Dhyan Sreenivasan: കൂട്ടി വായിക്കാനറിയാത്തവരാവും അമ്മയെ എഎംഎംഎ എന്ന് വിളിക്കുന്നതെന്ന് ദിവ്യദർശൻ; എങ്ങനെ വിളിച്ചാലും കുഴപ്പമില്ലെന്ന് ധ്യാൻ ശ്രീനിവാസൻ
Dhyan Sreenivasan AMMA Association: അമ്മ സംഘടനയെ എഎംഎംഎ എന്ന് വിളിക്കുന്നതിൽ തനിക്ക് പ്രശ്നമില്ലെന്ന് ധ്യാൻ ശ്രീനിവാസൻ. ഇത് തന്നെ ബാധിക്കുന്ന വിഷയമല്ലെന്ന് ധ്യാൻ പറഞ്ഞു. ഇതിനിടെ കൂട്ടി വായിക്കാനറിയാത്തവരാവും അമ്മയെ എഎംഎംഎ എന്ന് വിളിക്കുന്നതെന്ന് നടൻ ദിവ്യദർശൻ പറഞ്ഞു.

അമ്മ സംഘടനയെ അമ്മ എന്ന് വിളിച്ചാലും എഎംഎംഎ എന്ന് വിളിച്ചാലും കുഴപ്പമില്ലെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. എങ്ങനെ വിളിച്ചാലും കുഴപ്പമില്ലെന്നും അത് തന്നെ ബാധിക്കുന്ന വിഷയമല്ലെന്നും അദ്ദേഹം പ്രതികരിച്ചു. താൻ പുതുതായി തിരക്കഥയെഴുതുന്ന ആപ്പ് കൈസേ ഹോ എന്ന സിനിമയുടെ പ്രമോഷൻ ഇൻ്റർവ്യൂവിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനോടായിരുന്നു ധ്യാൻ്റെ പ്രതികരണം.
‘അമ്മയെ എഎംഎംഎ എന്ന് വിളിക്കുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായ’മെന്നായിരുന്നു വിജയ് ബാബുവിൻ്റെ ചോദ്യം. ‘എങ്ങനെ വിളിച്ചാലും ഒരു കുഴപ്പവുമില്ലെ’ന്ന് ധ്യാൻ മറുപടി പറയുന്നു. എന്നാൽ, ‘ഫിയോക്കിനെ ഫിയോക്കെന്നും കിഫ്ബിയെ കിഫ്ബിയെന്നും വിളിക്കാമല്ലോ, പിന്നെ ഇവിടെ എന്താണ് പ്രശ്നം’ എന്ന് വിജയ് ബാബു തിരിച്ച് ചോദിക്കുന്നു. ‘നിങ്ങൾ ഇഷ്ടമുള്ളത് വിളിച്ചോളൂ. ഇത് തന്നെ ബാധിക്കുന്ന പ്രശ്നമല്ല’ എന്ന് വീണ്ടും ധ്യാൻ മറുപടി നൽകി. വിജയ് ബാബു വിടാൻ കൂട്ടാക്കിയില്ല.
‘അമ്മയുടെ അംഗമെന്ന നിലയിലാണ് താൻ ഇത് ചോദിക്കുന്നത്’ എന്ന് അദ്ദേഹം പറയുന്നു. അപ്പോഴും വിഷയത്തിൽ എങ്ങനെ വിളിച്ചാലും തെറ്റില്ലെന്ന നിലപാടാണ് ധ്യാൻ ശ്രീനിവാസൻ സ്വീകരിച്ചത്. എന്നാൽ, ചാനലുകളൊക്കെ ഇങ്ങനെ വിളിക്കുന്നതിനുള്ള കാരണമെന്താവാം എന്ന് വീണ്ടും വിജയ് ബാബു ചോദ്യം ആവർത്തിച്ചു. ‘അത് തന്നോട് ചോദിച്ചിട്ട് കാര്യമില്ല’ എന്നായിരുന്നു ധ്യാൻ്റെ മറുപടി. അപ്പോഴാണ് അക്ഷരം കൂട്ടിവായിക്കാൻ അറിയാത്തവരായിരിക്കും അമ്മയെ എഎംഎംഎ എന്ന് വിളിക്കുന്നത് എന്ന് നടൻ ദിവ്യദർശൻ മറുപടി പറയുന്നു. ഇതോടെ രമേഷ് പിഷാരടിയും ധ്യാൻ ശ്രീനിവാസവും അജു വർഗീസും ഉൾപ്പെടെയുള്ളവർ ചിരിക്കുകയാണ്.




ധ്യാൻ ശ്രീനിവാസനൊപ്പം, ശ്രീനിവാസൻ, തൻവി റാം, അജു വർഗീസ്, രമേഷ് പിഷാരടി, തുടങ്ങിയവർ അഭിനയിക്കുന്ന ആപ്പ് കൈസേ ഹോ വിനയ് ജോസ് ആണ് സംവിധാനം ചെയ്തത്. മാനുവൽ ക്രൂസ് ഡാർവിൻ, അംജത് എന്നിവർ ചേർന്ന് സിനിമ നിർമ്മിച്ചിരിക്കുന്നു. അഖിൽ ജോർജ് ക്യാമറ കൈകാര്യം ചെയ്യുമ്പോൾ വർക്കി, ഡോൺ വിൻസൻ്റ് എന്നിവർ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നു. വിനയൻ എംജെ ആണ് എഡിറ്റിങ്. ഈ മാസം 28ന് ‘ആപ്പ് കൈസേ ഹോ’ തീയറ്ററുകളിലെത്തും. 2022ൽ പുറത്തിറങ്ങിയ ‘പ്രകാശൻ പറക്കട്ടെ’ എന്ന സിനിമയ്ക്കാണ് ധ്യാൻ ശ്രീനിവാസൻ അവസാനമായി തിരക്കഥയൊരുക്കിയത്. അതിന് ശേഷം ധ്യാൻ്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രമാണ് ആപ്പ് കൈസേ ഹോ. ഒറ്റ രാത്രിയിൽ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമ പറയുന്നത്. സിനിമയുടെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസായിരുന്നു.