Director P Balachandra Kumar: നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി പി ബാലചന്ദ്രകുമാർ അന്തരിച്ചു
Director P Balachandra Kumar Passes Away:വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെങ്ങന്നൂരിലെ കെ എം ചെറിയാന്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

സംവിധായകൻ പി ബാലചന്ദ്രകുമാർ (image credits: social media)
ആലപ്പുഴ: നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയും സംവിധായകനുമായ പി ബാലചന്ദ്രകുമാർ അന്തരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ബാലചന്ദ്രകുമാർ. ചെങ്ങന്നൂരിലെ കെ എം ചെറിയാന്‍ ആശുപത്രിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.
നടിയെ അക്രമിച്ച കേസിൽ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ ഏറെ നിർണായകമായിരുന്നു. കേസിൽ നടൻ ദിലീപിനെതിരെ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലാണ് വഴിത്തിരിവായത്. കേസിൽ ബലാത്സംഗക്കേസാണ് ദിലീപിനെതിരെ ആദ്യം ചുമത്തിയിരുന്നത്. പിന്നീട് ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വന്നതിനുശേഷമാണ് വധ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അസുഖം ഗുരുതരമായതിനെ തുടർന്ന് ബാലചന്ദ്രകുമാറിന്റെ കുടുംബം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടിയിരുന്നു. രോഗാവസ്ഥയിലും നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കായും തുടര്‍ച്ചയായി ബാലചന്ദ്രകുമാര്‍ കോടതിയില്‍ ഹാജരായിരുന്നു. അതേസമയം ആസിഫ് അലി നായകനായ കൗബോയ് എന്ന സിനിമയുടെ സംവിധായകനാണ് ബാലചന്ദ്രകുമാര്‍. ദിലീപിനെ നായകനാക്കി പിക്ക് പോക്കറ്റ് എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്യാന്‍ പദ്ധതിയിട്ടിരുന്നു.