Empuraan: ഖുറേഷി അബ്രാമിന്റെ ജാക്കറ്റിന്റെയും സണ്‍ഗ്ലാസിന്റെയും വില എത്രയെന്ന് അറിയാമോ? ഇതിനായി പൊടിപൊടിച്ചത് ലക്ഷങ്ങൾ
Empuraan Khureshi Abraams Sunglasses and Jacket Prices: വെള്ള മുണ്ടും ഷർട്ടും ധരിച്ച് സിമ്പിൾ ലുക്കിൽ എത്തിയ സ്റ്റീഫൻ നെടുമ്പള്ളിയിൽ നിന്ന് മോഹൻലാൽ ഖുറേഷി അബ്രാമായി മാറുമ്പോൾ ലുക്കിൽ ഉണ്ടായിരിക്കുന്ന മാറ്റം ചെറുതല്ല.

കേരളത്തിൽ മാത്രമല്ല ഇന്ത്യയിലുടനീളമിപ്പോൾ എമ്പുരാൻ ആണ് ചർച്ചാവിഷയം. ചിത്രത്തിന്റെ ഓരോ ചെറിയ അപ്‌ഡേറ്റുകളുമുൾപ്പടെ പ്രേക്ഷകർ ഏറ്റെടുക്കുകയാണ്. റിലീസിന് ഇനി ഏതാനും നാളുകൾ മാത്രം ബാക്കി നിലക്കെ അഡ്വാൻസ് ബുക്കിങ്ങിൽ ചരിത്ര നേട്ടം സ്വന്തമാക്കി മുന്നേറുകയാണ് ചിത്രം. അതേസമയം, ചിത്രത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട കാര്യങ്ങളിലൊന്ന് മോഹൻലാലിൻറെ ലുക്കാണ്. ചിത്രത്തിൽ ഖുറേഷി അബ്രാമായി എത്തുന്ന നടന്റെ സ്റ്റൈലിഷ് ലുക്ക് വൈറലാണ്.
വെള്ള മുണ്ടും ഷർട്ടും ധരിച്ച് സിമ്പിൾ ലുക്കിൽ എത്തിയ സ്റ്റീഫൻ നെടുമ്പള്ളിയിൽ നിന്ന് മോഹൻലാൽ ഖുറേഷി അബ്രാമായി മാറുമ്പോൾ ലുക്കിൽ ഉണ്ടായിരിക്കുന്ന മാറ്റം ചെറുതല്ല. ഇപ്പോഴിതാ, ഖുറേഷി അബ്രാം ധരിച്ച ജാക്കറ്റിന്റെയും കണ്ണടയുടെയും വില വെളിപ്പെടുത്തിയിരിക്കുകയാണ് എമ്പുരാന്റെ കോസ്റ്റ്യൂം ഡയറക്ടറായ സുജിത് സുധാകരൻ. ഇതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്.
എമ്പുരാനിൽ ഖുറേഷി എബ്രഹാം ഉപയോഗിക്കുന്ന ജാക്കറ്റിന് രണ്ട് ലക്ഷം രൂപയ്ക്കടുത്ത് വിലയുണ്ടെന്ന് പറയുകാണ് സുജിത് സുധാകരൻ. ഷൂട്ടിങ് വേണ്ടി ഒരു ജാക്കറ്റ് മാത്രമല്ല ഉപയോഗിച്ചതെന്നും, ഒരേ പാറ്റേണിൽ ഉള്ള ഏഴോളം ജാക്കറ്റുകൾ ഉണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു. ജാക്കറ്റുകൾക്ക് മാത്രം ഏകദേശം 14 ലക്ഷം രൂപയോളം വില വരും എന്നും സുജിത് സുധാകരൻ കൂട്ടിച്ചേർത്തു.
അതുപോലെ, തന്നെ ഖുറേഷി അബ്രാം അണിയുന്ന സൺ ഗ്ലാസും വിലയിൽ ഒട്ടും പിന്നിലല്ല. ഡീറ്റ മാക് എയ്റ്റ് (DITA Mach- eight) എന്ന ബ്രാൻഡിന്റെ സൺ ഗ്ലാസാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ജപ്പാൻ, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ മാത്രമാണ് ഈ ഇന്റർനാഷണൽ ബ്രാൻഡിന്റെ പ്രൊഡക്ഷൻ ഉള്ളത്. ചിത്രത്തിൽ ഖുറേഷി ഉപയോഗിച്ചിരിക്കുന്ന സൺ ഗ്ലാസ് മോഡൽ എത്തിച്ചിരിക്കുന്നത് ജപ്പാനിൽ നിന്നുമാണ്. ഇതിന് 1,85,000 രൂപയാണ് വില വരുന്നതെന്നും സുജിത് സുധാകരൻ വ്യക്തമാക്കി.
അതേസമയം, എമ്പുരാൻ മാർച്ച് 27ന് തീയറ്ററുകളിൽ എത്തും. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. മോഹൻലാലിനും പൃഥ്വിരാജിനും പുറമെ മഞ്ജു വാര്യർ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, സായ് കുമാർ, സുരാജ് വെഞ്ഞാറമൂട്, സാനിയ അയ്യപ്പൻ, ശിവദ, അനീഷ് മേനോൻ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമാസ്, ലൈക പ്രൊഡക്ഷൻ, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്ക്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്. സുജിത് വാസുദേവ് ഛായാഗ്രഹണവും അഖിലേഷ് മോഹൻ എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു. ദീപക് ദേവാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.