Lal Jose: ‘അവർ ആദ്യം ചോദിച്ചത് എന്തെങ്കിലും പെണ്ണ് കേസില്‍ പെട്ടോ എന്നാണ്; മൂന്ന് ദിവസം ഉറങ്ങിയില്ല’; അനുഭവം പങ്കുവച്ച് ലാല്‍ ജോസ്
Director Lal Jose About Depression:കരിയറിലുണ്ടായ തുടര്‍ പരാജയങ്ങള്‍ തന്നെ ഡിപ്രഷനിലേക്ക് എത്തിച്ചെന്ന് ലാൽ ജോസ് ഒരിക്കൽ പറഞ്ഞിരുന്നു. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലായിരുന്നു ലാല്‍ ജോസ് ആ അനുഭവം പങ്കുവച്ചത്.

മലയാള സിനിമ പ്രേമികൾക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. സഹസംവിധായകനായാണ് ലാൽ ജോസിന്റെ തുടക്കം. പിന്നീട് ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായ ലാൽ പിന്നീട് മലയാളികൾക്ക് സമ്മാനിച്ചത് ഒരുപിടി നല്ല ചിത്രങ്ങൾ. ദിലീപ്, ഫഹദ് ഫാസിൽ, പൃഥ്വിരാജ് തുടങ്ങിയവരെ അണിനിരത്തികൊണ്ട് ഹിറ്റുകൾ സ്വന്തമാക്കിയ സംവിധായകൻ മീശമാധവന്‍, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്‌മേറ്റ്‌സ്, അറബിക്കഥ, ഇമ്മാനുവല്‍ , ഡയമണ്ട് നെക്ലേസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് കാരണകാരനായി.
എന്നാൽ തുടക്കം മുതൽ വിജയങ്ങൾ സ്വന്തമാക്കിയ അദ്ദേഹത്തെ തേടി കനത്ത പരാജയങ്ങളും എത്തിയിരുന്നു. ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രം വലിയ ഹിറ്റായിരുന്നു. ഇതിനു പിന്നാലെ അദ്ദേഹത്തിനു നേരിടേണ്ടി വന്നത് തുടർ പരാജയങ്ങളായിരുന്നു. കരിയറിലുണ്ടായ തുടര്‍ പരാജയങ്ങള്‍ തന്നെ ഡിപ്രഷനിലേക്ക് എത്തിച്ചെന്ന് ലാൽ ജോസ് ഒരിക്കൽ പറഞ്ഞിരുന്നു. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലായിരുന്നു ലാല്‍ ജോസ് ആ അനുഭവം പങ്കുവച്ചത്.
രസികൻ തീയേറ്ററുകളിൽ പരാജയപ്പെട്ടതോടെ താൻ വീട്ടിലേക്ക് മടങ്ങിയത് വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നുവെന്നാണ് ലാൽ ജോസ് പറയുന്നത്. തന്റെ കരിയർ അവസാനിച്ചുവെന്ന് കരുതി. മീശമാധവന്‍ എന്ന വലിയ ഹിറ്റിനു ശേഷമാണ് പട്ടാളവും രസികനും പരാജയപ്പെട്ടത്. എന്ത് ചെയ്യണമെന്ന് അറിയാതെ വീട്ടിലേക്ക് പോകുകയായിരുന്നു. രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ഭാര്യ ലീന താൻ ഈ മൂന്ന് ദിവസം ഉറങ്ങിയിട്ടില്ലെന്ന് ശ്രദ്ധിച്ചു. പകലുമുഴുവന്‍ വീട്ടില്‍ ടിവിയും കണ്ടിരിക്കും. രാത്രിയിൽ കണ്ണ് തുറന്ന് കിടക്കുമെന്നും അദ്ദേഹം പറയുന്നു.
എന്നാൽ തനിക്ക് ഇക്കാര്യം അറിയുന്നില്ല. രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഭാര്യ തന്റെ അച്ഛനെ വിളിച്ച് ഇക്കാര്യം പറഞ്ഞു. അപ്പച്ചൻ തന്നെയും കൂട്ടി ഒറ്റപ്പാലത്തെ വേലായുധന്‍ വൈദ്യരുടെ അടുത്തു കൊണ്ടുപോയി. അദ്ദേഹം നല്ലൊരു രസികനാണ്. വൈദ്യര്‍ ആദ്യം ചോദിച്ചത് എന്തെങ്കിലും പെണ്ണ് കേസില്‍ പെട്ടോ എന്നാണ്. ഇല്ല എന്ന് അപ്പച്ചന്‍ പറഞ്ഞു. ധാരാളം പൈസ നഷ്ടപ്പെട്ടോ എന്ന് ചോദിച്ചു. ഇവന്റെ പൈസയൊന്നും നഷ്ടപ്പെട്ടില്ല. പക്ഷെ ഇവന്‍ കാരണം വേറെ കുറേ ആളുകളുടെ പൈസ നഷ്ടം വന്നുവെന്ന് അപ്പച്ചന്‍ പറഞ്ഞു.
ഇത് കേട്ട അദ്ദേഹം തനിക്ക് ഒരു ചൂര്‍ണവും എണ്ണയും തന്നു. തലയില്‍ കുളിര്‍ക്കാന്‍ തേച്ച് കുളിപ്പിക്കണം. ചൂര്‍ണം പാലില്‍ കലക്കി കൊടുക്കണം. വിളിച്ച് എഴുന്നേല്‍പ്പിക്കണ്ട. എഴുന്നേല്‍ക്കുമ്പോള്‍ എഴുന്നേറ്റാല്‍ മതിയെന്നും പറഞ്ഞു. പിന്നീടുള്ള 48 മണിക്കൂർ താൻ ഉറങ്ങി. പിന്നീട് എഴുന്നേറ്റപ്പോൾ താൻ നോർമൽ ആയെന്നും അദ്ദേഹം പറഞ്ഞു. ഇതിനു ശേഷം താൻ വീണ്ടും ആ വൈദ്യരെ പോയി കണ്ടു. തനിക്ക് തന്നത് കിട്ടിയാല്‍ കൊള്ളാമെന്നും എപ്പോഴെങ്കിലും ഉറക്കം വരാതിരിക്കുമ്പോള്‍ കഴിക്കാലോ എന്നു താൻ പറഞ്ഞു. എന്നാൽ അത് വേണ്ട, അതിനോട് ഒരു ആസക്തി തോന്നുവെന്നും അത് ഭ്രാന്തമാരെ മയക്കാന്‍ വേണ്ടി കൊടുക്കുന്ന മരുന്നാണെന്നും വൈദ്യര്‍ പറഞ്ഞുവെന്നാണ് ലാൽ ജോസ് പറയുന്നത്.