Director Shafi Passed Away: ചലചിത്ര സംവിധായകൻ ഷാഫി അന്തരിച്ചു
Director Shafi Passed Away: ഇന്ന് രാവിലെ 9.30 മുതൽ ഒരുമണിവരെ മണപ്പാട്ടിപ്പറമ്പ് കൊച്ചിൻ സർവീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്. വൈകിട്ട് നാലിന് കറുകപ്പിള്ളിയിലെ ജുമാമസ്ജിദ് ഖബർസ്താനിൽ ഖബറടക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ കഴിയവെയാണ് അദ്ദേഹത്തിൻ്റെ അന്ത്യം.
കൊച്ചി: മലയാളത്തിലെ പ്രശസ്ത ചലചിത്ര സംവിധായകൻ ഷാഫി (56) അന്തരിച്ചു. ഈ മാസം 16-നാണ് കടുത്ത തലവേദനയെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ആന്തരിക രക്തസ്രാവം കണ്ടെത്തുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാവുകയും ആയിരുന്നു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു ഷാഫി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിൻ്റെ ജീവൻ നിലനിർത്തിയിരുന്നത്.
ഭാര്യ ഷാമില, അലീമ, സൽമ എന്നിവർ മക്കളാണ്. സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ സഹോദരനാണ് ഷാഫി. അദ്ദേഹത്തിൻ്റെ മൃതദേഹം കറുകപ്പിള്ളിയിലെ വീട്ടിലെത്തിച്ചു. ഇന്ന് രാവിലെ 9.30 മുതൽ ഒരുമണിവരെ മണപ്പാട്ടിപ്പറമ്പ് കൊച്ചിൻ സർവീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്. വൈകിട്ട് നാലിന് കറുകപ്പിള്ളിയിലെ ജുമാമസ്ജിദ് ഖബർസ്താനിൽ ഖബറടക്കും.
എളമക്കര മൂത്തോട്ടത്ത് എംപി ഹംസയുടെയും നബീസയുടെയും മകനായി 1968 ഫെബ്രുവരിയിൽ ജനിച്ച ഷാഫിയുടെ യഥാർഥ പേര് എംഎച്ച് റഷീദ് എന്നാണ്. ബന്ധുവായ സംവിധായകൻ സിദ്ദീഖിന്റെയും സഹോദരൻ റാഫിയുടെയും പാതയിലൂടെയാണ് തന്നെയായിരുന്നു അദ്ദേഹത്തിൻ്റെയും കടന്നുവരവ്. സംവിധാനം ചെയ്ത സിനിമകളിൽ ഏറെയും മലയാളത്തിലെ വമ്പൻ ഹിറ്റുകളായിരുന്നു.