Aadu 3: ഷാജി പാപ്പനും കൂട്ടരും അവസാന അങ്കത്തിന് ഒരുങ്ങുന്നു; ‘ആട് 3’ പ്രഖ്യാപനം വന്നു
Aadu 3 Movie Updates: തിരക്കഥയുടെ ആദ്യ പേജിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ് 'ആട് 3'യുടെ വരവറിയിച്ചത്.
പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ഷാജിപാപ്പനും കൂട്ടരും വീണ്ടുമെത്തുന്നു. ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് ഒരുക്കിയ ‘ആട്’ എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ പ്രഖ്യാപനം വന്നു. ‘ആട് 3: വൺ ലാസ്റ്റ് റൈഡ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. തിരക്കഥയുടെ ആദ്യ പേജുള്ള കമ്പ്യൂട്ടർ സ്‌ക്രീനിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട്, സംവിധായകൻ മിഥുൻ മാനുവൽ തോമസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
“കഴിഞ്ഞ കുറച്ച് കാലമായി അകലെയായിരുന്നു… വിദൂര ഭൂതകാലത്തിലേക്കും, വിദൂര ഭാവിയിലേക്കും, പ്രക്ഷുബ്ധമായ വർത്തമാനത്തിലൂടെയുമുള്ള യാത്രകൾക്കൊടുവിൽ, ഏറെ ആഗ്രഹിച്ച ‘ലാസ്റ്റ് റൈഡിന്’ ഒരുങ്ങുകയാണ്..!” എന്ന കുറിപ്പോട് കൂടിയാണ് മിഥുൻ ചിത്രം പങ്കുവെച്ചത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രത്തിന്റെ മൂന്നാം ഭാഗവും നിർമിക്കുന്നത്. ജയസൂര്യ, വിജയ് ബാബു, വിനായകൻ, സണ്ണി വെയ്ൻ, സൈജു ഗോവിന്ദ കുറുപ്പ്, അജു വർഗീസ്, ഇന്ദ്രൻസ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മറ്റ് അപ്ഡേറ്റകുകൾ ഒന്നും തന്നെ വന്നിട്ടില്ല.
ALSO READ: ‘ചന്തു ഇത്തവണയും വിജയിക്കുമോ’? ഒരു വടക്കൻ വീരഗാഥ റീ-റിലീസിന് ഒരുങ്ങുന്നു, ടീസർ എത്തി
2015 ഫെബ്രുവരിയിലാണ്, മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ ‘ആട്: ഒരു ഭീകരജീവിയാണ്’എന്ന ചിത്രം പുറത്തിറങ്ങുന്നത്. ജയസൂര്യ, ഭഗത് മാനുവൽ, സൈജു കുറുപ്പ്, ധർമ്മജൻ ബോൾഗാട്ടി, വിജയ് ബാബു തുടങ്ങിയരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തീയറ്ററുകളിൽ വലിയ വിജയം നേടാൻ കഴിഞ്ഞില്ലെങ്കിലും, ടിവിയിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ഷാജി പാപ്പനും കൂട്ടരും പ്രേക്ഷകരുടെ മനസിൽ ഇടം നേടി. തുടർന്ന്, 2017-ൽ പുറത്തിറങ്ങിയ ‘ആട് 2’ വലിയ വിജയം കൈവരിച്ചു.