L2: Empuraan: ലൂസിഫറുമായി എമ്പുരാനെ താരതമ്യം ചെയ്യാനാകില്ല, തികച്ചും വ്യത്യസ്തം: മോഹന്‍ലാല്‍
Mohanlal About Empuraan: എന്താണ് ചിത്രം മുന്നോട്ടുവെക്കുന്ന ആശയമെന്നോ ആരെല്ലാമാണ് ചിത്രത്തില്‍ അണിനിരക്കുന്നതെന്നോ വ്യക്തമല്ല. എമ്പുരാന്റെ ഭാഗമാകുന്ന അഭിനേതാക്കളെയും സാങ്കേതിക പ്രവര്‍ത്തകരെയും കുറിച്ചുള്ള ചില സൂചനകള്‍ പുറത്തുവന്നതൊഴിച്ചാല്‍ എമ്പുരാന്‍ സസ്‌പെന്‍സായി തന്നെ തുടരുകയാണ്.
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജ് സംവിധായകനായി എത്തുന്നുവെന്നതും പ്രതീക്ഷകള്‍ ഇരട്ടിയാക്കുന്നുണ്ട്. 2019ല്‍ റിലീസായ ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. മാര്‍ച്ച് 27നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
എന്നാല്‍ എന്താണ് ചിത്രം മുന്നോട്ടുവെക്കുന്ന ആശയമെന്നോ ആരെല്ലാമാണ് ചിത്രത്തില്‍ അണിനിരക്കുന്നതെന്നോ വ്യക്തമല്ല. എമ്പുരാന്റെ ഭാഗമാകുന്ന അഭിനേതാക്കളെയും സാങ്കേതിക പ്രവര്‍ത്തകരെയും കുറിച്ചുള്ള ചില സൂചനകള്‍ പുറത്തുവന്നതൊഴിച്ചാല്‍ എമ്പുരാന്‍ സസ്‌പെന്‍സായി തന്നെ തുടരുകയാണ്.
എന്നാല്‍ എമ്പുരാനെ കുറിച്ച് മോഹന്‍ലാല്‍ പറയുന്ന കാര്യങ്ങളാണ് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം സിനിമയെ കുറിച്ച് സംസാരിക്കുന്നത്.
”ആക്ഷന്‍, ഡ്രാമ തുടങ്ങി ഒരു കൊമേഴ്‌സ്യല്‍ ചിത്രത്തില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന എല്ലാ ഘടകങ്ങളും ഒത്തുചേര്‍ന്നതാണ് എമ്പുരാന്‍. എന്നാല്‍ പ്രധാനകാര്യം ലൂസിഫറുമായി എമ്പുരാനെ താരതമ്യം ചെയ്യാന്‍ സാധിക്കില്ല എന്നതാണ്. ആദ്യ ഭാഗത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായാണ് രണ്ടാം ഭാഗം എടുത്തിരിക്കുന്നത്. അക്കാര്യം ഞങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്”, മോഹന്‍ലാല്‍ പറഞ്ഞു.
ചിത്രത്തെ കുറിച്ച് മാത്രമല്ല സംവിധായകനായ പൃഥ്വിരാജിനെ കുറിച്ചും അഭിമുഖത്തില്‍ മോഹന്‍ലാല്‍ സംസാരിക്കുന്നുണ്ട്. പൃഥ്വിരാജ് ഒരു ഗംഭീര സംവിധായകന്‍ തന്നെയാണ്. ഇന്ത്യയിലെ തന്നെ മികച്ച സംവിധായകരില്‍ ഒരാളെന്ന് പറയാം, അദ്ദേഹത്തിന്റെ കാഴ്ചപ്പാടും അര്‍പ്പണബോധവും തന്നെയാണ് അതിന് കാരണം. ലെന്‍സിങ്, അഭിനേതാക്കളെ കൈകാര്യം ചെയ്യല്‍, തനിക്ക് വേണ്ടത് ലഭ്യമാക്കല്‍ തുടങ്ങി എല്ലാത്തിലും വലിയ കഴിവുണ്ട് അദ്ദേഹത്തിന്. ഒരുമിച്ച് പ്രവര്‍ത്തിച്ച മൂന്ന് ചിത്രങ്ങളെ സംബന്ധിച്ച് ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ പൃഥ്വിരാജ് ഒരുപാട് മെച്ചപ്പെട്ടൂവെന്നാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്.
Also Read: L2 Empuraan : ആരാധകരെ ശാന്തരാകുവിൻ; അബ്രഹാം ഖുറേഷി വരുന്നു; ‘എമ്പുരാൻ’ റിലീസ് തീയതിയെത്തി
അതേസമയം, ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കിട്ടുകൊണ്ടായിരുന്നു റിലീസ് തീയതി സംവിധായകന്‍ ആരാധകരുമായി പങ്കുവെച്ചത്. പോസ്റ്ററില്‍ വെള്ള ഷര്‍ട്ട് ധരിച്ച് പുറംതിരിഞ്ഞ് നില്‍ക്കുന്ന ഒരാളെ കാണാനാകും. അദ്ദേഹം ധരിച്ചിരിക്കുന്ന ഷര്‍ട്ടിന് പുറകിലായി ചുവന്ന ഡ്രാഗണും ചുറ്റിലും തീയും ദൃശ്യമാണ്. എന്നാല്‍ ഇതാരാണെന്ന കാര്യം വ്യക്തമല്ല.
പോസ്റ്റര്‍ പുറത്തെത്തിയതോടെ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ചെറുപ്പകാലമാണോ അതെന്നും അല്ലെങ്കില്‍ എമ്പുരാനിലെ വില്ലനാണോ എന്നെല്ലാമാണ് ആരാധകര്‍ ചോദിക്കുന്നത്. ചിത്രത്തിലുള്ള ഫഹദ് ആണെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നിര്‍മാണ കമ്പനികളിലൊന്നായ ലൈക പ്രൊഡക്ഷന്‍സും ആന്റണി പെരുമ്പാവൂരും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്. ലൂസിഫറിലുണ്ടായിരുന്ന താരങ്ങള്‍ ഈ ചിത്രത്തിലുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സാനിയ ഇയ്യപ്പന്‍, സായ് കുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ബൈജു എന്നിവര്‍ക്ക് പുറമെ സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍, അര്‍ജുന്‍ ദാസ് തുടങ്ങിവയവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.