Drishyam 3: കാത്തിരിപ്പുകൾക്ക് വിരാമം, ദൃശ്യം 3 വരുന്നു; വെളിപ്പെടുത്തലുമായി മോഹൻലാൽ
Drishyam 3 Latest Update By Mohanlal: പ്രേക്ഷക മനസുകളിൽ ഇടംനേടിയ ഒരു സിനിമയാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ ദൃശ്യം. രണ്ടാം ഭാഗം ഹിറ്റായതിന് പിന്നാലെ സിനിമയുടെ മൂന്നാം ഭാഗം ഇല്ലേയെന്ന ആരാധകരുടെ ചോദ്യത്തിനാണ് ഇപ്പോൾ വിരാമമായിരിക്കുന്നത്.
ചെന്നെെ: കാലങ്ങൾ മാറി, പുതിയ സിനിമകളും താരങ്ങളും മലയാള സിനിമയുടെ ഭാഗമായി മാറി. എന്നിട്ടും പ്രേക്ഷക മനസുകളിൽ ഇടംനേടിയ ഒരു സിനിമയാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ ദൃശ്യം. സിനിമയുടെ ആദ്യ ഭാഗത്തിനും രണ്ടാം ഭാഗത്തിനും വൻ പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. ഒരിക്കൽ കൂടി മലയാള മിനി സ്ക്രീൻ പ്രേക്ഷകരെ ത്രില്ലറിന്റെ മറ്റൊരു തലത്തിലേക്ക് കൊണ്ടു പോകാൻ ദൃശ്യം സിനിമയുടെ മൂന്നാം ഭാഗം വരുന്നു. രണ്ടാം ഭാഗം ഹിറ്റായതിന് പിന്നാലെ സിനിമയുടെ മൂന്നാം ഭാഗം ഇല്ലേയെന്ന ആരാധകരുടെ ചോദ്യത്തിനാണ് ഇപ്പോൾ വിരാമമായിരിക്കുന്നത്. ഗലാട്ട തമിഴിന് വേണ്ടി സുഹാസിനിക്ക് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ദൃശ്യം 3 ഉണ്ടെന്ന കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ബറോസിന്റെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ. ദൃശ്യത്തെ കുറിച്ചുള്ള സുഹാസിനിയുടെ ചോദ്യത്തിനിടെയായിരുന്നു മൂന്നാം ഭാഗത്തെ കുറിച്ചുള്ള വിശദീകരണം.
മോഹൻലാലിന്റെ വാക്കുകൾ:
ദൃശ്യത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് അഞ്ച് വർഷം മുമ്പേ സംവിധായകൻ ജീത്തു ജോസഫിന്റെ കെെവശമുണ്ടായിരുന്ന തിരക്കഥയായിരുന്നു ഈ സിനിമയുടേത്. അദ്ദേഹം ഒരുപാട് പേരോട് ഇതിന്റെ തിരക്കഥ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. പക്ഷേ ഈ സിനിമ അവർക്കാർക്കും ഇഷ്ടപ്പെട്ടില്ല. ആൻറണി പെരുമ്പാവൂരാണ് എന്നോട് ഇങ്ങനെ ഒരു തിരക്കഥ ഉണ്ടെന്നും കേൾക്കാമോ എന്ന് ചോദിച്ചതും. തിരക്കഥ കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. അത്രയും മികച്ച ഒന്നായിരുന്നു അത്.
“ചിത്രത്തിൽ ആളുകൾക്ക് താത്പര്യമുണ്ടാക്കിയത് കുടുംബത്തിന് വേണ്ടി നിൽക്കുന്ന ജോർജുകുട്ടിയാണ്. ആറു വർഷത്തിന് ശേഷം ദൃശ്യം 2 പ്ലാൻ ചെയ്യുമ്പോഴാണ് കോവിഡ് വന്നത്. പക്ഷേ അത് മലയാള സിനിമയ്ക്ക് ഗുണമായി, ഒടിടിയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രം ലോകമെമ്പാടുമുള്ള നിരവധി പേരാണ് കണ്ടത്. അടുത്തിടെ ഗുജറാത്തിൽ ഒരു ചിത്രീകരണത്തിനായി ഞാൻ പോയിരുന്നു. ദൃശ്യത്തിലെ അഭിനയം കാരണം നിരവധി പേർ എന്നെ തിരിച്ചറിയുന്നുണ്ടായിരുന്നു. ദൃശ്യം 2ന് ശേഷമാണ് മറ്റ് ഇൻഡസ്ട്രികളിലെ പ്രേക്ഷകരും മലയാള സിനിമ കണ്ടുതുടങ്ങിയത്. പാൻ ഇന്ത്യൻ തലത്തിലേക്ക് മലയാള സിനിമയെ എത്തിച്ചതിൽ നിർണായക പങ്ക് വഹിച്ച ചിത്രമാണ് ദൃശ്യം. പ്രേക്ഷകരിലേക്ക് ദൃശ്യം 3 എത്തിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ ഇപ്പോൾ,” മോഹൻലാൽ പറഞ്ഞു.
ഗലാട്ട തമിഴിന് നൽകിയ അഭിമുഖം
ദൃശ്യം 2വും സൂപ്പർ ഹിറ്റായതിന് പിന്നാലെയാണ് സിനിമയ്ക്ക് മൂന്നാം ഭാഗം ഉണ്ടാകുമോ എന്ന് ആരാധകർ ചോദിച്ച് തുടങ്ങിയത്. സംവിധായകൻ ജീത്തു ജോസഫ് മൂന്നാം ഭാഗം പരിഗണനയിലുണ്ടെന്ന് പറഞ്ഞെങ്കിലും എപ്പോഴുണ്ടാകും എന്നതിനെ കുറിച്ച് വ്യക്തമായ മറുപടികൾ തന്നിരുന്നില്ല. അതുകൊണ്ട് തന്നെ ദൃശ്യം 3 കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഞങ്ങളെന്ന മോഹൻലാലിന്റെ വാക്കുകൾ പ്രേക്ഷകർ ആഘോഷമാക്കുകയാണ്.