Lal Jose: ‘ആ ചിത്രത്തിൽ നിന്ന് പിന്മാറിയതിൽ എനിക്ക് കുഞ്ചാക്കോ ബോബനോട് ദേഷ്യം ഉണ്ടെന്നാണ് അദ്ദേഹം കരുതിയിരുന്നത്’; ലാൽ ജോസ്
Director Lal Jose About Kunchacko Boban: ക്ലാസ്‌മേറ്റ്‌സ് സിനിമയിൽ നിന്ന് അവസാന നിമിഷം കുഞ്ചാക്കോ ബോബൻ പിന്മാറിയതിന് പിന്നാലെ ലാൽ ജോസും കുഞ്ചാക്കോ ബോബനും തമ്മിൽ പിണക്കം ഉണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സജീവമായിരുന്നു.
‘ഒരു മറവത്തൂർ കനവ്’ എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് ലാൽ ജോസ്. വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പല ഹിറ്റുകളും സമ്മാനിച്ച്, മുൻനിര സംവിധായകന്മാരിൽ ഒരാളായി അദ്ദേഹം മാറി. സംവിധാനത്തിൽ മാത്രമല്ല അഭിനയത്തിലും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. നിവിൻ പോളി നായകനായ ‘ഓം ശാന്തി ഓശാന’ എന്ന ചിത്രത്തിലെ ലാൽ ജോസിന്റെ കഥാപത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ ‘ക്ലാസ്‌മേറ്റ്സ്’ സംവിധാനം ചെയ്തതും ലാൽ ജോസാണ്. പൃഥ്വിരാജ്, നരേൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് കുഞ്ചാക്കോ ബോബനെയാണ്. എന്നാൽ, ചില കാരണങ്ങളാണ് അദ്ദേഹം സിനിമയിൽ നിന്ന് അവസാന നിമിഷം പിന്മാറുകയായിരുന്നു. ഈ സംഭവത്തിന് പിന്നാലെ ലാൽ ജോസും കുഞ്ചാക്കോ ബോബനും തമ്മിൽ പിണക്കം ഉണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സജീവമായിരുന്നു. എന്നാൽ, അന്ന് യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന്ന് ലാൽ ജോസ് തന്നെ വെളിപ്പെടുത്തിയിരുന്നു. സിനി പ്ലസ് എന്റർടൈൻമെൻറ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ ആയിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ലാൽ ജോസ് മുൻപ് നൽകിയ ഈ അഭിമുഖമാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.
“ക്ലാസ്‌മേറ്റ്‌സിൽ അഭിനയിക്കാമെന്ന് പറഞ്ഞിട്ട് അവസാന നിമിഷം ചാക്കോച്ചൻ മാറിയത് കൊണ്ട് ഞങ്ങൾ തമ്മിൽ ഒരു പിണക്കം ഉണ്ടെന്ന് ഇൻഡസ്ട്രി മൊത്തത്തിൽ വിശ്വസിച്ചിരുന്നു. എനിക്ക് എന്തോ അവരോട് ദേഷ്യം ഉണ്ടെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ വാസ്തവത്തിൽ എനിക്ക് ദേഷ്യം ഒന്നുമില്ല. ചോദിച്ചു അവർക്ക് പറ്റില്ല എന്ന് പറഞ്ഞു, വേറൊരാളെ വെച്ച് നമ്മൾ പടം ചെയ്തു. സിനിമ വിജയിക്കുകയും ചെയ്തു. അങ്ങനെ ഒരു ദിവസം എന്നെ ബെന്നി പി നായരമ്പലം വിളിച്ചു. ഒരു വേളാങ്കണ്ണി യാത്രയുണ്ട്. ബെന്നിയുടെ കുടുംബവും, കുഞ്ചാക്കോ ബോബനും ഭാര്യയും വരുന്നുണ്ട്, നിനക്കും ഭാര്യക്കും വരാൻ താല്പര്യം ഉണ്ടോ എന്ന് ചോദിച്ചു. ഞങ്ങൾ വരാമെന്ന് പറഞ്ഞു.
അങ്ങനെ ഞങ്ങൾ ഒരുമിച്ച് വേളാങ്കണ്ണിക്ക് പോയി. പ്രിയ (കുഞ്ചാക്കോ ബോബന്റെ ഭാര്യ) വെട്ടി തുറന്ന് കാര്യങ്ങൾ ചോദിക്കുന്ന ആളാണ്. പ്രിയ എന്നോട് വന്ന് ചോദിച്ചു, ലാൽ സാറിന് ചാക്കോച്ചനോട് ദേഷ്യം ഉണ്ടോ ക്ലാസ്‌മേറ്റ്‌സിൽ അഭിനയിക്കാത്തത് കൊണ്ട് എന്ന്. ഞാൻ പറഞ്ഞു, എനിക്ക് ദേഷ്യം ഒന്നുമില്ല. എനിക്ക് എന്തിനാണ് ദേഷ്യം. കൊല്ലവുള്ള വേറൊരാൾ അഭിനയിച്ചു, സിനിമ വിജയിക്കുകയും ചെയ്തു പിന്നെന്തിനാ ദേഷ്യം എന്ന് ഞാൻ പറഞ്ഞു. അതൊരു സൗഹൃദത്തിന്റെ തുടക്കമായി” എന്നും ലാൽ ജോസ് പറഞ്ഞു.
വേളാങ്കണ്ണി യാത്രക്കിടയിലാണ് ‘എൽസമ്മ എന്ന ആൺകുട്ടി’ എന്ന ചിത്രത്തെ കുറിച്ച് താൻ കുഞ്ചാക്കോ ബോബനോട് പറയുന്നത്. പശുവിനെ കറക്കലും കാര്യങ്ങളുമൊക്കെയായി നീ ഇതുവരെ ചെയ്യാത്ത ഒരു പരിപാടിയാണെന്ന് പറഞ്ഞു. അങ്ങനെ പാലുണ്ണി എന്ന കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോൾ തന്നെ താൻ ആ വേഷം ചെയ്യാമെന്ന് കുഞ്ചാക്കോ ബോബൻ പറയുകയായിരുന്നുവെന്നും ലാൽ ജോസ് കൂട്ടിച്ചേർത്തു.