Baroz Movie : ‘മോഹന്‍ലാലിന്റെ വലിയ പ്രതീക്ഷ എനിക്കയച്ച മെസ്സേജിലുണ്ട്, അത് പൂവണിയട്ടെ’; ആശംസകളുമായി വിനയൻ
Vinayan Wishes Success for Mohanlal's Film Barroz:ബറോസ് ചിത്രത്തിലുള്ള മോഹന്‍ലാലിന്റെ വലിയ പ്രതീക്ഷ അദ്ദേഹം തനിക്കയച്ച ചില മെസേജുകളിലുണ്ടെന്നും അത് പൂവണിയട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെന്നും വിനയന്‍ പറഞ്ഞു.
ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. മലയാളത്തിന്റെ സ്വന്തം മോഹൻലാൽ ആദ്യമായി സംവിധായകനാകുന്നു എന്ന പ്രത്യേകതയാണ് ചിത്രത്തിൽ എടുത്ത് പറയാനുള്ളത്.അത്യധികം ആവേശത്തോടെയും ആകാംക്ഷയോടെയുമാണ് ആരാധകര്‍ 3ഡി ചിത്രമായ ബറോസിനായി കാത്തിരിക്കുന്നത്. ചിത്രം നാളെ തീയറ്ററിൽ എത്താനിരിക്കെ നിരവധി പേരാണ് ചിത്രത്തിനും മോഹൻലാലിനും ആശംസകളുമായി രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ വിജയാശംസകള്‍ നേരുകയാണ് സംവിധായകന്‍ വിനയന്‍. ബറോസ് ചിത്രത്തിലുള്ള മോഹന്‍ലാലിന്റെ വലിയ പ്രതീക്ഷ അദ്ദേഹം തനിക്കയച്ച ചില മെസേജുകളിലുണ്ടെന്നും അത് പൂവണിയട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെന്നും വിനയന്‍ പറഞ്ഞു. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലായിരുന്നു താരത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
മലയാളത്തിന്റെ പ്രിയങ്കരനായ നടൻ ശ്രീ മോഹൻലാലിന്റെ വലിയ സ്വപ്നം “ബറോസ്” വൻ വിജയമാകട്ടേ എന്നാശംസിക്കുന്നു…. കഴിഞ്ഞ നാലര പതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ അഭിമാനമായി നിറഞ്ഞു നിൽക്കുന്ന വടവൃക്ഷങ്ങളാണ് ശ്രീ മമ്മുട്ടിയും, മോഹൻലാലും. സംഘടനാ പ്രശ്നങ്ങളിലെ അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ ശക്തമായി വിമർശനം ഉന്നയിക്കുമ്പോഴും.. ഞാനെന്റെ നിലപാടിൽ വിട്ടു വീഴ്ചയില്ലാതെ ഉറച്ചു നിൽക്കമ്പോഴും.. ഇവരുമായുള്ള വ്യക്തി ബന്ധങ്ങൾ അതിന്റേതായ വിലയോടുതന്നെ ഞാൻ കാത്തു സൂക്ഷിച്ചിരുന്നു..
“പത്തൊമ്പതാം നൂറ്റാണ്ട്” എന്ന സിനിമയിൽ തുടക്കത്തിലും അവസാനവും ഉള്ള നരേഷനിൽ മമ്മുക്കയുടെയും മോഹൻലാലിന്റെയും ശബ്ദമുണ്ടായാൽ നന്നായിരിക്കുമെന്നു തോന്നിയപ്പോൾ ഒരു ഫോൺ കോളു കൊണ്ടു തന്നെ എന്നെ സഹായിക്കാൻ തയ്യാറായ ഇവരോടുള്ള നന്ദി രേഖപ്പെടുത്തിക്കൊണ്ട് 2022 ൽ ആ ചിത്രത്തിന്റെ റിലീസ് സമയത്ത് ഞാൻ എഴുതിയിരുന്നു.. വിനയൻ കേസൊക്കെ കൊടുത്ത് വെറുപ്പിച്ചിരിക്കയല്ലേ ഇവരെയൊക്കെ… എന്ന സംശയമായിരുന്നു അന്ന് നിർമ്മാതാവ് ഗോകുലം ഗോപാലേട്ടന് ഉണ്ടായിരുന്നത്.. കേസു കെടുത്തത് വിലക്കിനെതിരെ ആയിരുന്നല്ലോ? അതിൽ എന്റെ ഭാഗം ശരിയാണന്ന് വിധി വരികയും ചെയ്തു. ഏതായാലും.. കാര്യം കാണാൻ വേണ്ടി പുകഴ്ത്തി മറിക്കുന്നവരും നിലപാടുകൾ വിഴുങ്ങുന്നവരും ഏറെയുള്ള നമ്മുടെ നാട്ടിൽ ഉള്ളതു തുറന്നു പറയുന്നവരെ മനസ്സിലാക്കാൻ കുറച്ചു പേരെങ്കിലും ഉണ്ട് അക്കൂട്ടത്തിലാണ് ശ്രീ മോഹൻലാലും മമ്മൂട്ടിയും എന്നാണ് ശ്രീ ഗോപാലേട്ടനോട് അന്നു ഞാൻ പറഞ്ഞത്.ആ വിഷയം അവിടെ നിൽക്കട്ടെ..
ബറോസ് എന്ന സിനിമയെപ്പറ്റി പറയാനാണ് ഞാൻ വന്നത്. മലയാളത്തിന്റെ അഭിമാനമായ ശ്രീ മോഹൻലാലിന്റെ ഡ്രീം പ്രോജക്ടാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന 3D ചിത്രം ബറോസ്.. ആ ചിത്രത്തിലുള്ള മോഹൻലാലിന്റെ വലിയ പ്രതീക്ഷ അദ്ദേഹം എനിക്കയച്ച ചില മെസ്സേജിൽ നിന്നു ഞാൻ മനസ്സിലാക്കുന്നു. ആ പ്രതീക്ഷ പൂവണിയട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു ..നാളെ റിലീസ് ചെയ്യുന്ന “ബറോസ്സ്” ഒരു വലിയ വിജയമാകട്ടെ.
ബാറോസ് സിനിമ
കുട്ടികളുടെ ഫാന്‍റസി വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ തന്നെയാണ്. ഇതിനു പുറമെ ഗുരു സോമസുന്ദരം, മോഹൻ ശർമ്മ, തുഹിൻ മേനോൻ എന്നിവരും വിദേശ താരങ്ങളായ മായ, സീസർ, ലോറന്റെ തുടങ്ങിയവരും അണിനിരക്കുന്നു. ഛായാഗ്രഹണം സന്തോഷ് ശിവൻ. ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കഥ സന്ദർഭവും രചനയും നിർവഹിച്ചിരുന്നത് മൈഡിയർ കുട്ടിച്ചാത്തൻ ഒരുക്കിയ ജിജോ പുന്നൂസാണെങ്കിലും അദ്ദേഹം പിന്നീട് സിനിമയിൽ നിന്നും പിന്മാറൂകയായിരുന്നു. സംവിധായകൻ ടി.കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്. സന്തോഷ് ശിവൻ ആണ് ബാറോസിൻ്റെ ഛായാഗ്രാഹകൻ.