Empuraan Release Today: ‘എമ്പുരാനെ’ വരവേൽക്കാൻ ആരാധകർ; കൊച്ചിയിലെ ആദ്യ ഷോയ്ക്ക് മോഹൻലാലും
Emupuraan Movie Releases Today on March 27th: മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായ 'എമ്പുരാൻ' അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം നേടിയത് 50 കൊടിയിലേറെയാണ്. ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റായ ബുക്ക് മൈ ഷോയിൽ നിന്ന് മാത്രം 10 ലക്ഷത്തിൽ അധികം ടിക്കറ്റുകൾ വിട്ടുപോയതായാണ് വിവരം.

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ‘എമ്പുരാൻ’ ഒടുവിൽ തീയറ്ററുകളിലേക്ക്. ചിത്രം ഇന്ന് (മാർച്ച് 27) ലോകവ്യാപകമായി പ്രദർശനം ആരംഭിക്കും. ആറ് മണിക്കാണ് ആദ്യ ഷോ തുടങ്ങുന്നത്. കേരളത്തിൽ മാത്രം ചിത്രം 746 സ്‌ക്രീനുകളിലാണ് എത്തുന്നത്. കൊച്ചിയിലെ ആദ്യ ഷോ കാണാൻ ആരാധകർക്കൊപ്പം നടൻ മോഹൻലാലും എത്തും. ചിത്രം റീലീസിന് എത്തുന്ന ആദ്യദിനം തന്നെ വൻ ടിക്കറ്റ് വില്പന ആണ് നടന്നത്. നിരവധി തീയറ്ററുകളിലും അധിക പ്രദർശനവും നടത്തുന്നുണ്ട്. തീയറ്ററുകളിൽ തിക്കും തിരക്കും മൂലമുള്ള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടി പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായ ‘എമ്പുരാൻ’ അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം നേടിയത് 50 കൊടിയിലേറെയാണ്. ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റായ ബുക്ക് മൈ ഷോയിൽ നിന്ന് മാത്രം 10 ലക്ഷത്തിൽ അധികം ടിക്കറ്റുകളാണ് റീലീസിന് മുന്നേ വിറ്റുപോയത്. അഡ്വാൻസ് ബുക്കിങ്ങിലൂടെ തന്നെ ചിത്രം പല വമ്പൻ സിനിമകളുടെയും ഓപ്പണിങ് റെക്കോർഡുകൾ ഇതിനകം തകർത്ത് കഴിഞ്ഞു. ഒരു മലയാളം ചിത്രം ആഗോളതലത്തിൽ ഇത്രയേറെ പ്രതീക്ഷയർപ്പിക്കപ്പെടുന്ന ചിത്രമായി മാറുന്നത് ഇതാദ്യമായാണ്. മലയാള സിനിമ ചരിത്രത്തിലെ ആദ്യ ഐമാക്സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണ് എമ്പുരാൻ.
മോഹൻലാൽ നായകനായി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിൻ്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ശ്രീ ഗോകുലം മൂവീസും കർണാടകയിലെ ഡിസ്ട്രിബ്യൂഷൻ ഹോംബാലേ ഫിലിംസുമാണ് നിർവഹിക്കുന്നത്.
ALSO READ: എംമ്പുരാൻ ആവേശത്തിൽ അമേരിക്കയും; മുന്നൂറോളം സ്ക്രീനുകളിൽ പ്രദർശനം, മിക്ക സ്ഥലത്തും ഹൗസ്ഫുൾ
മോഹൻലാൽ, പൃഥ്വിരാജ് എന്നിവർക്ക് പുറമെ മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു, സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിലെ സംഗീതം ഒരുക്കിയത് ദീപക് ദേവാണ്. സുജിത് വാസുദേവ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് അഖിലേഷ് മോഹനുമാണ്.