Raayan OTT: ബോക്സ് ഓഫീസ് ഹിറ്റായ ധനുഷ് ചിത്രം ‘രായൻ’ ഒടിടിയിലേക്ക്; എപ്പോൾ എവിടെ കാണാം?
Raayan OTT Release: ധനുഷ് സംവിധാനവും രചനയും നിർവഹിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രം 'രായൻ' ഒടിടിയിൽ എത്തുന്നു. 150 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രം ഇപ്പോഴും തീയേറ്ററുകയിൽ വിജയകരമായി ഓടിക്കൊണ്ടിരിക്കുകയാണ്.
ബോക്സ് ഓഫീസിൽ വൻ വിജയം നേടിക്കൊണ്ടിരിക്കുന്ന ധനുഷ് ചിത്രമാണ് ‘രായൻ’. ചിത്രം പുറത്തിറിങ്ങിയിട്ട് ഒരു മാസം പിന്നിടുമ്പോൾ സിനിമ ഒടിടിയിൽ എത്തുമെന്നാണ് പുതിയ വിവരം. പ്രൈം വിഡിയോയ്ക്കും സൺ പിക്ചേഴ്സിനുമാണ് ചിത്രത്തിന്റെ ഒഫീഷ്യൽ സ്ട്രീമിംഗ് അവകാശം. ട്രാക്ക് ടോളിവുഡിന്റെ റിപ്പോർട്ട് പ്രകാരം ഓഗസ്റ്റ് 30ന് ചിത്രം പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും.
ധനുഷിന്റെ കരിയറിലെ 50ആമത്തെ ചിത്രമാണിത്. ധനുഷ് തന്നെ സംവിധാനവും രചനയും നിർവഹിച്ച ‘രായൻ’ റിലീസ് ചെയ്തത് ജൂലൈ 27ന് ആയിരുന്നു. ധനുഷിന്റെ സംവിധാനത്തിൽ ഇറങ്ങിയ രണ്ടാമത്തെ ചിത്രമാണ് ‘രായൻ’. 2017ൽ പുറത്തിറങ്ങിയ ‘പാ പാണ്ടി’ ആണ് ധനുഷ് സംവിധാനം ചെയ്ത ആദ്യ ചിത്രം. കൂടാതെ, മലയാളി താരങ്ങളായ മാത്യു തോമസ്, പ്രിയ വാര്യർ, അനിഖ സുരേന്ദ്രൻ, എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നിലവുക്ക് എന്മേൽ എന്നടി കോപം’ എന്ന ചിത്രവും ധനുഷ് സംവിധാനം ചെയ്യുന്നുണ്ട്.
തമിഴ്നാട്ടിൽ ധനുഷിന്റെ ‘തിരുച്ചിത്രമ്പലം’ എന്ന ചിത്രത്തിന്റെ ലൈഫ്ടൈം കളക്ഷനും ഇതോടെ ‘രായൻ’ മറികടന്നു. ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രം എന്ന റെക്കോർഡും ‘രായൻ’ സ്വന്തമാക്കി. കൂടാതെ, 150 കോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യ എ-സർട്ടിഫിക്കറ്റ് തമിഴ് ചിത്രമാണിത്.
READ MORE: ബ്രഹ്മാണ്ഡ ചിത്രം കൽക്കി 2898 എഡി ഒടിടിയിലേക്ക്? എപ്പോൾ എവിടെ കാണാം
ചിത്രത്തിലെ രായൻ എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ധനുഷ് ആണ്. മലയാളത്തിൽ നിന്നുള്ള അപർണ ബാലമുരളി, കാളിദാസ് ജയറാം, നിത്യ മേനോൻ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നുണ്ട്. കൂടാതെ സുന്ദീപ് കിഷൻ, വരലക്ഷ്മി ശരത്കുമാർ, ദുഷ്റ വിജയൻ, എസ് ജെ സൂര്യ, പ്രകാശ് രാജ്, സെൽവരാഘവൻ തുടങ്ങിയ വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നു. എസ് ജെ സൂര്യയാണ് ചിത്രത്തിലെ പ്രതിനായകൻ ആയി എത്തുന്നത്.
വമ്പൻ മേക്കോവറിൽ ധനുഷ് എത്തുന്ന ചിത്രം നിർമിക്കുന്നത് സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധിമാരനനാണ്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് എ ആർ റഹ്‌മാൻ ആണ്. ചിത്രത്തിലെ ‘അടങ്കാ അസുരന്താ..’ എന്ന് തുടങ്ങുന്ന ഗാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.