Thudarum Movie: ‘തുടരും’ റിലീസ് നീളുന്നതിന് പിന്നിൽ ഒടിടി ഡീൽ; വിവാദങ്ങൾക്ക് പിന്നിൽ ഫാൻ ഫൈറ്റ് വെകിളിക്കൂട്ടങ്ങളെന്ന് സംശയം: തരുൺ മൂർത്തി
Thudarum Movie Release Tharun Moorthy: മോഹൻലാൽ നായകനായി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും എന്ന സിനിമയുടെ റിലീസ് തീയതി മാറ്റിവച്ചതുമായി ബന്ധപ്പെട്ട് വിവാദം പുകയുകയാണ്. റിലീസ് മാറ്റിവച്ചതിന് പിന്നിൽ ഒടിടി കരാർ വൈകുന്നതുകൊണ്ടാണെന്ന സൂചനയാണ് തരുൺ മൂർത്തി നൽകുന്നത്.
മോഹൻലാൽ നായകനായെത്തുന്ന ‘തുടരും’ സിനിമ റിലീസ് വൈകുന്നതിന് പിന്നിൽ ഒടിടി ഡീൽ ആവാത്തതുകൊണ്ടെന്ന് വിവരം. സംവിധായകൻ തരുൺ മൂർത്തിയുടേതെന്ന പേരിൽ പ്രചരിക്കുന്ന ഒരു കോൾ റെക്കോർഡിലാണ് സിനിമ റിലീസ് വൈകുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളുള്ളത്. ജനുവരി 30ന് തന്നെ സിനിമ റിലീസാവണമെന്ന് ഏറ്റവുമധികം ആഗ്രഹിക്കുന്നയാൾ താനാണെന്നും അതിന് കഴിയാത്തതിൽ നിരാശയുണ്ടെന്നും തരുൺ മൂർത്തി പറയുന്നത് കേൾക്കാം.
നന്ദു എന്ന് വിളിച്ചാണ് തരുൺ സംസാരിക്കുന്നത്. ജനുവരി 30ന് തന്നെ സിനിമ റിലീസാവണമെന്ന് ഏറ്റവുമധികം ആഗ്രഹിക്കുന്നയാൾ താനാണ്. തൻ്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണിത്. അതിറങ്ങി ശ്രദ്ധിക്കപ്പെടണമെന്നാണ് ആഗ്രഹം. 30ന് റിലീസാവാത്തതിൽ ഏറ്റവും നിരാശയുള്ളവരിലൊരാളാണ് താൻ എന്നും തരുൺ മൂർത്തി പറയുന്നു.
ഒടിടി സംബന്ധമായ കാര്യങ്ങളിൽ ചർച്ചകളും ചില ആശയക്കുഴപ്പങ്ങളും എല്ലാ സിനിമകളുമായെന്നതുപോലെ നമ്മുടെ സിനിമയുമായി ബന്ധപ്പെട്ടും നിലനിൽക്കുന്നുണ്ടെന്ന് തരുൺ മൂർത്തി പറയുന്നു. അതൊക്കെ പോസിറ്റീവ് നോട്ടിലാണ് നിൽക്കുന്നത്. നിർമ്മാതാവ് അങ്ങനെയൊരു ആശങ്ക പറഞ്ഞപ്പോൾ മോഹൻലാൽ അടക്കം തങ്ങൾ എല്ലാവരും നൂറ് ശതമാനം അദ്ദേഹത്തിനൊപ്പം നിൽക്കാനാണ് തീരുമാനിച്ചത്. മലയാള സിനിമ ഇത്തരത്തിലൊരു അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് മനസിലായപ്പോൾ ജനുവരി 30 എന്ന തീയതി ആരോടും പറഞ്ഞിരുന്നില്ല. എങ്കിലും കഴിഞ്ഞ ആഴ്ച വരെ 30ന് റിലീസ് ചെയ്യാമെന്നായിരുന്നു തീരുമാനം. നിർഭാഗ്യവശാൽ അതിന് കഴിഞ്ഞില്ല.
ഇതുമായി ബന്ധപ്പെട്ട് കുടുംബത്തെ വേദനിപ്പിക്കുന്ന തരത്തിൽ ഫേസ്ബുക്ക് പേജിൽ വന്ന കമൻ്റുകളൊക്കെ ബ്ലോക്ക് ചെയ്യാറുണ്ട്. അത്തരം കാര്യങ്ങളോട് ഒത്തുപോകാനാവില്ല. ടോക്സിക് ആയ കമൻ്റുകളിടുന്നവർ ജനുവിൻ ലാലേട്ടൻ ഫാൻസാണെന്ന് തോന്നുന്നില്ല. ജനുവിനായ ആരാധകരോട് അത്തരത്തിൽ തന്നെ സംസാരിക്കാറുണ്ട്. ഇത് കൂട്ടയാക്രമണം പോലെയാണ്. ഒരുപക്ഷേ, ഫാൻ ഫൈറ്റുമായി ബന്ധപ്പെട്ട് ഫേക്ക് ഐഡികളിൽ നിന്നാവാം ഇത്തരം കമൻ്റുകളുണ്ടാവുന്നത്. ആരുടെയും പിന്തുണയോടെയല്ല സിനിമയിൽ വന്നത്. അതുകൊണ്ട് തന്നെ കുടുംബത്തെ വേദനിപ്പിക്കുന്ന കമൻ്റുകൾ ബ്ലോക്ക് ചെയ്തു. ഈ ടോക്സിക് ഐറ്റങ്ങൾ തനിക്ക് ചുമക്കേണ്ട ആവശ്യമില്ല.
സിനിമ എപ്പോൾ ഇറങ്ങിയാലും നന്നാവുമെന്നുറപ്പുണ്ട്. അണിയറപ്രവർത്തകരൊക്കെ നന്നായി ചെയ്തു. എഡിറ്റർ നിഷാദിൻ്റെ മരണമൊന്നും സിനിമ റിലീസ് വൈകിയതിൽ ഉണ്ടായിട്ടില്ല. അതൊക്കെ കൂട്ടിക്കുഴച്ച് പറയുന്നതിൽ നിരാശയുണ്ട്. നിഷാദ് മരിച്ച് രണ്ട് ദിവസത്തിനകം തന്നെ പുതിയ എഡിറ്ററുമായിച്ചേർന്ന് വർക്ക് തുടങ്ങിയിരുന്നു. ഫാൻ ഫൈറ്റിൻ്റെ പേരിൽ വന്ന ടോക്സിക് കമൻ്റുകൾ ബ്ലോക്ക് ചെയ്തു. നല്ല രീതിയിൽ ചോദിച്ചവരെ ബ്ലോക്ക് ചെയ്തിട്ടില്ല. താനും ടീമും ഓക്കെയാണ്. ഇതുവരെയുള്ള എല്ലാ പ്രവർത്തനങ്ങളും നന്നായി നടന്നു. അവസാനം ചില വെകിളിക്കൂട്ടങ്ങൾ കാരണമുണ്ടായ ചില പ്രശ്നങ്ങളാണ്. ഇവരൊക്കെ ലാലേട്ടൻ്റെ ആരാധകരാണോ എന്ന് സംശയമുണ്ട്. ഇത്തരം കാര്യങ്ങളൊന്നും പരിചയമില്ല. ഫാൻ ഫൈറ്റുമായി ബന്ധപ്പെട്ട ആക്രമണമാവാം എന്നാണ് തോന്നുന്നത്. മോശം സിനിമ ചെയ്തെങ്കിൽ മനസിലാക്കാം. പക്ഷേ, അതല്ല സംഭവം എന്നും തരുൺ മൂർത്തി പറയുന്നു.
തരുൺ മൂർത്തിയുടേതെന്ന പേരിൽ പ്രചരിക്കുന്ന ഫോൺ സംഭാഷണം:
Director #TharunMoorthy‘s Response On Postponement Of #Thudarum Release #Mohanlal #Shobana pic.twitter.com/GQrhdqKl6e
— AB George (@AbGeorge_) January 21, 2025