Empuraan Trailer: കാത്തിരിപ്പിന് വിരാമം! എമ്പുരാൻ ട്രെയിലർ നാളെയെത്തും, സമയത്തിനും പ്രത്യേകത
Empuraan Movie Trailer Release Date: തെന്നിന്ത്യൻ സിനിമ പ്രേമികളും ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന പൃഥ്വിരാജ് - മോഹൻലാൽ ചിത്രം 'എമ്പുരാൻ' മാർച്ച് 27ന് ആഗോള റിലീസായി തീയറ്ററിൽ പ്രദർശനമാരംഭിക്കും.

'എമ്പുരാൻ' പോസ്റ്റർ
സിനിമ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘എമ്പുരാൻ’ ട്രെയിലർ ഒടുവിലിതാ എത്തുന്നു. ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെ മാർച്ച് 20ന് ഉച്ചയ്ക്ക് 1.08ന് ട്രെയിലർ പുറത്തിറങ്ങും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ട്രെയിലറുകൾ ഒരേസമയം റിലീസ് ചെയ്യാൻ ആണ് നിശ്ചയിച്ചിരിക്കുന്നത്. ട്രെയിലർ റിലീസ് ചെയ്യുന്ന സമയവുമായി ബന്ധപ്പെട്ട ചർച്ചകൾ ഇതിനകം സമൂഹ മാധ്യമങ്ങളിൽ സജീമായി കഴിഞ്ഞു.
പൃഥ്വിരാജ് ട്രെയിലർ റിലീസ് വാർത്ത പങ്കുവെച്ചതും ഉച്ചയ്ക്ക് 1.08നാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഇതേ ചുറ്റുപറ്റിയുള്ള ചർച്ചകൾ സജീവമായതോടെ ഈ സമയം ചെകുത്താന്റെ നമ്പറിനെയാണ് സൂചിപ്പിക്കുന്നതെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ ഈ സമയം വചനവുമായി ബന്ധപ്പെട്ടതാണെന്ന് മറ്റു ചിലർ പറയുന്നു. അതേസമയം 2019ൽ ചിത്രത്തിന്റെ ഒന്നാം ഭാഗമായ ‘ലൂസിഫർ’ റിലീസ് ചെയ്തതും മാർച്ച് 20നായിരുന്നു. തെന്നിന്ത്യൻ സിനിമ പ്രേമികളും ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന പൃഥ്വിരാജ് – മോഹൻലാൽ ചിത്രം ‘എമ്പുരാൻ’ മാർച്ച് 27ന് ആഗോള റിലീസായി തീയറ്ററിൽ പ്രദർശനമാരംഭിക്കും.
പൃഥ്വിരാജ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ്:
മലയാള സിനിമ കണ്ടതിൽ വെച്ചുതന്നെ ഏറ്റവും ബ്രഹ്മാണ്ഡ റിലീസിനാണ് എമ്പുരാനിലൂടെ മലയാളി സിനിമ പ്രേക്ഷകർ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ആശിർവാദ് സിനിമാസ്, ലൈക പ്രൊഡക്ഷൻ, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്ക്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമ കൂടിയാണ് എമ്പുരാൻ. അഞ്ച് ഭാഷകളിലാണ് ചിത്രം തീയറ്ററിൽ എത്തുന്നത്.
സിനിമ കർണാടകയിൽ വിതരണത്തിനെത്തിക്കുന്നത് ഹോംബാലെ ഫിലിംസും നോർത്ത് ഇന്ത്യയിൽ വിതരണത്തിനെത്തിക്കുന്നത് അനിൽ തദാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസും ആണ്. ആന്ധ്ര, തെലങ്കാനയിൽ ദിൽരാജുവും എസ്.വി.സി റിലീസും ചേർന്ന് വിതരണം നിർവഹിക്കും. ചിത്രത്തിന്റെ ഓവർസീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഫാരിസ് ഫിലിംസ്, സൈബപ് സിസ്റ്റംസ് ഓസ്‌ട്രേലിയ എന്നിവരാണ്. അമേരിക്കയിൽ ചിത്രം വിതരണം ചെയ്യുന്നത് പ്രൈം വീഡിയോയും ആശിർവാദ് ഹോളിവുഡും ചേർന്നാണ്. യുകെയിലും യൂറോപ്പിലും ആർഎഫ്ടി എന്റെർറ്റൈന്മെന്റും വിതരണം നിർവഹിക്കും.