Jis Joy: ‘ആരാണ് മോന്റെ അച്ഛനെന്ന് അവർ ചോദിച്ചു, ഇത് കേട്ട് ഇന്ദ്രജിത്തിന്റെ കണ്ണ് നിറഞ്ഞു’; സംവിധായകൻ ജിസ് ജോയ്
Jis Joy Shares an Incident About Indrajith: പിന്നീട് ഈ അനുഭവത്തിന്റെ വെളിച്ചത്തിലാണ് സൺഡേ ഹോളിഡേ എന്ന ചിത്രത്തിൽ നടി സേതുലക്ഷ്മിയെ കൊണ്ട് അതുപോലൊരു കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു.
വിനയന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന സിനിമയുടെ ചിത്രീകരണ സമയത്തെ അനുഭവങ്ങൾ ഓർത്തെടുത്ത് സംവിധായകൻ ജിസ് ജോയ്. അന്ന് ഒരു കൈ നോട്ടക്കാരി ഇന്ദ്രജിത്തിന്റേയും, ജയസൂര്യയുടെയും കൈനോക്കിയ രസകരമായ അനുഭവം ആണ് ജിസ് ജോയ് പങ്കുവെച്ചത്. പിന്നീട് ഈ അനുഭവത്തിന്റെ വെളിച്ചത്തിലാണ് സൺഡേ ഹോളിഡേ എന്ന ചിത്രത്തിൽ സേതുലക്ഷ്മിയെ കൊണ്ട് അതുപോലൊരു കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു. സഫാരി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ജിസ് ജോയ് ഈ അനുഭവം പങ്കുവെച്ചത്.
“ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം. ഷൂട്ടിങ്ങില്ലാതെ ഒരു ദിവസം ഇന്ദ്രജിത്തുമായി ജയസൂര്യ വാഴക്കാലയിൽ ഉള്ള എന്റെ വീട്ടിൽ വന്നു. പാലിയോ എന്ന കാറാണെന്ന് തോന്നുന്നു. ഇന്ദ്രജിത്ത് അത് വാങ്ങിച്ചതിന്റെ അടുത്ത ദിവസമാണ് വന്നത്. നമ്പരൊന്നും കിട്ടിയിട്ടില്ല. വീട്ടിൽ വന്ന വാ അളിയാ നമുക്ക് എറണാകുളം വരെ പോകാമെന്ന്. അന്ന് ലുലു മാൾ ഒന്നും തുടങ്ങിയിട്ടില്ല. നമുക്ക് ആകെ പോയിരിക്കാവുന്ന ഒരു സ്ഥലം മറൈൻ ഡ്രൈവ് ആണ്. ജിസിഡിഎ കോംപ്ലക്‌സിന്റെ അവിടെ കായലിലേക്ക് നോക്കിയിരിക്കാം. ഞാനും ജയസൂര്യയും ഇന്ദ്രജിത്തും കൂടി കാറിൽ ജിസിഡിഎയിലേക്ക് പോകുന്നു. ഒരു ഞായറാഴ്ച ആയിരുന്നു. ഞങ്ങൾ അവിടെ ഒത്തിരി കാര്യങ്ങൾ സംസാരിച്ച് ഇരിക്കുവായിരുന്നു. ഇത്രയും വലിയ ഒരു നടന്റെ മകനായ ഇന്ദ്രജിത്തിനെ ഒക്കെ അടുത്ത് പരിചയപ്പെട്ടതിൽ സന്തോഷം തോന്നി. ജയൻ ആണെങ്കിൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകനായി മാറിക്കഴിഞ്ഞു.” ജിസ് ജോയ് പറയുന്നു.
“അങ്ങനെ ഇരിക്കുന്ന സമയത്ത് ഒരു സ്ത്രീ തത്തയുമായി കൈനോക്കാൻ എത്തി. മുണ്ടുടുത്ത് 67-68 വയസുള്ള ഒരു പ്രായംചെന്ന ഒരു സ്ത്രീ. ആ അമ്മ പലരുടെയും അടുത്ത് ചെല്ലുന്നു. പലരും വേണ്ട എന്ന് പറയുന്നു. അങ്ങനെ ഞങ്ങളുടെ അടുത്തേക്ക് എത്തുന്നു. ഞങ്ങൾക്ക് വേറെ സമയം കളയാനില്ലാത്തതിനാൽ ഒന്ന് കൈ നോക്കിക്കളയാം എന്ന് വിചാരിച്ചു. ജയസൂര്യയുടെ കൈ കാണിക്കുന്നു. ജയസൂര്യയുടെ മുഖം നോക്കിയിട്ട് പറയുന്നു കലാകാരൻ ആണ്, കലാരംഗത്ത് വലിയ ആളാകുമെന്ന്. അന്ന് ജയസൂര്യ എന്നും മൂകാംബിക കുങ്കുമം തൊടാറുണ്ട്. ഒരു കലാകാരന്റെ ലുക്കുണ്ട്. സിനിമയിലേക്ക് വരും. കലാരംഗം തന്നെയാണ് മേഖല എന്നൊക്കെ പറയുന്നു. ഒത്തിരി സന്തോഷം ആകുന്നു.
അതിന് ശേഷം ഇന്ദ്രജിത്തിന്റെ കൈ നോക്കുന്നു. ഇന്ദ്രൻ ഇത് ഇപ്പോൾ ഓർക്കുന്നുണ്ടോ എന്നറിയില്ല. കൈ നോക്കിയിട്ട് നിങ്ങളും കലാകാരൻ ആണ്, ഗായകനാണ് എന്ന് പറയുന്നു. നമ്മൾ കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട് എന്ന ഭാവത്തിൽ നോക്കികൊണ്ടിരുന്നു. പിന്നെ ആ സ്ത്രീ ഇന്ദ്രജിത്തിന്റെ മുഖത്തേക്ക് നോക്കി കൈയിലേക്ക് നോക്കി വീണ്ടും മുഖത്തേക്ക് നോക്കുന്നു. കുഞ്ഞിന്റെ അച്ഛൻ രാജ്യം ഭരിക്കേണ്ട ആളാണ്, ഒത്തിരി പ്രജകളുണ്ടാകേണ്ടയാളാണ് എന്ന് പറയുന്നു. അത്രയും പേർ ആരാധിക്കേണ്ടയാളാണ്. വളരെ കൗതുകത്തോടെ ആരാണ് മോന്റെ അച്ഛൻ എന്ന് ചോദിക്കുമ്പോൾ ഇന്ദ്രജിത്തിന്റെ കണ്ണ് നിറയുന്നു. എന്റെ അച്ഛൻ സിനിമ നടനായിരുന്നു. സുകുമാരൻ. സുകുമാരന്റെ മോനാണോ എന്ന് അവർ ചോദിക്കുന്നു. അച്ഛൻ മരിച്ചിട്ട് രണ്ട് വർഷമായി. ഞാൻ പറയുന്നത് 2000-2001ലെ കാര്യമാണ്” എന്നും അദ്ദേഹം പറഞ്ഞു.
അത് വല്ലാത്ത ഒരു ഷോക്കായിപ്പോയി. ഇന്നും എനിക്കതിന് ഉത്തരമില്ല. എനിക്ക് അന്നും അത്ഭുതമാണ്, എങ്ങനെയാണ് അവർ അത് പറഞ്ഞത്. അവർ അത് എന്തുകൊണ്ട് എന്നോടോ ജയസൂര്യയോടോ പറഞ്ഞില്ല. കൃത്യമായി ഇന്ദ്രജിത്തിന്റെ കൈപിടിച്ച് മുഖത്ത് നോക്കി ചോദിച്ചു. ഈ കഥാപാത്രത്തെ ഞാൻ അങ്ങനെ തന്നെ സേതുലക്ഷ്മി ചേച്ചിയെ കൊണ്ട് സൺഡേ ഹോളിഡേ എന്ന ചിത്രത്തിൽ ഒരു നിർണായകമായ സമയത്ത്, നായകൻ ഇനി മുന്നോട്ട് എന്ത് എന്ന് ആലോചിച്ചിരിക്കുന്ന സമയത്ത് ഇതേ പരിവേഷത്തിൽ ഞാൻ അവതരിപ്പിച്ചിട്ടുണ്ട്. അന്ന് സേതുലക്ഷ്മി ചേച്ചിയെ ഞാൻ അണിയിച്ചൊരുക്കിയത് ഇത്തരം ഒരു ജീവിതാനുഭവത്തിന്റെ വെളിച്ചത്തിൽ ആണെന്നും” ജിസ് ജോയ് കൂട്ടിച്ചേർത്തു.