Dhyan Sreenivasan: കാശ് കൊടുക്കാത്തതിന് അജു വർഗീസ് പ്രൊഡക്ഷൻ കണ്ട്രോളറിൻ്റെ വിഗ് അടിച്ചോണ്ട് ഓടിയിട്ടുണ്ട്; വെളിപ്പെടുത്തി ധ്യാൻ ശ്രീനിവാസൻ
Dhyan Sreenivasan - Aju Varghese: ധ്യാൻ ശ്രീനിവാസൻ പ്രൊഡക്ഷൻ കണ്ട്രോളറിൻ്റെ വിഗ് എടുത്ത് ഓടിയിട്ടുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ്റെ വെളിപ്പെടുത്തൽ. സിനിമയുടെ പേയ്മെൻ്റ് പൂർണമായി നൽകാത്തതിനെ തുടർന്നാണ് അജു വർഗീസ് വിഗ് എടുത്ത് ഓടിയതെന്നും ധ്യാൻ പറഞ്ഞു.

പേയ്മെൻ്റ് തീർത്തുനൽകാത്തതിന് അജു വർഗീസ് പ്രൊഡക്ഷൻ കണ്ട്രോളറിൻ്റെ വിഗ് അടിച്ചോണ്ട് ഓടിയിട്ടുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ. സിനിമയ്ക്ക് ശേഷം ബാക്കി റെമ്യൂണറേഷൻ ചോദിച്ച് നിർമാതാവിനെ വിളിച്ചിട്ട് എടുത്തില്ലെങ്കിൽ എന്ത് പറയുമെന്ന ചോദ്യത്തോടായിരുന്നു ധ്യാൻ ശ്രീനിവാസൻ്റെ പ്രതികരണം. നീരജ് മാധവ്, ഗൗരി ജി കിഷൻ, അജു വർഗീസ് തുടങ്ങിയവർ ഒരുമിക്കുന്ന ജിയോഹോട്ട്സ്റ്റാർ ഒറിജിനൽ വെബ് സീരീസ് ലവ് അണ്ടർ കൺസ്ട്രക്ഷൻ പ്രമോഷൻ ഇൻ്റർവ്യൂവിനിടെയായിരുന്നു ധ്യാൻ്റെ വെളിപ്പെടുത്തൽ.
അജു വർഗീസ് തന്നെയാണ് ഈ ചോദ്യം ചോദിച്ചത്. ചോദ്യം കേട്ട് ധ്യാനും ചോദിച്ചുകഴിഞ്ഞ് അജു വർഗീസും ചിരിക്കുന്നുണ്ട്. അതിന് ശേഷമാണ് ധ്യാൻ മറുപടി പറയുന്നത്. “എൻ്റെ സുഹൃത്ത് ചെയ്ത ഒരു കാര്യം പറയാം. ഏകദേശം ഈ മോഡലായിരിക്കും ഞാൻ ചെയ്യുക. പ്രൊഡക്ഷൻ കണ്ട്രോളർ പൈസ ഇന്ന് തരാം, നാളെത്തരാം എന്നൊക്കെ പറഞ്ഞ് പോവുകയാണ്. വിളിക്കുമ്പോ ഫോൺ എടുക്കുന്നില്ല. അങ്ങനെയൊക്കെ മുന്നോട്ടുപോവുകയാണ്. നിർമ്മാതാവ് അവിടെയില്ല. കണ്ട്രോളറാണ് പണത്തിൻ്റെ മുഴുവൻ കാര്യവും നോക്കുന്നത്. പുള്ളി വിഗ് വച്ചിട്ടുണ്ട്. ഞാനും അടുത്ത സുഹൃത്തും രാത്രി മദ്യപാനവുമൊക്കെയായിട്ട് ഇരിക്കുമ്പോൾ കണ്ട്രോളർ വരും. സുഹൃത്ത് കാശിൻ്റെ കാര്യം എന്തായെന്ന് ചോദിക്കുമ്പോൾ, ‘അണ്ണാ, നാളെ റെഡിയാക്കാം’ എന്ന് അയാൾ പറയും.”- ധ്യാൻ പറഞ്ഞു.




“ഒരു ദിവസം കണ്ട്രോളർ കുളിച്ചോണ്ടുനിൽക്കുന്ന സമയത്ത് അദ്ദേഹത്തിൻ്റെ റൂമിൽ പോയിട്ട് വിഗ് അടിച്ചോണ്ട് പോയി. വിഗ് എടുത്ത് എൻ്റെയടുത്ത് വന്നിട്ട് പറഞ്ഞു, ‘പൈസ തന്നില്ലെങ്കിൽ ഞാൻ ഈ തെണ്ടിയുടെ വിഗ് കൊടുക്കില്ല’ എന്ന്. അടുത്തതായി ഞാൻ കാണുന്നത് സുഹൃത്തിൻ്റെ പുറകെ വിഗിനായിട്ട് ഓടുകയാണ്. സുഹൃത്ത് ഒരു ടവലും ഉടുത്തോണ്ട് ഹോട്ടൽ കോറിഡോറിലൂടെ ഓടുന്നു. മുണ്ടൊക്കെ പറിഞ്ഞുപോകുന്നുണ്ട്. പക്ഷേ, വിഗാണ് മെയിൻ സാധനം. എന്നാലേ പൈസ കിട്ടുകയുള്ളൂ.”- ധ്യാൻ തുടർന്നു. എന്നിട്ട്, ‘ദേ ഇരിക്കുന്നു, കണ്ട്രോളറിൻ്റെ വിഗും എടുത്ത് ഓടിയ ആൾ’ എന്ന് അജു വർഗീസിനെ ധ്യാൻ ചൂണ്ടിക്കാണിക്കുകയാണ്. ഇതോടെ നീരജും അജുവും വിഷ്ണു രാഘവും ധ്യാനുമടക്കമുള്ളവർ കൂട്ടത്തോടെ ചിരിക്കുകയാണ്.
വിഷ്ണു ജി രാഘവ് സംവിധാനം ചെയ്യുന്ന വെബ് സീരീസാണ് ലവ് അണ്ടർ കൺസ്ട്രക്ഷൻ. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ് നിർമ്മാണം. ഫെബ്രുവരി 28 മുതൽ സീരീസ് സ്ട്രീം ചെയ്ത് തുടങ്ങും.