Director Shafi :’ഒരു കഥ ആലോചിക്കുമ്പോൾ റേഷനരിയിലെ കല്ല് മനസ്സിൽ കിടന്നു കടിക്കും; അതാണ് സിനിമയിലെ വിജയ രഹസ്യം’; സംവിധായകൻ ഷാഫി
Director Shafi About Success Secrets:ഒരു കഥ ആലോചിക്കുമ്പോൾ റേഷനരിയിലെ കല്ല് മനസ്സിൽ കിടന്നു കടിക്കുമെന്നും വീണ്ടും ആ കാലത്തേക്ക് പോകാതിരിക്കാൻ കഠിനാധ്വാനം ചെയ്യുമെന്നും അതുതന്നെയാണു വിജയമെന്നുമാണ് ഷാഫി ഒരിക്കൽ പറഞ്ഞത്.
കൊച്ചി: നര്‍മ്മത്തിന്‍റെ വഴിയേ സഞ്ചരിച്ച സംവിധായകനായിരുന്നു ഷാഫി. ചുരുക്കം സിനിമകളിലൂടെ മലയാളി മനസ്സിനെ കുട കുട ചിരിപ്പിച്ച സംവിധായകനാണ് അദ്ദേഹം. അമ്മാവൻ സിദ്ദിഖും സഹോദരൻ റാഫിയും വ്യക്തിമുദ്ര പതിപ്പിച്ച മേഖലയിൽ വീണ്ടും താരകുടുംബത്തിൽ നിന്ന് മറ്റൊരാൾ എത്തിയപ്പോൾ സമ്മാനിച്ചത് അമൂല്യമായ നിരവധി ചിരിക്കഥാപാത്രങ്ങളാണ്. ഇന്നും മലയാളികൾ ഓർത്തുവെക്കുന്ന നിരവധി കഥാപാത്രങ്ങളും ഡയലോഗും ഷാഫി എന്ന് സംവിധായകന്റെ വിജയത്തിന്റെ അടയാളങ്ങളാണ്.
എന്താണ് സിനിമയിലെ വിജയം രഹസ്യമെന്ന ചോദ്യത്തിന് അങ്ങനെ പ്രത്യേകിച്ച് രഹസ്യമൊന്നുമില്ലെന്നാണ് സംവിധായകൻ ഒരിക്കൽ പറഞ്ഞത്. ഒരു കഥ ആലോചിക്കുമ്പോൾ റേഷനരിയിലെ കല്ല് മനസ്സിൽ കിടന്നു കടിക്കുമെന്നും വീണ്ടും ആ കാലത്തേക്ക് പോകാതിരിക്കാൻ കഠിനാധ്വാനം ചെയ്യുമെന്നും അതുതന്നെയാണു വിജയമെന്നുമാണ് ഷാഫി ഒരിക്കൽ പറഞ്ഞത്. “രഹസ്യമൊന്നുമില്ല. ഒരു സിനിമയെക്കുറിച്ച് ആലോചിക്കുമ്പോൾത്തന്നെ റേഷൻ അരിയുടെ കാര്യം ഓർമ വരും. 10 കൊല്ലം ദാരിദ്ര്യം കൊണ്ടു തുടർച്ചയായി റേഷനരി കഴിച്ചാണു ജീവിച്ചത്. ഒരു കഥ ആലോചിക്കുമ്പോൾ റേഷനരിയിലെ കല്ല് മനസ്സിൽ കിടന്നു കടിക്കും. വീണ്ടും ആ ദാരിദ്ര്യത്തിലേക്കു പോകാതിരിക്കാൻ ആദ്യന്തം കഠിനാധ്വാനം ചെയ്യും. അതുതന്നെയാണു വിജയം.”
ഈ വിജയ രഹസ്യം ഉള്ളിൽ കൊണ്ട് നടക്കുന്നത് കൊണ്ട് തന്നെയാണ് മലയാള സിനിമയിൽ രണ്ട് പതിറ്റാണ്ടിലേറെ തന്റെതായ സ്ഥാനം ഉറപ്പിക്കാൻ അദ്ദഹത്തിന് സാധിച്ചത്.സംവിധാനം ചെയ്ത ആദ്യ സിനിമ ‘വൺമാൻ ഷോ’ മുതൽ മലയാളികൾ ഷാഫിക്ക് പുറകെ നടന്ന് നീങ്ങി. പിന്നീട് കണ്ടത് ഷാഫിയുടെ കയ്യൊപ്പ് പതിഞ്ഞ നിരവധി ഹിറ്റ് സിനിമകളാണ്. ഷാഫിയുടെ മിക്ക സിനിമകളും വെറുതെ അങ്ങ് കണ്ട് ചിരിച്ച് കളയാൻ പറ്റുന്നതായിരുന്നില്ല. ഓർക്കും തോറും ചിരിപ്പിക്കുന്ന കഥാപാത്രങ്ങളെയാണ് ഷാഫി ഓരോ സിനിമയീലൂടെയും സമ്മാനിച്ചത്. ശാരീരികമായ കരുത്തുണ്ടെന്ന് വിശ്വസിച്ച് പരാജയപ്പെടുന്ന മിസ്റ്റര്‍ പോഞ്ഞിക്കരയെയും (കല്യാണരാമന്‍)നാക്കിന്‍റെ ബലത്തില്‍ ജീവിക്കുന്ന സ്രാങ്കിനെയും (മായാവി) കുടു കുട ചിരിപ്പിച്ച ദശമൂലം ദാമുവിനെയും (ചട്ടമ്പിനാട്) ഫൈനാന്‍ഷ്യറായ മണവാളനെയും (പുലിവാല്‍ കല്യാണം) ഇന്നും മലയാളികൾ ഓർത്ത് ചിരിക്കുന്നു. ഈ കഥാപാത്രങ്ങൾക്കൊപ്പം സംഭാഷണങ്ങളും മലയാളികൾ കടമെടുത്തു. തളരരുത് രാമന്‍കുട്ടീ , ‘എന്തു ചെയ്യും മല്ലയ്യാ’ ഇനി അഥവാ ബിരിയാണി കൊടുത്താലോ , എന്തിനോ തിളയ്ക്കുന്ന സാമ്പാര്‍ എന്നതുമൊക്കെ ഒരു ഭാഷാപ്രയോഗമായി മലയാളികളുടെ നിത്യജീവിതത്തിലേക്ക് കടന്നു.