Lokesh Kanakaraj: ‘ലിയോ 2 ഇനിയില്ല, ഈ ചിത്രത്തോട് കൂടി എൽസിയു അവസാനിപ്പിക്കും’; വെളിപ്പെടുത്തി ലോകേഷ് കനകരാജ്
Lokesh Kanakaraj Revealed the Last Movie of LCU : എൽസിയുവിനെ കുറിച്ച് തന്റെ മനസിലുള്ള ഐഡിയ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്. കൂടാതെ, വരാനിരിക്കുന്ന ചിത്രങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
കോളിവുഡിന്റെ മാത്രമല്ല തെന്നിന്ത്യൻ സിനിമ പ്രേമികളുടെ മുഴുവൻ ശ്രദ്ധ നേടിയെടുത്ത സിനിമാറ്റിക് യൂണിവേഴ്‌സാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് അഥവാ എൽസിയു. കൈതി, വിക്രം, ലിയോ എന്നീ മൂന്ന് ചിത്രങ്ങളാണ് നിലവിൽ ഇതുവരെ ഈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങിയത്. അടുത്ത ചിത്രങ്ങൾക്കായി ഓരോ ആരാധകരും ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.
ആരാധകർക്കിടയിൽ എൽസിയു എന്നുമൊരു സംസാര വിഷയമാണ്. ഇപ്പോഴിതാ, എൽസിയുവിനെ കുറിച്ച് തന്റെ മനസിലുള്ള ഐഡിയ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്. കൂടാതെ, വരാനിരിക്കുന്ന ചിത്രങ്ങളെ കുറിച്ചും ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം സംസാരിച്ചു.
“യൂണിവേഴ്‌സ് ആയല്ല, ഒരു ക്രോസ് ഓവർ ചിത്രമായാണ് വിക്രം ആരംഭിക്കുന്നത്. അത് ചെയ്തു തുടങ്ങിയപ്പോഴാണ് ഒരു യൂണിവേഴ്സിന്റെ സാധ്യത മനസിലായത്. യുണിവേഴ്സിൽ നിലവിൽ മൂന്ന് ചിത്രങ്ങൾ മാത്രമാണ് ഉള്ളത്. നാലാമത്തെ ചിത്രമായിരിക്കണം യൂണിവേഴ്സിന്റെ അടിത്തറ. അഞ്ചാമത്തേത് അടുത്ത അടിത്തറ. ആറാമത്തേത് പ്രീ ക്ലൈമാക്സ് ആകും. ഏഴാമത്തേതോ എട്ടാമത്തേതോ ആയ ചിത്രത്തിലൂടെ യൂണിവേഴ്‌സ് അവസാനിപ്പിക്കണം.” ലോകേഷ് പറഞ്ഞു.
ALSO READ: വേട്ടയ്യൻ ഒടിടിയിൽ എത്താൻ ഇനി ദിവസങ്ങൾ മാത്രം
“കൈതി 2 ആണ് അടുത്തത് വരാനിരിക്കുന്ന ചിത്രം. പിന്നീട് റോളക്സ് എന്നൊരു സ്റ്റാൻഡ് എലോൺ ചിത്രവുമുണ്ട്. അതിനു ശേഷം വിക്രം 2. ഇതിൽ കൈതി 2 -ന്റെ രചന ഇതോടകം പൂർത്തിയാക്കിയിട്ടുണ്ട്. കാർത്തിയോടും നിർമ്മാതാവ് എസ് ആർ പ്രഭുവിനോടും ഐഡിയ പറഞ്ഞിട്ടുണ്ട്. അവർ അതിൽ തൃപ്തരാണ്. ആറ് വർഷങ്ങൾക്ക് ശേഷം ദില്ലിയെയും അയാളുടെ ലോകത്തെയും സ്‌ക്രീനിൽ എത്തിക്കുന്നതിന്റെ ആവേശം ഉണ്ട്. യൂണിവേഴ്സിലെ മറ്റ് ചിത്രങ്ങൾ ഇപ്പോഴും ആശയതലത്തിലാണ് നിൽക്കുന്നത്.” ലോകേഷ് വ്യക്തമാക്കി.
വിജയ് സിനിമയിൽ തന്നെ തുടർന്നിരുന്നുവെങ്കിൽ താൻ ലിയോ 2 ചെയ്യുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മയക്കുമരുന്ന് ഇല്ലാത്ത ഒരു സമൂഹത്തിന് വേണ്ടിയാണ് എൽസിയുവിലെ കഥാപാത്രങ്ങൾ പ്രവർത്തിക്കുന്നതെന്നും ലോകേഷ് പറഞ്ഞു.