിരുന്നുള്ളൂ. ആ സമയം ഒക്കെ മാന്യതയുടെ മുഖം മൂടി അണിഞ്ഞിരുന്നു പുള്ളി. ഒരു ദിവസം ഏജന്‍സിയില്‍ നിന്നും ഒരു ഫോണ്‍ കോള്‍ വന്നു. പറഞ്ഞത് ഇങ്ങനെ ആണ് പുള്ളിയുടെ വൈഫ് പറഞ്ഞത്രേ അവിടെ 55 വയസ് കഴിഞ്ഞവരെ മതി ജോലിക്ക് അതുകൊണ്ട് തിരിച്ചു ചെല്ലാന്‍.

ഞാന്‍ ആകെ വിഷമിച്ചു. ഇതെന്താ ഇങ്ങനെ. സത്യം പറഞ്ഞാല്‍ ആ സ്ത്രീ ഒരു സംശയരോഗി ആകും എന്നാണ് ഞാന്‍ കരുതിയത്. അവര്‍ ജോലിക്ക് പോയിരിക്കുക ആയിരുന്നു അപ്പോള്‍. ഞാന്‍ പെട്ടെന്ന് തന്നെ പോകാന്‍ റെഡി ആയി. റെഡി ആയി വരുമ്പോള്‍ ഈ പറഞ്ഞ സംവിധായകന്‍ ഹാളില്‍ ഇരിപ്പുണ്ട്.

ഞാന്‍ പോകുകയാണ് സര്‍ ഏജന്‍സി വിളിച്ചിരുന്നു എന്ന് പറഞ്ഞു. പുള്ളി ഞെട്ടി, അയ്യോ അറിഞ്ഞില്ലാലോ എന്ന്. അത് എനിക്ക് അറിയില്ല എന്നോട് ജോലിക്ക് നില്‍ക്കണ്ട പറഞ്ഞു എന്ന് പറഞ്ഞു ഞാന്‍ ഇറങ്ങാന്‍ തയ്യാറാകുമ്പോള്‍ അയ്യാള്‍ എനിക്ക് 1000 രൂപ തന്നു. ഞാന്‍ അത് വാങ്ങുമ്പോള്‍ പുള്ളി ഒരു വാക്ക് പറഞ്ഞു വൈകിട്ട് ഞാന്‍ വിളിക്കും കേട്ടോ നമുക്ക് ഒന്ന് സംസാരിക്കണം. ജോലി വേറെ ആക്കാട്ടോ എന്ന്.

ആ ശരി എന്ന് പറഞ്ഞു ഞാന്‍ അവിടുന്ന് ഇറങ്ങി. പുറത്തു ഇറങ്ങി നടക്കുമ്പോള്‍ ആ മാഡം വന്നു. ഞാന്‍ ചിരിച്ചു, മാഡം പോകുവാട്ടോ എന്നും പറഞ്ഞു. പുള്ളിക്കാരി അപ്പോള്‍ അടുത്തേക്ക് വന്നു പറഞ്ഞു സോറി കേട്ടോ നിങ്ങള്‍ക്ക് എന്തേലും പ്രശ്‌നം ഉള്ളത് കൊണ്ടല്ല ഇവിടെ നിങ്ങളെ പോലെ ഒരാള്‍ നിന്നാല്‍ ശരി ആകില്ല അതാണ് എന്നും പറഞ്ഞു.

അത് സാരമില്ല പറഞ്ഞു ഞാന്‍ ഓഫീസില്‍ വന്നു. അന്ന് വൈകിട്ട് എനിക്ക് വിമലിന്റെ കോള്‍ വന്നു. നിങ്ങള്‍ വേറെ ജോലിക്ക് ഒന്നും കയറേണ്ട നിങ്ങളെ ഞാന്‍ ചെന്നൈക്ക് കൊണ്ട് പോകാം അവിടെ താമസിക്കാം എന്ന്. സോറി എനിക്ക് താല്പര്യം ഇല്ല പറഞ്ഞു ഞാന്‍ ഒഴിഞ്ഞു മാറി.

പിന്നീട് പലപ്പോഴായി പുള്ളി വിളിച്ചു കുറെ ഓഫറുകള്‍ വെച്ചു.അതിനൊക്കെ ഇടയില്‍ പറയുന്നുണ്ടായിരുന്നു നിങ്ങള്‍ വിചാരിച്ചാല്‍ ഇനി അടുക്കളപണി ഒന്നും ചെയ്യേണ്ടി വരില്ല എന്ന്. സാറെ എനിക്ക് എന്നെ കുറിച്ച് നല്ല ധാരണയുണ്ട് എന്നും അഭിനയമോ പാട്ടോ ഡാന്‍സോ ഒന്നും വഴങ്ങാത്ത ആളാണ് ഞാന്‍ അതുകൊണ്ട് സിനിമ ഒന്നും സ്വപ്നം കാണുന്ന ആളല്ല ഞാനെന്നും പുള്ളിയോട് പറഞ്ഞു.

ഒന്ന് മനസ് വെച്ചാല്‍ നടക്കാവുന്ന കാര്യമേ ഉള്ളൂ എന്നും അഡ്ജസ്റ്റ് ചെയ്താല്‍ സുഖമായി ജീവിക്കാം എന്നും പുള്ളി പറഞ്ഞു. അതൊരു ചതി കുഴി ആണെന്ന് ഉറപ്പ് ഉള്ളത് കൊണ്ട് തന്നെ ആ സംസാരം ഞാന്‍ പിന്നീട് മുന്നോട്ട് കൊണ്ട് പോയില്ല.

എന്തുകൊണ്ട് ഇപ്പോള്‍ ഇങ്ങനെ ഒരു പോസ്റ്റ് എന്ന് ചോദിക്കാം. സിനിമ എന്ന മാന്ത്രിക ലോകം കാട്ടി ചതിയില്‍ കൊണ്ട് ഇടുന്നത് സിനിമ ഉപജീവനം ആക്കുന്നവരെ മാത്രം അല്ല എന്ന് പറയാന്‍ ആണ്. ഇവരുടെ ഒക്കെ വീടുകളില്‍ ജോലിക്ക് നിന്നിരുന്ന സ്ത്രീകളെ ഒക്കെ ഒന്ന് തിരക്കി ഇറങ്ങിയാല്‍ പറയാന്‍ അവര്‍ക്കും ഉണ്ടാകും ഒരുപാട് കാര്യങ്ങള്‍.

Also Read: AMMA general secretary : സിദ്ധിഖിന് പകരം ബാബുരാജിന് ചുമതല; എക്‌സിക്യൂട്ടീവ് യോഗം വിളിച്ച് അമ്മ

അതേസമയം, തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ പ്രതികരിച്ച് നടനും എംഎല്‍എയുമായ മുകേഷ്. ആരോപണം ഉന്നയിച്ച യുവതിയെ ഇതുവരെ കണ്ടിട്ടില്ലെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും മുകേഷ് പറഞ്ഞു. ആരോപണങ്ങള്‍ക്ക് പിന്നില്‍ ഭരണപക്ഷമല്ല. തന്നെ ടാര്‍ഗറ്റ് ചെയ്യുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സിപിഎമ്മിന്റെ എംഎല്‍എ ആണെങ്കില്‍ കയറി ഇറങ്ങാം. സിപിഎം എംഎല്‍എ അല്ലെങ്കില്‍ തിരിഞ്ഞുനോക്കില്ല. അവര്‍ അന്ന് പലതവണ ഫോണ്‍വിളിച്ചുവെന്നും താന്‍ എടുത്തില്ലെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.

കാസ്റ്റിങ് സംവിധായികയാണ് മുകേഷിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. അധികാരമുള്ളവര്‍ക്ക് വേണ്ടിയാണ് നിയമം ഉള്ളതെന്നും സ്ഥിതി മെച്ചപ്പെടുമെന്ന് കരുതാനാകുമോ എന്നും അവര്‍ ചോദിച്ചു. ഇന്‍സ്റ്റഗ്രാമിലിട്ട സ്റ്റോറിയിലൂടെയാണ് അവരുടെ പ്രതികരണം.