Dileesh Pothan: മഹേഷിന് കുളിക്കാൻ ഇടുക്കിയിൽ കുളം കിട്ടിയില്ല; ഒടുവിൽ കിട്ടിയത് അതിലും മനോഹരമായി: വെളിപ്പെടുത്തി ദിലീഷ് പോത്തൻ
Dileesh Pothan On Maheshinte Prathikaram: മഹേഷിൻ്റെ പ്രതികാരം എന്ന സിനിമയിൽ ഫഹദ് ഫാസിലിൻ്റെ ഇൻട്രോ സീനിൽ ഉപയോഗിച്ചിരിക്കുന്ന കുളം തിരഞ്ഞ് താനും സംഘവും ഇടുക്കി മുഴുവൻ നടന്നു എന്ന് ദിലീഷ് പോത്തൻ. കിട്ടിയത് അതിലും മനോഹരമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

മഹേഷിൻ്റെ പ്രതികാരം എന്ന തൻ്റെ സിനിമയുടെ ലൊക്കേഷൻ അനുഭവങ്ങൾ പറഞ്ഞ് സംവിധായകൻ ദിലീഷ് പോത്തൻ. സിനിമയിൽ മഹേഷ് കുളിയ്ക്കുന്ന കുളം തിരഞ്ഞ് ഇടുക്കി മുഴുവൻ നടന്നു എന്ന് അദ്ദേഹം പറഞ്ഞു. ഷൂട്ടിങ് ആരംഭിക്കുന്നതിന് രണ്ടോ മൂന്നോ ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് ഇപ്പോൾ കാണുന്ന കുളം കിട്ടിയത് എന്നും അദ്ദേഹം സഫാരി ചാനലിലെ ലൊക്കേഷൻ ഹണ്ടിൽ വെളിപ്പെടുത്തി.
“മഹേഷിൻ്റെ ഇൻട്രോ ഒരു കുളത്തിൽ നിന്ന് കുളിച്ചുകയറുന്നതായിരുന്നു സ്ക്രിപ്റ്റിൽ എഴുതിയിരുന്നത്. ഇപ്പോൾ ഉള്ളതുപോലെ ഒരു കുളം ആയിരുന്നില്ല ഞങ്ങളുടെ ചിന്തയിൽ. അങ്ങനെ ഒരു കുളം ഞങ്ങൾ ഇടുക്കിയിൽ കുറേയധികം തപ്പി. പക്ഷേ, അനുയോജ്യമായ ഒരു കുളം ഞങ്ങൾക്ക് കിട്ടിയില്ല. പ്രധാനമായും എനിക്ക് തോന്നുന്നത്, കുളം പോലുള്ള ചെറിയ ജലാശയങ്ങളെ സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി പഞ്ചായത്ത് തലത്തിൽ സർക്കാർ എന്തൊക്കെയോ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. പഞ്ചായത്തിൽ നിന്ന് തന്നെ കുളം കെട്ടിക്കൊടുക്കുമായിരുന്നു. അതുകൊണ്ട് നോക്കുന്ന കുളങ്ങളൊക്കെ ഇങ്ങനെയായിരുന്നു. ഞങ്ങൾക്ക് വേണ്ടിയിരുന്നത് സൈഡ് കെട്ടാത്ത കുളമായിരുന്നു.”- ദിലീഷ് പോത്തൻ പറഞ്ഞു.
“അങ്ങനെ ഷൂട്ടിങ് തുടങ്ങുന്നതിന് ഒന്നോ രണ്ടോ ദിവസം മുൻപ് എവിടെയോ ലൊക്കേഷൻ കണ്ട് മടങ്ങിവരുമ്പോൾ ഇങ്ങനെ ഒരു സ്ഥലമുണ്ടെന്നറിഞ്ഞത്. അത് കുളമൊന്നും അല്ല, വെള്ളം ഒഴുകുന്ന ഒരു സ്ഥലമാണ് എന്ന് കേട്ടു. അങ്ങനെ കുറേ താഴേക്കിറങ്ങി പോയപ്പോഴാണ് ഈ സ്ഥലം കണ്ടത്. നമ്മുടെ മനസിലുണ്ടായിരുന്നതായിരുന്നില്ല. പക്ഷേ, അതിനെക്കാൾ മനോഹരമായ ഒരു സ്ഥലമായിരുന്നു. ആ സമയത്ത് മാത്രമേ അത്രയും നന്നായി അവിടെ വെള്ളമുണ്ടാവൂ.”- അദ്ദേഹം കൂട്ടിച്ചേർത്തു.




Also Read: Jagadish: അതിനെതിരെ പ്രതികരിച്ചില്ല, കുറ്റബോധത്തിലാണ് കഴിയുന്നത്; മാധ്യമ ചർച്ചകൾക്കെതിരെ ജഗദീഷ്
ദിലീഷ് പോത്തൻ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് മഹേഷിൻ്റെ പ്രതികാരം. 2016ൽ പുറത്തിറങ്ങിയ സിനിമയിൽ ഫഹദ് ഫാസിൽ, അപർണ ബാലമുരളി, അനുശ്രീ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തി. ഷൈജു ഖാലിദാണ് ക്യാമറ കൈകാര്യം ചെയ്തത്. സൈജു ശ്രീധരൻ എഡിറ്റിങ് നിർവഹിച്ചപ്പോൾ ബിജിബാൽ ആയിരുന്നു സംഗീത സംവിധാനം നിർവഹിച്ചത്. ആഷിഖ് അബുവിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമ തീയറ്ററുകളിൽ നിറഞ്ഞോടി. നിരൂപകർക്കിടയിലും ഏറെ ശ്രദ്ധ നേടിയ സിനിമ മലയാള സിനിമാ ചരിത്രത്തിലെ തന്നെ വഴിത്തിരിവാണ്.