Elizabeth Udayan: ‘പാലാരിവട്ടത്തെ ഫ്ലാറ്റ് എത്ര സ്ത്രീകൾക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്? ഞാനുള്ള സമയത്ത് തന്നെ ഒരു സ്ത്രീ അവിടെ താമസിച്ചിരുന്നില്ലേ?’; ബാലയോട് എലിസബത്ത്
Elizabeth Udayan Against Bala: കഴിഞ്ഞ ദിവസം ബാല പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റിന് മറുപടിയുമായാണ് ഇപ്പോൾ എലിസബത്ത് ഉദയൻ രംഗത്തെത്തിയിരിക്കുന്നത്.

എലിസബത്ത് ഉദയൻ
നടൻ ബാല മുൻപും തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഡോ എലിസബത്ത് ഉദയൻ. തന്നെ നാണം കെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പല അഭിമുഖങ്ങളിലും പിടിച്ചുകൊണ്ടിരുത്തിയത്. മാതാപിതാക്കളെക്കാൾ ഒരുകാലത്ത് താൻ ഏറ്റവും കൂടുതൽ വിശ്വസിച്ചിരുന്നയാളാണ് ബാല. അതിനാൽ ജീവിതത്തിൽ ഉണ്ടായ പല കാര്യങ്ങളും ബാലയോട് പങ്കുവെച്ചിരുന്നു. അതുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെ ഒരു ഭീഷണിയുമായി അദ്ദേഹം എത്തിയിരിക്കുന്നതെന്നും എലിസബത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം ബാല എലിസബത്തിനെതിരെ സോഷ്യൽമീഡിയയിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് മറുപടിയുമായാണ് ഇപ്പോൾ എലിസബത്ത് രംഗത്തെത്തിയിരിക്കുന്നത്.
“ഇനി ആ നാണക്കേടിനെ പേടിക്കേണ്ട കാര്യമില്ല. എന്നെ ഉപദ്രവിച്ചെന്ന് ഞാൻ വീഡിയോകളിലൂടെ തുറന്നു പറഞ്ഞു കഴിഞ്ഞു. എന്നാൽ അതൊന്നും ആരും മുഖവിലയ്ക്ക് എടുക്കുന്നില്ല. കുറ്റമാരോപിച്ചവർ ബ്ലാക്ക്മെയിൽ എന്ന രീതിയിൽ പരാതിപെടുന്നില്ലെന്ന് മാത്രമല്ല പകരം ഇതുപോലെ ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്. എന്നെ ഭീഷണിപ്പെടുത്തികൊണ്ടിരിക്കുകയാണെന്ന് ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്. നേരിട്ടും ഫേക്ക് അക്കൗണ്ടുകളിലൂടെയുമായിരുന്നു നേരത്തെ ഭീഷണി എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ സ്വന്തം ചാനലിലൂടെയാണ്. ചിലപ്പോൾ ആ വീഡിയോ താൻ ഇട്ടതല്ലെന്ന് വരെ പറയാൻ സാധ്യതയുണ്ട്.
നിങ്ങൾ പാലാരിവട്ടത്തെ ഫ്ലാറ്റ് എത്ര പെണ്ണുങ്ങൾക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നെ പ്രേമിക്കുന്ന സമയത്ത് തന്നെ ആ ഫ്ലാറ്റിൽ നിങ്ങളുടെ കൂടെ ഒരു സ്ത്രീ താമസിച്ചിരുന്നില്ലേ? അവർ നിങ്ങളെ പിന്നീട് പറ്റിച്ചിട്ട് പോയി. ആശുപത്രിയിൽ കിടക്കുന്ന സമയത്ത് അവരുടെ കരൾ സ്വീകരിക്കില്ലെന്നും അങ്ങനെ ചെയ്താൽ അവരെ ഭാര്യയായി സ്വീകരിക്കുന്നതിന് തുല്യമാണെന്നും അയാൾ അന്ന് പറഞ്ഞിരുന്നു. പിന്നെ പാലക്കാട് നിന്നുള്ള ഒരു സ്ത്രീയോടും ഫ്ലാറ്റ് കൊടുക്കുന്നതിനെ കുറിച്ച് പറഞ്ഞത് ഓർക്കുന്നു. ബാക്കിയുള്ളവർ എല്ലാം നിന്നെ മാഡം എന്ന് വിളിക്കണം എന്നാണ് അയാൾ അവരോട് പറഞ്ഞത്. ഇതല്ലാതെ വേറെ ആൾക്കാരോടും ഫ്ലാറ്റ് കൊടുക്കുന്ന കാര്യം പറഞ്ഞിട്ടുണ്ട്.
എന്റെ കഴിഞ്ഞ കാലത്തെ സത്യങ്ങൾ പുറത്തുവിട്ടാൽ എനിക്ക് ഒരു പ്രശ്നവുമില്ല. എന്റെ മാമായെ കുറിച്ച് പറഞ്ഞാൽ നിന്റെ ജീവിതം ഞാൻ നശിപ്പിക്കുമെന്ന ഭീഷണിയും ഞാൻ ഇടയ്ക്ക് കേട്ടിരുന്നു. നേരിട്ടും അല്ലാതെയും എന്നെ ഇയാൾ ഭീഷണിപ്പെടുത്തി എന്ന് പറയുമ്പോൾ എന്താണ് ആർക്കും ഒരു പ്രശ്നവുമില്ലാത്തത്? ഭീഷണിപ്പെടുത്തുക എന്ന് പറയുന്നത് ഇത്രയും ലളിതമായ ഒരു കാര്യമായി മാറിയോ? നിന്നെ എനിക്ക് ദൈവം കൊണ്ടുവന്നു തന്നതാണെന്ന് ആ മനുഷ്യൻ എപ്പോഴും പറയുമായിരുന്നു. ദൈവം തന്നെയായിരിക്കും ശരിക്കും കൊണ്ടുവന്നത്, എന്നാലത് വേറെ കാര്യത്തിനായിരുന്നുവെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു.” – എലിസബത്ത് പറഞ്ഞു.
അതേസമയം, മരിച്ചുപോയ തന്റെ അച്ഛനെക്കുറിച്ച് മോശമായി സംസാരിച്ച ഏറ്റവും വിലകുറഞ്ഞ വ്യക്തി എന്നാണ് ബാല പോസ്റ്റിൽ ആരോപിച്ചത്. നിന്നെയോർത്ത് ലജ്ജ തോന്നുന്നുവെന്നും, ആശുപത്രിയിൽ തന്നെ രക്ഷിച്ചവരെല്ലാം തന്റെ ആത്മാവിനെപോലെ ഒപ്പമുണ്ടെന്നും, പണത്തിനോ പാലാരിവട്ടത്തെ ഫ്ലാറ്റിനോ വേണ്ടിയല്ല അവർ ഒപ്പമുള്ളതെന്നും ബാല സമൂഹ മാധ്യമത്തിൽ കുറിച്ചിരുന്നു.