Aadujeevitham: 150 കോടി ക്ലബിലെത്തിയെങ്കിലും ആടുജീവിതം ലാഭകരമല്ലെന്ന് ബ്ലെസി; കാരണം ഉയർന്ന ബജറ്റ്
Aadujeevitham Movie - Blessy: ആടുജീവിതം സിനിമ ലാഭകരമായതാണെന്ന് പറയാനാവില്ലെന്ന് സംവിധായനും നിർമ്മാതാവുമായ ബ്ലെസി. 150 കോടി ക്ലബിലെത്തിയെങ്കിലും സിനിമ ലാഭകരമല്ലെന്ന് ബ്ലെസി അറിയിച്ചു.

പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ ആടുജീവിതം എന്ന സിനിമ ലാഭകരമായിരുന്നില്ലെന്ന് സംവിധായകനും നിർമ്മാതാവുമായ ബ്ലെസി. തീയറ്ററിൽ നിന്ന് 150 കോടിയിലധികം നേടിയെങ്കിലും സിനിമ ലാഭകരമായിരുന്നില്ലെന്ന് ബ്ലെസി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിനോടാണ് ബ്ലെസിയുടെ പ്രതികരണം.
ലാഭകരമെന്ന് പറയാൻ കഴിയാത്ത സിനിമയാണ് ആടുജീവിതം. അങ്ങനെ പറയാൻ പറ്റുന്ന തരത്തിലേക്ക് എത്തിയിട്ടില്ല. ഇതിൻ്റെ ഭീമമായ ബജറ്റായിരുന്നു അതായിരുന്നു കാരണം. കൊവിഡൊക്കെ കാരണം കുറേ ചിലവ് കൂടി. അതിലേക്ക് ഇനിയും കുറച്ച് കാര്യങ്ങളും കൂടി വരുമ്പോൾ ബ്രേക്ക് ഈവനാവുമെന്ന് പറയാം എന്നും അദ്ദേഹം വിശദീകരിച്ചു. 80 കോടിയ്ക്ക് മുകളിലായിരുന്നു ആടുജീവിതത്തിൻ്റെ മുതൽമുടക്ക്. മികച്ച അഭിപ്രായങ്ങൾ ലഭിച്ച സിനിമ തീയറ്ററുകളിൽ നിന്ന് 150 കോടിയിലധികം രൂപ സ്വന്തമാക്കിയിരുന്നു.
ബെന്യാമിൻ്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി അണിയിച്ചൊരുക്കിയ സിനിമയായിരുന്നു ആടുജീവിതം. പൃഥ്വിരാജ് പ്രധാനവേഷത്തിലെത്തിയ സിനിമയിൽ അമല പോൾ, കെആർ ഗോകുൽ, ജിമ്മി ജീൻ ലൂയിസ്, ശോഭ മോഹൻ എന്നിവരും അഭിനയിച്ചു. ക്സുനിൽ കെഎസ് ആണ് ക്യാമറ കൈകാര്യം ചെയ്തത്. എ ശ്രീകർ പ്രസാദ് എഡിറ്റിങ് നിർവഹിച്ചപ്പോൾ എആർ റഹ്മാനാണ് ഗാനങ്ങളൊരുക്കിയത്. വിഷ്വൽ റൊമാൻസിൻ്റെ ബാനറിൽ ബ്ലെസി നിർമിച്ച ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് വിതരണം ചെയ്തത്. 2024 മാർച്ച് 28നാണ് സിനിമ തീയറ്ററുകളിലെത്തിയത്. നിലവിൽ നെറ്റ്ഫ്ലിക്സിൽ ചിത്രം സ്ട്രീം ചെയ്യുകയാണ്. 2018ല്‍ ആരംഭിച്ച സിനിമയുടെ ചിത്രീകരണം 2023 ജൂലൈയിലാണ് അവസാനിച്ചത്.




മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച നടൻ, മികച്ച ക്യാമറ, മികച്ച ശബ്ദമിശ്രണം, മികച്ച മേക്കപ്പ് തുടങ്ങി വിവിധ പുരസ്കാരങ്ങളാണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ ആടുജീവിതം സ്വന്തമാക്കിയത്. ബ്ലെസി, പൃഥ്വിരാജ് സുകുമാരൻ, സുനിൽ കെഎസ്, റസൂൽ പൂക്കുട്ടി തുടങ്ങിയവരൊക്കെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി. ഓസ്കർ പുരസ്കാരത്തിനായി ശ്രമിച്ചിരുന്നെങ്കിലും അവസാനവട്ട പട്ടികയിൽ നിന്ന് ആടുജീവിതം പുറത്തായിരുന്നു.
സിനിമ മികച്ച അഭിപ്രായങ്ങൾ നേടിയെങ്കിലും സൗദി അറേബ്യയിൽ നിന്ന് ചിത്രത്തിന് വിമർശനങ്ങൾ നേരിട്ടു. സിനിമ സൗദിവിരുദ്ധമാണെന്നായിരുന്നു വിമർശനങ്ങൾ. ഇതിന് പിന്നാലെ സിനിമയിൽ അഭിനയിച്ചതിന് ജോർദാനി നടൻ ആകിഫ് നജം മാപ്പ് ചോദിച്ചു. തിരക്കഥ പൂർണമായി വായിക്കാതെയാണ് താൻ അഭിനയിച്ചതെന്നും സിനിമ കണ്ടപ്പോഴാണ് സൗദി വിരുദ്ധത മനസിലായതെന്നും അദ്ദേഹം പറഞ്ഞു. കഥ കൃത്യമായി മനസിലായിരുന്നെങ്കിൽ സിനിമയിൽ അഭിനയിക്കില്ലായിരുന്നു. ജോർദാനും സൗദിയുമായി ബന്ധമുണ്ട്. സിനിമയിൽ അഭിനയിച്ചതിന് താൻ മാപ്പ് ചോദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.