Empuraan Theatre Share: മലയാളത്തില്‍ ഇതാദ്യം! എമ്പുരാന്റെ തീയേറ്റർ ഷെയർ 100 കോടി കടന്നു; സന്തോഷം പങ്കുവെച്ച് മോഹൻലാൽ
Empuraan Movie Worldwide Theatre Share Crossed 100 Crore: മലയാള സിനിമ ചരിത്രത്തിലെ ആദ്യ സംഭവം എന്നാണ് മോഹൻലാൽ ഇതിനെ വിശേഷിപ്പിച്ചത്. സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം ആരാധകരെ അറിയിച്ചത്.

റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് മോഹൻലാൽ ചിത്രം ‘എമ്പുരാൻ’. മാർച്ച് 27ന് തീയറ്ററുകളിൽ എത്തിയ ചിത്രം 100, 200 കോടി ക്ലബ്ബുകളൊക്കെ അനായാസം ഓടിക്കയറി. ഇപ്പോഴിതാ, ചിത്രത്തിന്റെ ആഗോള തീയേറ്റർ ഷെയർ 100 കോടി കടന്നിരിക്കുകയാണ്. ഒരു മലയാള ചിത്രം ഈ നേട്ടം കൈവരിക്കുന്നത് ഇതാദ്യമായാണ്. മോഹൻലാൽ തന്നെയാണ് ഈ സന്തോഷം സമൂഹ മാധ്യമങ്ങൾ വഴി ആരാധകരുമായി പങ്കുവെച്ചത്.
റിലീസ് ചെയ്ത് ഒരു ആഴ്ച പിന്നിട്ടപ്പോഴാണ് എമ്പുരാൻ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. മലയാള സിനിമ ചരിത്രത്തിലെ ആദ്യ സംഭവം എന്നാണ് മോഹൻലാൽ ഇതിനെ വിശേഷിപ്പിച്ചത്. സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം ആരാധകരെ അറിയിച്ചത്. നേരത്തെ അഞ്ച് ദിവസം കൊണ്ട് ചിത്രം 200 കോടി ആഗോള കളക്ഷൻ നേടിയിരുന്നു. അതിന് പിന്നാലെയാണ് ഈ പുതിയ നേട്ടം.
സിനിമ സമരം പ്രഖ്യാപിച്ച സമയത്ത് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹിയും നിർമ്മാതാവുമായ സുരേഷ് കുമാർ ഒരു മലയാള സിനിമയ്ക്കും ഇതുവരെ 100 കോടി ഷെയർ വന്നിട്ടില്ലെന്ന് പറഞ്ഞിരുന്നു. ഇതിൻറെ വീഡിയോയ്‌ക്കൊപ്പമാണ് മോഹൻലാൽ ആരാധകർ സമൂഹ മാധ്യമങ്ങളിൽ എമ്പുരാൻറെ നേട്ടം ആഘോഷമാക്കുന്നത്. എന്നാൽ, തെന്നിന്ത്യൻ സിനിമയിൽ 100 കോടി ഷെയർ നേട്ടത്തിലേക്ക് അവസാനമെത്തുന്നത് മലയാള സിനിമയാണ്. 2010ൽ ‘എന്തിരൻ’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയാണ് 100 കോടി ഷെയർ നേട്ടം ആദ്യമായി കൈവരിച്ചത്. പിന്നാലെ ബാഹുബലിയിലൂടെ തെലുങ്ക് സിനിമയും കെജിഎഫിലൂടെ കന്നഡ സിനിമയും ഈ നേട്ടം കൈവരിച്ചു.
മോഹൻലാൽ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ്:
അതേസമയം, എമ്പുരാനിലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട രംഗങ്ങളും, സ്ത്രീകൾക്കെതിരായ അതിക്രമ രംഗങ്ങളുമെല്ലാം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേ തുടർന്ന് രണ്ട് ദിവസം മുമ്പ് ചിത്രത്തിലെ രണ്ട് മിനിറ്റും എട്ട് സെക്കൻഡും വരുന്ന രംഗങ്ങൾ നീക്കം ചെയ്ത് പുതിയ പതിപ്പ് തീയേറ്ററുകളിൽ എത്തി. വില്ലന്റെ പേരുൾപ്പടെ നീക്കം ചെയ്ത രംഗങ്ങളിൽ ഉൾപ്പെടുന്നു.
പൃഥ്വിരാജിന്റെ സംവിധാനം ചെയ്ത് മുരളി ഗോപി തിരക്കഥയും സംഭാഷണവും രചിച്ച എമ്പുരാൻ നിർമിച്ചിരിക്കുന്നത് ആശിർവാദ് സിനിമാസ്, ലൈക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്ക്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്. ചിത്രത്തിൽ മോഹൻലാലിനും പൃഥ്വിരാജിനും പുറമെ മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു, സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, മിഹയേല് നോവിക്കോവ്, ബെഹ്‌സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വൻ താരനിരയാണ് അണിനിന്നത്. ഛായാഗ്രഹണം സുജിത് വാസുദേവും, എഡിറ്റിംഗ് അഖിലേഖ് മോഹനുമാണ്. എഡിറ്റിങ്. ദീപക് ദേവാണ് സംഗീത സംവിധാനം.