Director Renjith: വിവാദങ്ങൾക്കൊടുവിൽ ചലച്ചിത്ര അക്കാദമി പദവി രാജിവെച്ച് രഞ്ജിത്ത്
Director Renjith resigned from Kerala Chalachitra Academy Chairman Post: യുവനടിയുടെ പീഡന ആരോപണത്തിന് പിന്നാലെ അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും നടൻ സിദ്ധിഖ് രാജിവച്ചതിന് തൊട്ട് പുറകെയാണ് സംവിധായകൻ രഞ്ജിത്തിന്റെ രാജി. രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി കഴിഞ്ഞ ദിവസമാണ് നടി രംഗത്ത് വന്നത്.
നടിയുടെ പീഡനാരോപണത്തിനു പിന്നാലെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് രഞ്ജിത്ത്. ബംഗാളി നടിയുടെ പരാതി പുറത്തുവന്നതിന് പിന്നാലെ കനത്ത പ്രതിഷേധമാണ് ഉയർന്നത്. ഇതേ തുടർന്നാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ പദവി രഞ്ജിത്ത് ഒഴിഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമണ പരാതിയുമായി നടി രംഗത്തവന്നത്. രാഷ്ട്രീയ, ചലച്ചിത്ര മേഖലകളിലെ പ്രമുഖരിൽ നിന്നുൾപ്പെടെ സമ്മർദ്ദം ശക്തമായതിനെ തുടർന്ന് സ്ഥാനം ഒഴിയുന്നതായി രഞ്ജിത്ത് അറിയിക്കുകയായിരുന്നു. സംവിധായകൻ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി കഴിഞ്ഞ ദിവസമാണ് നടി മുന്നോട്ട് വന്നത്. ‘പാലേരി മാണിക്യം’ എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോൾ സംവിധായകൻ തന്നോടു മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.
ALSO READ: യുവനടിയുടെ ആരോപണം: അമ്മ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചു
യുവനടിയുടെ പീഡന ആരോപണത്തിന് പിന്നാലെ അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും നടൻ സിദ്ധിഖ് രാജിവച്ചതിന് തൊട്ട് പിന്നാലെയാണ് സംവിധായകൻ രഞ്ജിത്തിന്റെ രാജി വിവരം പുറത്ത് വന്നിരിക്കുന്നത്. നടൻ സിദ്ദിഖ് ഉപദ്രവിച്ചെന്നു യുവനടി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു, ഇതിനു പുറകെയാണ് രഞ്ജിത്തിന്റെ രാജി.
”അകലെ എന്ന ചിത്രത്തിലെ അഭിനയം കണ്ടിട്ടാണ് പാലേരി മാണിക്യത്തിലേക്ക് വിളിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായി ഒരു പാർട്ടി സംഘടിപ്പിച്ചിരുന്നു. അവിടെ എത്തിയപ്പോൾ നിരവധി ആളുകളുണ്ടായിരുന്നു. ഇവിടെ വെച്ച് തൻ്റെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ചർച്ച ചെയ്യാനാണെന്നാണ് ആദ്യം കരുതിയത്. അവിടെ വച്ച് അയാളെന്റെ വളകളിൽ സ്പർശിച്ചു. ചിലപ്പോൾ വളകൾ കണ്ട കൗതുകമാകാമെന്ന് ഞാൻ കരുതി. ഞാൻ പ്രതികരിക്കുന്നില്ലെന്ന് മനസിലാക്കിയ അയാൾ എന്റെ മുടിയിഴകളിൽ തലോടാൻ തുടങ്ങി. കഴുത്തിലേക്ക് സ്പർശനം നീണ്ടപ്പോൾ ഞാൻ ആ മുറിവിട്ടിറങ്ങി ഹോട്ടലിലേക്ക് മടങ്ങി. ആ രാത്രി ഞാൻ ഒരിക്കലും മറക്കില്ല. അത്രയും അപരിചിതർക്കിടയിൽ ഞാൻ നേരിട്ട ആ അനുഭവം എന്നെ ഭയപ്പെടുത്തി. ആ സിനിമയിലേക്ക് വിളിച്ചയാളോട് ഞാൻ എല്ലാം പറഞ്ഞു. റിട്ടേൺ ടിക്കറ്റ് വേണമെന്ന് അറിയിച്ചു. അവർ പണം തരാൻ തയ്യാറായില്ല. പിറ്റേ ദിവസം അതിരാവിലെ സ്വന്തം ചെലവിൽ ഞാൻ നാട്ടിലേക്ക് മടങ്ങി.”- നടി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സംവിധായകൻ മോശമായി പെരുമാറിയത് പരാതിപ്പെട്ടതോടെ മലയാള സിനിമയിൽ നിന്ന് അവസരങ്ങൾ നിഷേധിക്കപ്പെട്ടുവെന്നും അവർ കൂട്ടിച്ചേർത്തു. ജോഷി ജോസഫ് എന്ന ഡോക്യുമെന്ററി സംവിധായനെ താൻ ഇക്കാര്യങ്ങൾ അറിയിച്ചതായും സ്വകാര്യ ചാനലിനോട് യുവതി വെളിപ്പെടുത്തിയിരുന്നു. എന്നാൽ നടി പറഞ്ഞത് സത്യമാണെന്ന് ജോഷി ജോസഫ് വ്യക്തമാക്കി. എന്നാൽ, ആരോപണം നിഷേധിച്ച് രഞ്ജിത്ത് (Ranjith) രംഗത്ത് വന്നിരുന്നു. നടിയോടു താൻ മോശമായി പെരുമാറിയിട്ടില്ലെന്നും, എന്നാൽ പാലേരി മാണിക്യം സിനിമയുടെ ഓഡിഷൻ ടെസ്റ്റിനു നടി വന്നിരുന്നുവെന്നുമാണ് രഞ്ജിത് പറഞ്ഞത്.