Empuraan: ‘ജതിൻ രാംദാസിന് ജന്മദിനാശംസകൾ’; എമ്പുരാനിൽ ടൊവിനോ തോമസിൻ്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു
Empuraan Tovino Thomas Character Poster: പൃഥ്വിരാജിൻ്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ എമ്പുരാനിലെ പുതിയ ക്യാരക്ടർ പോസ്റ്റ് പുറത്തുവിട്ടു. എമ്പുരാനിൽ ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ജതിൻ രാംദാസിൻ്റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തുവിട്ടത്.
പൃഥ്വിരാജിൻ്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തുന്ന എമ്പുരാൻ സിനിമയിൽ ടൊവിനോ തോമസിൻ്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. ടോവിനോയുടെ ജന്മദിനമായ ഇന്ന് ജതിൻ രാംദാസിന് ജന്മദിനാശംസകൾ എന്ന കുറിപ്പോടെയാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. പൃഥ്വിരാജും മോഹൻലാലും അടക്കമുള്ളവർ തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ പോസ്റ്റർ പുറത്തുവിട്ടു.
2019ൽ പുറത്തിറങ്ങിയ ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗമായാണ് എമ്പുരാൻ പുറത്തിറങ്ങുക. മുരളി ഗോപിയാണ് സിനിമയുടെ തിരക്കഥ. ആൻ്റണി പെരുമ്പാവൂരും സുഭാസ്കരൻ അലിരാജയും ചേർന്ന് ആശിർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നീ ബാനറുകളിലാണ് സിനിമ നിർമ്മിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസിൻ്റെ ആദ്യ മലയാള സിനിമയാണ് എമ്പുരാൻ. സുജിത് വാസുദേവ് ക്യാമറയും ദീപക് ദേവ് സംഗീതവും കൈകാര്യം ചെയ്തിരിക്കുന്നു. ഈ വർഷം മാർച്ച് ഏഴിന് സിനിമ തീയറ്ററുകളിലെത്തുമെന്നാണ് വിവരം.
മോഹൻലാലിലും ടൊവിനോ തോമസിനുമൊപ്പം ഇന്ദ്രജിത്ത് സുകുമാരൻ, പൃഥ്വിരാജ് സുകുമാരൻ, മഞ്ജു വാര്യർ, സാനിയ ഇയ്യപ്പൻ, സായ്‌കുമാർ, ബൈജു സന്തോഷ് തുടങ്ങി ഒരു നീണ്ട നിര തന്നെ സിനിമയിലുണ്ട്. സിനിമയിൽ രാഷ്ട്രീയക്കാരനാണ് ടൊവിനോ. ടൊവിനോയുടെ കഥാപാത്രത്തിൻ്റെ പേരാണ് ജതിൻ രാംദാസ്.
2020 മധ്യത്തോടെ സിനിമയുടെ പ്രവർത്തനങ്ങൾ ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ, കൊവിഡ് ലോക്ക്ഡൗൺ ഈ പദ്ധതികളെ മാറ്റിമറിച്ചു. ഈ സമയത്ത് മുരളി ഗോപി എമ്പുരാൻ്റെ എഴുത്ത് കുറേക്കൂടി മെച്ചപ്പെടുത്തി. ക്യാൻവാസ് വലിതായി. 2022 ജൂലായിൽ തിരക്കഥ പൂർത്തിയായി. തൊട്ടടുത്ത മാസം തന്നെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. 2023ൽ ലൈക പ്രൊഡക്ഷൻസ് സഹനിർമ്മാതാവായി. ഇന്ത്യയിലും വിദേശത്തുമായാണ് ഷൂട്ടിങ് നടന്നത്. കേരളത്തോടൊപ്പം ഷിംല, ലേ, ചെന്നൈ, ഗുജറാത്ത്, ഹൈദരാബാദ്, മുംബൈ, അമേരിക്ക, ഇംഗ്ലണ്ട്, യുഎഇ തുടങ്ങിയ സ്ഥലങ്ങളിൽ എമ്പുരാൻ്റെ ചിത്രീകരണം നടന്നു. ഐമാക്സിലും സിനിമ റിലീസാവും.
മൂന്ന് സീസൺ ഉള്ള വെബ് സീരീസായാണ് ആദ്യം ലൂസിഫർ തീരുമാനിച്ചിരുന്നത്. പിന്നീട് ഈ സീരീസിനെ സിനിമയാക്കുകയായിരുന്നു. മൂന്ന് ഭാഗങ്ങളിലെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ബാക്കി കഥ എന്നതിലുപരി സ്റ്റീഫൻ നെടുമ്പള്ളിയുടെ ജീവിതത്തിൻ്റെ ഷേഡുകളാവും സിനിമാ ഫ്രാഞ്ചൈസി വിശദീകരിക്കുക എന്നാണ് അണിയറപ്രവർത്തകർ അറിയിച്ചത്.
സ്റ്റീഫൻ നെടുമ്പള്ളി, ഖുറേഷി എബ്രഹാം എന്നീ രണ്ട് കഥാപാത്രങ്ങളെയാണ് മോഹൻലാൽ അവതരിപ്പിക്കുക. ലൂസിഫറിൽ കാമിയോ റോളിലെത്തിയ പൃഥ്വിരാജിൻ്റെ കഥാപാത്രം സയെദ് മസൂദിന് എമ്പുരാനിൽ പ്രാധാന്യം കൂടുതലാണ്. ലൂസിഫറിലെ വിവിധ കഥാപാത്രങ്ങളിൽ എത്തിയവരൊക്കെ എമ്പുരാനിലും അഭിനയിക്കുന്നുണ്ട്. ഇവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ, അർജുൻ ദാസ്, ഷൈൻ ടോം ചാക്കോ എന്നിവരൊക്കെ സിനിമയിൽ അഭിനയിക്കും. ലൂസിഫറിൽ അഭിനയിച്ച ആദിൽ ഇബ്രാഹിം, സുനിൽ സുഖദ എന്നിവർ എമ്പുരാനിൽ ഉണ്ടാവില്ല. മൂന്നാം ഭാഗം ഉണ്ടാവുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചെങ്കിലും ഇതേപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ലൂസിഫറിനെയും എമ്പുരാനെയും അപേക്ഷിച്ച് മൂന്നാം ഭാഗം കുറേക്കൂടി ഡാർക്ക് ആയിരിക്കുമെന്ന് പൃഥ്വിരാജ് നേരത്തെ അറിയിച്ചിരുന്നു.