Asha Sharath : ദൃശ്യത്തിൻ്റെ സെറ്റിൽ വെച്ച് സിദ്ദിഖ് ആശ ശരത്തിനോട് മോശമായി പെരുമാറിയെന്ന് പ്രചാരണം; കലക്ക വെള്ളത്തിൽ മീൻ പിടിക്കരുതെന്ന് നടി
Asha Sharath Actor Siddique Issue In Drishyam Movie : കലാരംഗത്തുള്ള തൻ്റെ നല്ലൊരു സുഹൃത്താണ് സിദ്ദിഖ്. ഇത്തരം കള്ളപ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നടി ആശ ശരത് അറിയിച്ചു.
മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ എത്തി വൻ വിജയമായി തീർന്ന ചിത്രമാണ് ദൃശ്യം. ഈ സിനിമയുടെ സെറ്റിൽ വെച്ച് നടൻ സിദ്ദിഖ് നടി ആശ ശരത്തിനോട് മോശമായി പെരുമാറിയെന്ന പ്രചാരണം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വലിയതോതിൽ ചർച്ചയായിരുന്നു. ഇതിനെതിരെ നടി ആശ ശരത് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. കലാരംഗത്തുള്ള തൻ്റെ ഏറ്റവും നല്ല സഹപ്രവർത്തകും സുഹൃത്തുമാണ് സിദ്ദിഖ്. അദ്ദേഹത്തിൻ്റെ പക്കൽ നിന്നും തനിക്ക് ഒരുതരത്തിൽ പോലും മോശം അനുഭവമുണ്ടായിട്ടില്ലെന്ന് നടി തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. കൂടാതെ ഇത്തരം വ്യാജപ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ആശ ശരത് തൻ്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ അറിയിച്ചു.
ആശ ശരത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പ്
പ്രിയപ്പെട്ടവരെ,
ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്ന സിനിമ രംഗത്തെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു എന്റെ പേരും പരാമർശിച്ചു കണ്ടത് കൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത് .അതിന്റെ സത്യാവസ്ഥ എല്ലാവരെയും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ശ്രീ സിദ്ദിഖ് , ദൃശ്യം സിനിമയുടെ ചിത്രീകരണ വേളയിൽ എന്നോട് മോശമായി പെരുമാറി എന്നൊരു പ്രചാരണം ചിലർ എന്റെ ശ്രദ്ധയിൽ പെടുത്തുകയുണ്ടായി. കലാരംഗത്തു എന്റെ ഒരു നല്ല സഹപ്രവർത്തകനും അതുപൊലെ ഒരു നല്ല സുഹൃത്തുമാണ് ശ്രീ സിദ്ദിഖ്. അദ്ദേഹത്തിൽ നിന്നും മോശമായതായോ വിഷമമുണ്ടാക്കുന്നതോ ആയ ഒരു വാക്കോ പ്രവർത്തിയോ എനിക്ക് ഇത് വരെ നേരിടേണ്ടി വന്നിട്ടില്ല. ദയവു ചെയ്ത് ഇത്തരം കള്ളപ്രചാരണങ്ങൾ നടത്തരുത് എന്ന് അത് ചെയ്യുന്നവരോട് ഞാൻ അഭ്യർത്ഥിക്കുന്നു. മലയാള സിനിമ രംഗം ഒരു വലിയ കലാകുടുംബമായി മറ്റു ദേശക്കാർക്കു ഒരു മാതൃകയായി വളരണം എന്നാണ് എന്റെ ആഗ്രഹവും പ്രതീക്ഷയും. അനഭിലക്ഷണീയമായ് എന്തെങ്കിലും നടക്കുന്നുണ്ടെങ്കിലോ വളർന്നു വരുന്നുണ്ടെങ്കിലോ അത് മുളയിലേ നുള്ളേണ്ടതുണ്ട് .അതോടൊപ്പം തന്നെ ഇത്തരം കള്ളപ്രചാരണങ്ങൾ നടത്തി കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രെമിക്കുന്നവരെയും നമുക്ക് തുറന്നു കാട്ടാൻ കഴിയണം.
ഇത്തരത്തിൽ നിയമവിരുദ്ധമായി കുപ്രചാരണം നടത്തുന്ന സാമൂഹ്യവിരുദ്ധരെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യും
കലയോട് ആഭിമുഖ്യവും കഴിവും ഉള്ള ഏതൊരാൾക്കും സമാധാനവും സന്തോഷവും ഉള്ള ഒരു അന്തരീക്ഷത്തിൽ തന്റെ ജോലി ചെയ്യാനുള്ള ഒരു സാഹചര്യം ഉണ്ടാകണം. അതിനു സർക്കാരും ഈ നാട്ടിലെ കലാസ്നേഹികളും ഒത്തോരുമിച്ചു പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹപൂർവ്വം ആശാ ശരത്
അതേസമയം യുവനടിയുടെ ആരോപണത്തെ തുടർന്ന് സിദ്ദിഖ മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു. അടിത്തിടെയാണ് സിദ്ദിഖ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സിദ്ദിഖ് ലൈംഗികമായി ചൂഷ്ണം ചെയ്തുയെന്നും ശാരീരികമായി ഉപദ്രവിച്ചുയെന്നുള്ള തുടങ്ങി ആരോപണമാണ് നടി ഉന്നയിച്ചത്. സിദ്ദിഖിന് പുറമെ അമ്മയുടെ ജോയിൻ്റ് സെക്രട്ടറിയായ ബാബുരാജിനെതിരെയും ആരോപണം വന്നിട്ടുണ്ട്. ബാബുരാജ് ഒരു ജൂനിയർ ആർട്ടിസ്റ്റിനെ ലൈംഗികമായി പീഡിപ്പിച്ചുയെന്നാണ് ആരോപണം.
ഇവർക്ക് പുറമെ പ്രമുഖ നടന്‍മാരായ എം മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മണിയൻപിള്ള രാജു, തുടങ്ങിയ നിരവധി പേർക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇത് കൂടാതെ സംവിധായകന്‍മാരായ രഞ്ജിത്ത് ബാലകൃഷ്ണൻ, തുളസീദാസ്, വി കെ പ്രകാശ് എന്നിവർക്കെതിരെയും ആരോപണം ഉയർന്നിട്ടുണ്ട്. ഇതിൽ ബംഗാളി നടിയുടെ പരാതിയിൽ രഞ്ജിത്തിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. ആരോപണത്തെ തുടർന്ന് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഒഴിഞ്ഞിരുന്നു.