5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Empuraan Movie Controversy : ‘ആത്മാർത്ഥമായ ഖേദമുണ്ട്; മോഹന്‍ലാലിന്‍റെ എഫ്ബി പോസ്റ്റ് പങ്കുവച്ച് പൃഥ്വിരാജ്

Empuraan Movie Controversy: വിവാദങ്ങളെ തുടർന്ന് ചിത്രത്തിന്റെ 17 ഭാഗങ്ങള്‍ നീക്കം ചെയ്യുന്നതായി കഴിഞ്ഞ ദിവസം അധികൃതർ അറിയിച്ചിരുന്നു. 17 ഭാഗങ്ങള്‍ വെട്ടിമാറ്റിയ ശേഷം ചിത്രത്തിന്റെ റി എഡിറ്റഡ് ചെയ്ത പതിപ്പ് വീണ്ടും സെൻസർ ബോർഡ് കാണും. പുതിയ പതിപ്പ് വ്യാഴാഴ്ച മുതൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുമെന്നാണ് വിവരം.

Empuraan Movie Controversy : ‘ആത്മാർത്ഥമായ ഖേദമുണ്ട്; മോഹന്‍ലാലിന്‍റെ എഫ്ബി പോസ്റ്റ് പങ്കുവച്ച് പൃഥ്വിരാജ്
എമ്പുരാൻ സിനിമ, പൃഥ്വിരാജ്
nithya
Nithya Vinu | Published: 30 Mar 2025 14:28 PM

പൃഥ്വിരാജ് മോഹൻലാൽ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ മലയാളത്തിന്റെ എക്കാലത്തെയും ബ്രഹ്മാണ്ഡ ചിത്രമാണ് എമ്പുരാൻ. റിലീസിന് മുമ്പ് അഡ്വാൻസ് ബുക്കിങ്ങിലൂടെ തന്നെ റെക്കോർഡുകൾ തകർത്ത ചിത്രം രണ്ട് ദിവസത്തിനുള്ളിൽ തന്നെ 100 കോടി ക്ലബിൽ എത്തിയതായി അണിയറ പ്രവർത്തകർ അറിയിച്ചു.

അതേ സമയം എമ്പുരാൻ സിനിമയുടെ ഉള്ളടക്കത്തെച്ചൊല്ലി വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. ഗുജറാത്ത് കലാപ രംഗങ്ങൾ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമ രംഗങ്ങൾ , കേന്ദ്ര സർക്കാരിന് എതിരായവരെ ദേശീയ ഏജൻസി കേസിൽ കുടുക്കുക തുടങ്ങി നിരവധി വിവാദ രം​ഗങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരെയാണ് വിമർശനം ഉയർന്നത്. സിനിമ കള്ളങ്ങൾ പ്രചരിപ്പിക്കുകയും കേന്ദ്ര സർക്കാരിനെ അപമാനിക്കുകയും ചെയ്തുവെന്നാണ് ആരോപണം. അതേ സമയം സിനിമയെ പിന്തുണച്ചും രാഷ്ട്രീയ സാമൂഹിക മേഖലകളിലെ നിരവധി പേർ രം​ഗത്തെത്തി.

അതിനിടെ എമ്പുരാൻ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ രം​ഗത്തെത്തിയിരുന്നു. ഫെയ്സ്ബുക്കിലൂടെയായിരുന്നു പ്രതികരണം. ഇപ്പോഴിതാ മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജ്. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് ത്നറെ കടമയാണെന്നും അതുകൊണ്ടു തന്നെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ ഖേദമുണ്ടെന്നുമായിരുന്നു മോഹൻലാൽ കുറിച്ചത്. ഈ പോസ്റ്റാണ് പൃഥ്വിരാജ് ഷെയർ ചെയ്തത്.

ALSO READ: വമ്പൻമാരുടെ കളിയൊന്നും ഇവിടെ വേണ്ട! എമ്പുരാൻ വിദേശത്ത് നിന്ന് മാത്രം നേടിയത് ഞെട്ടിക്കുന്ന കണക്കുകൾ

മോഹൻലാലിന്റെ ഫെയ്സ് ബുക്ക് കുറിപ്പിന്റെ പൂർണരൂപം

‘ലൂസിഫർ’ ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്. അതുകൊണ്ടു തന്നെ എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്, ഒപ്പം അതിൻ്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ
അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു.
കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാൻ എൻ്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എൻ്റെ ശക്തി. അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു…
സ്നേഹപൂർവ്വം മോഹൻലാൽ

വിവാദങ്ങളെ തുടർന്ന് ചിത്രത്തിന്റെ 17 ഭാഗങ്ങള്‍ നീക്കം ചെയ്യുന്നതായി കഴിഞ്ഞ ദിവസം അധികൃതർ അറിയിച്ചിരുന്നു. 17 ഭാഗങ്ങള്‍ വെട്ടിമാറ്റിയ ശേഷം ചിത്രത്തിന്റെ റി എഡിറ്റഡ് ചെയ്ത പതിപ്പ് വീണ്ടും സെൻസർ ബോർഡ് കാണും. പുതിയ പതിപ്പ് വ്യാഴാഴ്ച മുതൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുമെന്നാണ് വിവരം.