Vinayan: ‘രാമന്റെ പേര് പറ്റില്ലെന്ന് അവർ പറഞ്ഞു, മമ്മൂട്ടി ചിത്രത്തിന്റെ പേര് മാറ്റി’; വിനയൻ
Vinayan about Rakshasa Rajavu: രാമനെ പോലെ സത്യസന്ധനായ പൊലീസ് ഓഫീസർ രാക്ഷസനായി മാറേണ്ടിയിരുന്ന സാഹചര്യമാണ് ആ സിനിമ. അത് കൊണ്ടാണ് രാക്ഷസ രാമൻ എന്ന പേര് തീരുമാനിച്ചത്.

മലയാളത്തിൽ നിരവധി സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് വിനയൻ. ഓരോ സിനിമകളിലും വ്യത്യസ്തത പരീക്ഷിക്കാൻ അദ്ദേഹം മടിക്കാറില്ല. ആകാശഗംഗ, വെള്ളിനക്ഷത്രം, അതിശയൻ, അത്ഭുതദ്വീപ് തുടങ്ങിയ ചിത്രങ്ങൾ അതിനുദാഹരണമാണ്.
സഫാരി ടിവിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം സംവിധാനം ചെയ്ത രാക്ഷസരാജാവ് എന്ന സിനിമയെ കുറിച്ച് പറയുന്നു. മമ്മൂട്ടി, ദിലീപ്, കലാഭവൻ മണി, മീന, കാവ്യ മാധവൻ, മന്യ തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തി 2001-ൽ പുറത്തിറങ്ങിയ ചിത്രമാണ് രാക്ഷസരാജാവ്.
ALSO READ: ആ സാഡ് സ്‌മൈലിയിലാണ് അപകടം മനസിലായത്; നിഷാദിന്റെ മരണത്തെക്കുറിച്ച് തരുണ്‍ മൂര്‍ത്തി
ചിത്രത്തിന് ആദ്യം ഇടാനിരുന്ന പേര് രാക്ഷസ രാമൻ എന്നായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ‘സിനിമയുടെ പേര് രാക്ഷസരാജാവ് എന്നല്ലായിരുന്നു. രാക്ഷസ രാമൻ എന്നായിരുന്നു. മമ്മൂട്ടി അവതരിപ്പിച്ച ഐപിഎസ് ഓഫീസറുടെ പേര് രാമനാഥൻ എന്നായിരുന്നു. രാമനെ പോലെ സത്യസന്ധനായ പൊലീസ് ഓഫീസർ രാക്ഷസനായി മാറേണ്ടിയിരുന്ന സാഹചര്യമാണ് ആ സിനിമ. അത് കൊണ്ടാണ് രാക്ഷസ രാമൻ എന്ന പേര് തീരുമാനിച്ചത്.
എന്നാൽ ചില സുഹൃത്തുക്കൾ വിളിച്ചിട്ട് ശ്രീരാമന്റെ പേരാണ്, രാമന്റെ പേര് ഉപയോഗിക്കാൻ പാടില്ല എന്ന രീതിയിൽ പ്രശ്നമുണ്ടാക്കി. അങ്ങനെ, രാക്ഷസ രാമൻ മാറ്റി രാക്ഷസ രാജാവ് എന്നാക്കുകയായിരുന്നു’, വിനയൻ പറഞ്ഞു.