5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Barroz Release: ‘ബറോസിന്റെ റിലീസ് തീയതി കേട്ടപ്പോൾ അത് ദൈവനിശ്ചമായാണ് തോന്നിയത്, കാര്യമറിഞ്ഞപ്പോൾ ലാലും വിസ്മയിച്ചുപോയി’; ഫാസിൽ

Barroz Movie Release Date: റിലീസ് തീയതിയുടെ പ്രത്യേകത വ്യക്‌തമാക്കിക്കൊണ്ടുള്ള ഒരു വീഡിയോയോട് കൂടിയായിരുന്നു ഫാസിൽ തീയതി പ്രഖ്യാപിച്ചത്.

Barroz Release: ‘ബറോസിന്റെ റിലീസ് തീയതി കേട്ടപ്പോൾ അത് ദൈവനിശ്ചമായാണ് തോന്നിയത്, കാര്യമറിഞ്ഞപ്പോൾ ലാലും വിസ്മയിച്ചുപോയി’; ഫാസിൽ
സംവിധായകൻ ഫാസിൽ, ബറോസ് പോസ്റ്റർ (Image Credits: Ashirvadh Cinemas)
nandha-das
Nandha Das | Updated On: 15 Nov 2024 16:04 PM

മലയാളി സിനിമ പ്രേക്ഷകർ ഉറ്റുനോക്കുന്ന ഒരു ചിത്രമാണ് ‘ബറോസ്’. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. അടുത്ത മാസം 25-ന് ക്രിസ്മസ് റിലീസായി എത്താനിരിക്കുകയാണ് ‘ബറോസ്’. സംവിധായകൻ ഫാസിലാണ് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. റിലീസ് തീയതിയുടെ പ്രത്യേകത വ്യക്‌തമാക്കിക്കൊണ്ടുള്ള ഒരു വീഡിയോയോട് കൂടിയായിരുന്നു പ്രഖ്യാപനം.

19-കാരനായ മോഹൻലാലിനെ താൻ ആദ്യമായി വെള്ളിത്തിരയിലെത്തിച്ച ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രവും റീലീസായത് ഒരു ഡിസംബർ 25-നാണെന്ന് ഫാസിൽ ഓർക്കുന്നു. പിന്നീട്, മോഹൻലാലിനെ വെച്ച് സംവിധാനം ചെയ്ത ‘മണിച്ചിത്രത്താഴും’ റിലീസായത് ഒരു ഡിസംബർ 25-ന് തന്നെയാണ്. ഇതൊരു ദൈവനിശ്ചയമായാണ് തോന്നിയതെന്നും അദ്ദേഹം പറയുന്നു. ഇക്കാര്യം മോഹൻലാലിനെ അറിയിച്ചപ്പോൾ അദ്ദേഹം വിസ്മയിച്ചു പോയെന്നും ഫാസിൽ കൂട്ടിച്ചേർത്തു.

ഫാസിലിന്റെ വാക്കുകൾ:

“മലയാളത്തിന്റെ പ്രിയങ്കരനായ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ‘ബറോസ്’ എന്ന ചിത്രത്തിന്റെ അലങ്കാരങ്ങളും ഒരുക്കങ്ങളുമെല്ലാം പൂർത്തിയായിരിക്കുന്നു. ഗുരുസ്ഥാനത്ത് ഉള്ളവരെ നേരിട്ട് പോയി കണ്ട് അനുഗ്രഹങ്ങൾ വാങ്ങിച്ച്, അവരെക്കൊണ്ട് വിളക്കുകൊളുത്തികൊണ്ടാണ് ഈ സിനിമ തുടങ്ങുന്നത് തന്നെ. നീണ്ട 700 ദിവസങ്ങളിലെ കഠിന പരിശ്രമങ്ങളുടെയും കഠിനാധ്വാനത്തിന്റെയും ആകെത്തുകയാണ് ‘ബറോസ്’ എന്ന ബ്രഹ്മാണ്ഡ ചിത്രം. ഇന്നലെ മോഹൻലാൽ വിളിച്ച് സ്നേഹപൂർവ്വം ചോദിച്ചു, ‘ബറോസ്’ സിനിമയുടെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കാമോ എന്ന്. കൗതുകത്തോടെ ഞാൻ ചോദിച്ചു, എന്നാ റിലീസ്? മോഹൻലാൽ റിലീസ് തീയതി പറഞ്ഞതോട് കൂടി, വല്ലാണ്ട് ഞാൻ വിസ്മയിച്ചുപോയി.

ഒരു മുൻധാരണയും ഒരുക്കവുമില്ലാതെയാണ് റിലീസ് തീയതി തീരുമാനിച്ചതെങ്കിലും അതെന്തൊരു ഒത്തുചേരലാണ്, നിമിത്തമാണ്, പൊരുത്തമാണ്. ദൈവനിശ്ചയമാണെന്ന് തോന്നിപ്പോയി. എന്റെ തോന്നൽ ഞാൻ മോഹൻലാലിനോട് പറഞ്ഞപ്പോൾ അദ്ദേഹം എന്നേക്കാൾ പതിന്മടങ്ങ് വിസ്മയിച്ചുപോയി. കുറെ നേരത്തേക്ക് മിണ്ടാട്ടമില്ല. അറിയാതെ ദൈവമേ എന്ന് വിളിച്ചുപോയി. പിന്നെ സഹധർമിണി സുചിയെ വിളിക്കുന്നു, ആന്റണിയെ വിളിക്കുന്നു, ആന്റണി എന്നെ വിളിക്കുന്നു.

ALSO READ: സിനിമ റിലീസായിട്ട് മണിക്കൂറുകൾ മാത്രം; ‘കങ്കുവ’യുടെ ഹൈ ക്വളിറ്റി വ്യാജൻ പുറത്ത്

എല്ലാവർക്കും ഇതെങ്ങനെ ഒത്തുചേർന്നുവന്നു എന്നൊരു അദ്ഭുതമായിരുന്നു. സംഗതി ഇതാണ്, അതായത്, മോഹൻലാൽ എന്ന 19 വയസ്സുകാരനെ ഇന്നറിയുന്ന മോഹൻലാൽ ആക്കി മാറ്റിയത് ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളെ’ന്ന ചിത്രമാണ്. അക്കാലത്തു പ്രേക്ഷകർ റിപ്പീറ്റ് ചെയ്ത് കണ്ട സൂപ്പർ ഹിറ്റ് സിനിമയായിരുന്നു. മലയാള സിനിമയുടെ ഗതി തന്നെ മാറ്റി വിട്ട സിനിമയാണെന്ന് പറയപ്പെട്ടു. കലാമൂല്യവും ജനപ്രീതിയുമുള്ള സംസ്ഥാന പുരസ്‌കാരം ലഭിക്കുകയും ചെയ്തു.

വർഷങ്ങൾക്ക് ശേഷം മോഹൻലാൽ ചെയ്ത മറ്റൊരു സിനിമ. അത് മഞ്ഞിൽ വിരിഞ്ഞ പൂക്കളെക്കാളും ജനങ്ങൾ ആവർത്തിച്ചുകണ്ടു. അതൊരു മെഗാ ഹിറ്റായി. ആ സിനിമ കാലാതീതമാണെന്ന് പറയപ്പെട്ടു. കലാമൂല്യവും ജനപ്രീതിയുമുള്ള സംസ്ഥാന പുരസ്കാരവും ദേശീയ പുരസ്കാരവും ലഭിച്ചു. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസ് ചെയ്തത് 1980 ഡിസംബർ 25-നാണ്. മണിച്ചിത്രത്താഴും റിലീസ് ചെയ്തത് ഒരു ഡിസംബർ 25-നാണ്. 1993 ഡിസംബർ 25.

മോഹൻലാലിൻറെ ‘ബറോസും’ റിലീസ് ചെയ്യാൻ പോകുന്നത് ഒരു ഡിസംബർ 25-നാണ്. ഒന്നാലോചിച്ച് നോക്കൂ, നാലര പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിരക്കിനിടയിൽ മുത്തി മുത്തി പഠിച്ചെടുത്ത അനുഭവങ്ങൾ കൊണ്ട് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത സിനിമ, മോഹൻലാലിൻറെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസ് ആയ ദിവസവുമായി ആകസ്മികമായി ഒത്തുവരുന്നു. ‘മഞ്ഞിൽ വിരിഞ്ഞ’ നടൻ സംവിധാനം ചെയ്ത സിനിമയുടെ റിലീസ് ഔദ്യോഗികമായി പറയണമെന്നാവശ്യപ്പെട്ട് നീണ്ട നാല്പത്തിനാല് വർഷങ്ങൾക്ക് ശേഷം മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ സംവിധായകനെ തന്നെ വിളിക്കുകയാണ്. ഇതൊക്കെ നിമിത്തം, പൊരുത്തം, ദൈവകൃപ എന്നല്ലാതെ വേറെന്താ പറയേണ്ടത്.

എനിക്ക് തോന്നുന്നത് മഞ്ഞിൽ വിരിഞ്ഞ പൂക്കളേക്കാൾ, മണിച്ചിത്രത്താഴിനെക്കാൾ വളരെ വളരെ വളരെ ഉയരെ നിൽക്കുന്ന ഒരതുല്യ കലാസൃഷ്ടിയാകും ‘ബറോസ്’ എന്നാണ്. ഏറ്റവും കുറഞ്ഞ പക്ഷം ‘ബറോസ്’ ഒരു ആഗോള ഇതിഹാസ സിനിമയായി മാറട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. അതിനായി ഹൃദയത്തിൽതൊട്ട് പ്രാർഥിക്കുകയും ചെയ്യുന്നു. മോഹൻലാലിനും, അദ്ദേഹത്തിന്റെ ടീമിനും എല്ലാ നന്മകളും നേരുന്നു. ബറോസ് 2024 ഡിസംബർ 25-ന് പ്രേക്ഷകരുടെ മുമ്പിൽ എത്തുന്നു എന്ന സന്തോഷ വാർത്ത പ്രേക്ഷകർക്ക് മുന്നിൽ ഔദ്യോഗികമായി അറിയിക്കുന്നു” ഫാസിൽ പറഞ്ഞു.

 

 

അതേസമയം, ചിത്രത്തിന്റെ ത്രീഡി ട്രെയ്ലർ കഴിഞ്ഞ ദിവസം മുതൽ തീയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. പ്രേക്ഷകർക്കിടയിൽ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.