Toxic Teaser : ‘സ്റ്റേറ്റ് കടന്നപ്പോള്‍ ഗീതു മോഹൻദാസ് സ്ത്രീ വിരുദ്ധതയുടെ വ്യാഖ്യാനം തിരുത്തി’; ടോക്സിക് ടീസറിന് പിന്നാലെ ഒളിയമ്പുമായി നിതിൻ രഞ്ജിപണിക്കർ
Toxic Teaser Controversy : നിതിൻ രഞ്ജി പണിക്കരുടെ കസബ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിൻ്റെ സ്ത്രീവിരുദ്ധത സിനിമയിൽ ഗ്ലോറിഫൈ ചെയ്യാൻ ശ്രമിച്ചുയെന്ന പറഞ്ഞവരുടെ സംഘത്തിൽ ഗീതു മോഹൻദാസുമുണ്ടായിരുന്നു
കെജിഎഫ് താരം യഷിനെ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ടോക്സിക്കിൻ്റെ ടീസർ (Toxic Teaser) പുറത്ത് വന്നതിനെ പിന്നാലെ സംവിധായിക ഗീതു മോഹൻദാസിനെതിരെ (Geethu Mohandas) വിമർശനവുമായി സംവിധായകൻ നിതിൻ രഞ്ജിപണിക്കർ (Nithin Renjipanicker). മമ്മൂട്ടി അഭിനയിച്ച തൻ്റെ ആദ്യ ചിത്രമായ കസബയിൽ സ്ത്രീവിരുദ്ധതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സംവിധായിക ഇപ്പോൾ തൻ്റെ കന്നഡ ചിത്രത്തിൽ അതേ സ്ത്രീവിരുദ്ധതയാണെന്ന് നിതിൻ രഞ്ജിപണിക്കർ. സംസ്ഥാനം കടന്നപ്പോൾ ഗീതു മോഹൻദാസ് അവരുടെ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം മാറ്റിയെന്നാണ് സംവിധായകൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയിലൂടെ അറിയിച്ചത്.
“സ്ത്രീവിരുദ്ധത തരിമ്പും ഇല്ലാത്ത സ്ത്രീശരീരത്തെ വസ്തുവത്ക്കരിക്കുന്ന ‘ആൺനോട്ട’ങ്ങളില്ലാത്ത ‘കസബ’യിലെ ആൺമുഷ്ക്ക് മഷിയിട്ടു നോക്കിയാലും കാണാൻ പറ്റാത്ത, രാഷ്ട്രീയശരികളുടെ ദൃശ്യാവിഷ്ക്കാരം… ‘SAY IT, SAY IT!!’ എന്നുപറഞ്ഞു ഗിയറുകേറ്റിവിട്ട പുള്ളി, പക്ഷെ സ്റ്റേറ്റ് കടന്നപ്പോൾ ‘അവരുടെ’ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം തിരുത്തി…??” ടോക്സിക് എന്ന ഹാഷ്ടാഗും ചേർത്താണ് നിതിൻ രഞ്ജി പണിക്കർ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
യഷിൻ്റെ പിറന്നാളിനോട് അനുബന്ധിച്ച് ടോക്സിക്കിൻ്റെ അണിയറപ്രവർത്തകർ പങ്കുവെച്ച പ്രത്യേക ടീസറിന് പിന്നാലെയാണ് നിതിൻ രഞ്ജി പണിക്കർ വിമർശനം ഉന്നയിച്ചിരിക്കുന്നത്. സ്ത്രീ കഥാപാത്രങ്ങളുടെ അതീവ ഗ്ലാമറസ് രംഗങ്ങൾ ചേർത്ത് ഒരുക്കിയ മാസ് മസാല ദൃശ്യങ്ങൾ അടങ്ങിയ ടീസറാണ് ടോക്സിക്കിൻ്റെ അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. നേരത്തെ കസബയ്ക്കെതിരെ നടി പാർവതി തിരുവോത്ത് വിമർശനം ഉന്നയിക്കുമ്പോഴും ആ സിനിമയുടെ പേര് എടുത്ത് പറയാൻ നടിക്ക് നിർദേശം നൽകുന്നത് ടോക്സിക്കിൻ്റെ സംവിധായിക ഗീതു മോഹൻദാസാണ്. അന്ന് അങ്ങനെ പറഞ്ഞ സംവിധായിക തന്നെ ഇപ്പോൾ തൻ്റെ സിനിമയുടെ പ്രൊമോഷ്ണൽ വീഡിയോയിൽ സ്ത്രീകളെ വസ്തുവൽക്കരിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ ഉൾപ്പെടുത്തിയെന്നാണ് സംവിധായകൻ വിമർശനമായി ഉന്നയിക്കുന്നത്.
കെവിഎൻ പ്രൊക്ഷൻസിൻ്റെയും മോൺസ്റ്റർ മൈൻഡിൻ്റെയും ബാനറിൽ വെങ്കട് കെ നാരായണയും യഷും ചേർന്നാണ് ടോക്സിക് നിർമിക്കുന്നത്. സിനിമയുടെ മറ്റ് അണിയറപ്രവർത്തകരുടെ വിവരങ്ങൾ ഒന്നും പങ്കുവെച്ചിട്ടില്ല. യഷിൻ്റെ കരിയറിലെ 25-ാം ചിത്രമാണ് ടോക്സിക്ക്. നിവിൻ പോളിയെ വെച്ച് ഒരുക്കിയ മൂത്തോൻ എന്ന സിനിമയ്ക്ക് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടോക്സിക്. പതിവ് ശൈലിയിൽ നിന്നും മാറ്റം വരുത്തി ഒരു മാസ മസാല ചിത്രമാണ് മലയാളിയായ സംവിധായിക ഒരുക്കുന്നത്.