Drishyam 3: ദൃശ്യം-3 ഒടുവിൽ, ജിത്തു ജോസഫിൻ്റെ സ്ഥിരീകരണം
ഏറെ നാളായുള്ള പ്രേക്ഷകരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ജീത്തു വ്യക്തമാക്കിയത്. തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ജീത്തുവിൻ്റെ പ്രഖ്യാപനം

അങ്ങനെ പ്രേക്ഷകരുടെ ആകാംക്ഷക്ക് വിരാമമിട്ട് ആ പ്രഖ്യാപനം എത്തി. ദൃശ്യം-3 ഉണ്ടാവുമെന്ന് സംവിധായകൻ ജീത്തു ജോസഫ് തന്നെ സ്ഥിരീകരിച്ചു. തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ജീത്തു ചിത്രം ഉണ്ടാവുമെന്ന് സ്ഥിരീകരിച്ചത്. മോഹൻലാൽ, ആൻ്റണി പെരുമ്പാവൂർ എന്നിവർക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത്. ദ പാസ്റ്റ് നെവർ സ്റ്റേ സൈലൻ്റ് (ഭൂതകാലമൊരിക്കലും നിശബ്ദമായിരിക്കില്ല). ദൃശ്യം-3യിലേക്ക് ഞങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് മുൻപ് മോഹൻലാൽ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. അതിന് മുൻപ് തന്നെ താൻ മികച്ച ഒരു കഥക്കായി കാത്തിരിക്കുകയാണെന്നും അത് കിട്ടിയാൽ ദൃശ്യം -3 ചെയ്യുമെന്നുമായിരുന്നു ജീത്തു നേരത്തെ പറഞ്ഞത്.
എപ്പോഴായിരിക്കും ദൃശ്യം റിലീസ് ചെയ്യുക, ഷൂട്ടിംഗ് ആരംഭിക്കുക തുടങ്ങിയ നിരവധി വിഷയങ്ങളിൽ ഇനിയും ഉത്തരം കിട്ടാനുണ്ട്. ഏത് തരത്തിലായിരിക്കും ജോർജ്ജ് കുട്ടിയും കുടുംബവും മൂന്നാം ഭാഗത്തിൽ വരിക എന്നതും ഏത് തരം ക്ലൈമാക്സായിരിക്കും എന്നും പ്രേക്ഷകരെ പലപ്പോഴായി അലട്ടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത കാര്യങ്ങളാണ്. ദൃശ്യം-1 തീയ്യേറ്റർ റീലിസായി എത്തിയ ചിത്രമായിരുന്നെങ്കിലും, ദൃശ്യം-2 ഒടിടി റിലീസായി ആമസോൺ പ്രൈമിലാണ് എത്തിയത്. ദൃശ്യം- 1 ൻ്റെയും, 2-ൻ്റെയും കഥയും, തിരക്കഥയും ജിത്തു ജോസഫ് തന്നെയായിരുന്നു,
ഇതുവരെയുള്ള ബജറ്റ്
കണക്കുകൾ പ്രകാരം 3.5 കോടി മുതൽ 5 കോടി വരെയായിരുന്നു ദൃശ്യം-1 ൻ്റെ ബജറ്റ്. ചിത്രം ആഗോള ബോക്സോഫീസിൽ നിന്നും നേടിയതാകട്ടെ ഏകദേശം 70 കോടിക്ക് മുകളിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതുവരെയുള്ള ദൃശ്യം സീരിസുകളുടെ ബജറ്റ് നോക്കിയാൽ ദൃശ്യം-1 ൻ്റെ തീയ്യേറ്റർ വിജയത്തിന് ശേഷം 20 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ചിത്രമായിരുന്നു ദൃശ്യം 2, ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രത്തിന് ആകെ 40 കോടിയാണ് ലഭിച്ചത് 20 കോടി രൂപ ലാഭവും ഇതിലുൾപ്പെടുന്നു എന്ന് സിനിമാ വാർത്ത പോർട്ടലായ ഫിൽമി ബീറ്റ് റിപ്പോർട്ട് ചെയ്യുന്നു. ദൃശ്യം 2 ന്റെ ഡിജിറ്റൽ അവകാശങ്ങൾ 25 കോടിക്കാണ് ആമസോൺ പ്രൈം വാങ്ങിയത്, സാറ്റലൈറ്റ് അവകാശങ്ങൾ ഏഷ്യാനെറ്റ് 15 കോടിക്കും സ്വന്തമാക്കിയിരുന്നു. ദൃശ്യം-2-നെ വെച്ച് താരതമ്യം ചെയ്താൽ ദൃശ്യം 3-ന് വളരെ അധികം ബജറ്റ് വേണ്ടി വരാനാണ് സാധ്യതയെന്ന് സിനിമാ മേഖലയിലെ പലരും പറഞ്ഞിരുന്നു.
താരനിര
മോഹൻലാൽ, മീന, അൻസിബ ഹസൻ, എസ്തർ അനിൽ, ആശാ ശരത്ത്, സിദ്ധിഖ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ഒന്നാം ഭാഗത്തിൽ നിന്നും വ്യത്യസ്തമായി രണ്ടാം ഭാഗത്തിൽ കുറച്ചധികം താരങ്ങളും ഉണ്ടായിരുന്നു. സായികുമാർ, ഗണേശ് കുമാർ തുടങ്ങിയവരെല്ലാം രണ്ടാം ഭാഗത്തിൻ്റെ ഭാഗമായിരുന്നു. ജീത്തു ജോസഫിന് പിന്നാലെ ആൻ്റണി പെരുമ്പാവൂരും, മോഹൻലാലും അടക്കം ചിത്രത്തിൻ്റെ മൂന്നാം ഭാഗം സംബന്ധിച്ച പ്രഖ്യാപനം നടത്തി കഴിഞ്ഞതോടെ ചിത്രം ഉണ്ടാവുമെന്ന കാര്യത്തിൽ 100 ശതമാനവും വ്യക്ത വന്നിരിക്കുകയാണ്.