Dhyan Sreenivasan: ‘അടി കപ്യാരിന് ശേഷം ഏതെങ്കിലുമൊരു പ്രൊഡ്യൂസർ നിന്നെവച്ച് പൈസ ഉണ്ടാക്കിയോ?’; ധ്യാൻ ശ്രീനിവാസനോട് ചോദ്യവുമായി വിജയ് ബാബു
Vijay Babu Trolls Dhyan Sreenivasan: ധ്യാൻ ശ്രീനിവാസനെ ട്രോളി നിർമ്മാതാവ് വിജയ് ബാബു. ധ്യാൻ അഭിനയിക്കുന്ന സിനിമകൾ തുടരെ പരാജയപ്പെടുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു വിജയ് ബാബുവിൻ്റെ ട്രോൾ.

അഭിനയിക്കുന്ന സിനിമകൾ തുടരെ പരാജയപ്പെടുന്നതിൽ ധ്യാൻ ശ്രീനിവാസനെ ട്രോളി നിർമ്മാതാവും നടനുമായ വിജയ് ബാബു. താൻ നിർമ്മിച്ച ‘അടി കപ്യാരേ കൂട്ടമണി’ എന്ന സിനിമയ്ക്ക് ശേഷം ധ്യാൻ്റെ ഏതെങ്കിലും ഒരു സിനിമ തീയറ്ററിൽ വിജയിച്ചോ എന്നായിരുന്നു വിജയ് ബാബുവിൻ്റെ ചോദ്യം. ധ്യാൻ ശ്രീനിവാസൻ്റെ തിരക്കഥയിൽ ധ്യാൻ, അജു വർഗീസ്, തൻവി റാം, ജീവ ജോസഫ് തുടങ്ങിയവർ അഭിനയിക്കുന്ന പുതിയ സിനിമയായ ‘ആപ്പ് കൈസേ ഹോ’ എന്ന സിനിമയുടെ പ്രമോഷൻ ഇൻ്റർവ്യൂവിനിടെയാണ് വിജയ് ബാബു ധ്യാൻ ശ്രീനിവാസനെ ട്രോളിയത്. ഈ മാസം 28നാണ് ‘ആപ്പ് കൈസേ ഹോ’ തീയറ്ററുകളിലെത്തുക.
‘നാല് വർഷത്തിൽ മലയാളത്തിൽ, ഇന്ത്യൻ സിനിമയിൽ ഏറ്റവുമധികം സിനിമ ചെയ്തയാൾ താനായിരിക്കും’ എന്ന് ധ്യാൻ ശ്രീനിവാസൻ പറഞ്ഞപ്പോഴാണ് വിജയ് ബാബുവിൻ്റെ ചോദ്യം. “അടി കപ്യാരിന് ശേഷം ആരെങ്കിലും ഒരു പ്രൊഡ്യൂസർ പൈസ ഉണ്ടാക്കിയോ?” എന്ന് വിജയ് ബാബു ചോദിക്കുന്നു. ഇതിന് മറുപടിയായി “എൻ്റെ പടം ചെയ്തിട്ടോ?” എന്ന് ധ്യാൻ ചോദിക്കുമ്പോൾ അതെയെന്ന് വിജയ് ബാബു സമ്മതിക്കുകയാണ്. ഇതോടെ അഭിമുഖത്തിലുണ്ടായിരുന്ന അജു വർഗീസും രമേഷ് പിഷാരടിയും അടക്കമുള്ളവർ ചിരിക്കുകയാണ്.
ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, തൻവി റാം, അജു വർഗീസ്, രമേഷ് പിഷാരടി, ജീവ ജോസഫ് തുടങ്ങിയവർ അഭിനയിക്കുന്ന സിനിമയാണ് ആപ്പ് കൈസേ ഹോ. വിനയ് ജോസ് സംവിധാനം ചെയ്യുന്ന സിനിമ മാനുവൽ ക്രൂസ് ഡാർവിൻ, അംജത് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. അഖിൽ ജോർജ് ആണ് ക്യാമറ. വർക്കി, ഡോൺ വിൻസൻ്റ് എന്നിവർ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നു. വിനയൻ എംജെ ആണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.




2017ൽ ഗൂഢാലോചന എന്ന സിനിമയ്ക്കാണ് ധ്യാൻ ശ്രീനിവാസൻ ആദ്യമായി തിരക്കഥയൊരുക്കിയത്. 2019ൽ നിവിൻ പോളി, നയൻ താര എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ലവ്, ആക്ഷൻ, ഡ്രാമ എന്ന പേരിൽ ധ്യാൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ പുറത്തിറങ്ങി. 2022ൽ ഷഹദ് നിലമ്പൂർ സംവിധാനം ചെയ്ത പ്രകാശൻ പറക്കട്ടെ എന്ന സിനിമയ്ക്കും തിരക്കഥയൊരുക്കിയത് ധ്യാൻ ശ്രീനിവാസനായിരുന്നു. വിഷ്ണു വിനയ് സംവിധാനം ചെയ്ത ആനന്ദ് ശ്രീബാല എന്ന സിനിമയിലാണ് ധ്യാൻ അവസാനമായി അഭിനയിച്ചത്. 2024ൽ പുറത്തിറങ്ങിയ ഖൽബ് എന്ന സിനിമയാണ് വിജയ് ബാബു അവസാനമായി നിർമ്മിച്ചത്. ഇക്കൊല്ലം പുറത്തിറങ്ങിയ മമ്മൂട്ടിച്ചിത്രം ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ് എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.