Dhanush and Aishwarya Rajinikanth :അഭ്യൂഹങ്ങൾക്ക് വിരാമം; ധനുഷും ഐശ്വര്യ രജനികാന്തും വിവാഹമോചിതരായി
Dhanush and Aishwarya Rajinikanth: 2022ൽ ആയിരുന്നു ധനുഷും ഐശ്വര്യും വേർപിരിയുന്നുവെന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ശേഷം അവർ വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്നു.
അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കൊണ്ട് നടൻ ധനുഷും സംവിധായിക ഐശ്വര്യ രജനികാന്തും ഔദ്യോഗികമായി വേർപിരിഞ്ഞു. വിവാഹമോചനം അംഗീകരിച്ച് ചെന്നൈ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ 18 വർഷത്തെ ദാമ്പത്യംജീവിതം അവസാനിക്കുകയാണ്. 2022ൽ ആയിരുന്നു ധനുഷും ഐശ്വര്യും വേർപിരിയുന്നുവെന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ശേഷം അവർ വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്നു. വിവാഹമോചനത്തിനിടെയിലും ഇരുവരും ഒന്നിക്കുന്നുവെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഇതൊക്കെ കാറ്റിൽ പറത്തികൊണ്ടാണ് വിവാഹമോചന വാർത്ത പുറത്തുവന്നത്.
ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന ഇരുകൂട്ടരുടെയും വാദങ്ങൾ കേട്ടതിന് പിന്നാലെയാണ് കോടതി വിവാഹമോചനം അനുവധിച്ചത്. മൂന്ന് തവണ ഹിയറിംഗിന് വിളിച്ചിരുന്നെങ്കിലും ധനുഷും ഐശ്വര്യയും ഒരു സെഷനിലും ഹാജരായില്ല. ഇതോടെ ഇരുവരും അനുരഞ്ജനത്തിലേർപ്പെടുമെന്ന് അഭ്യൂഹങ്ങളും ഉയർന്നിരുന്നു.എന്നാല്‍ അവസാന ഹീയറിംഗ് ദിനത്തില്‍ ഇവർ കോടതിയിൽ ഹാജരായി. നവംബര്‍ 21ന് ആയിരുന്നു ഇത്. ഒന്നിച്ച് ജീവിക്കാൻ തങ്ങള്‍ക്ക് താല്‍പര്യം ഇല്ലെന്ന് ഇരുവരും കോടതിയെ ബോധിപ്പിക്കുകയും ചെയ്തു. പിന്നാലെ ഇന്ന് വിധി പറയുമെന്നും ചെന്നൈ കുടുംബ കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. 2004 നവംബർ 18-നായിരുന്നു ധനുഷും ഐശ്വര്യയും വിവാഹിതരാകുന്നത്. ഇതിന്റെ ഭാഗമായി ചെന്നൈയിൽ ആർഭാടത്തോടെയുള്ള റിസപ്ഷനും നടന്നിരുന്നു. ഇരുവർക്കും യാത്ര, ലിംഗ എന്നിങ്ങനെ രണ്ടു മക്കളാണുള്ളത്. എന്നാൽ, 2022 ജനുവരി 17-ന്, 18 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതായി ഇരുവരും അറിയിച്ചു. സമൂഹ മാധ്യമത്തിലൂടെ പുറത്തിറക്കിയ പ്രസ്താവനകളിലൂടെയാണ് ഇവർ ഇക്കാര്യം വ്യക്തമാക്കിയത്.
“സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും പരസ്പരം സഹകരിച്ച് 18 വർഷത്തെ ഒരുമിച്ചുള്ള യാത്ര. വളർച്ചയുടെയും മനസ്സിലാക്കലിന്റെയും വിട്ടുവീഴ്ചകളുടെയും പൊരുത്തപ്പെടലിന്റെയും കൂടി യാത്രയായിരുന്നു അത്. ഇന്ന് നമ്മൾ നമ്മുടെ വഴികൾ വേർപിരിയുന്ന ഒരിടത്താണ് നിൽക്കുന്നത്. ദമ്പതികൾ എന്ന നിലയിൽ വേർപിരിയാനും, വ്യക്തികൾ എന്ന നിലയിൽ ഞങ്ങളെ നന്നായി മനസിലാക്കാനും സമയമെടുക്കാനും ഞങ്ങളുടെ തീരുമാനത്തെ മാനിക്കുകയും ഇത് കൈകാര്യം ചെയ്യാൻ ആവശ്യമായ സ്വകാര്യത നൽകുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു” പ്രസ്താവനയിൽ പറഞ്ഞതിങ്ങനെ.
അതേസമയം നിരവധി സിനിമകളുടെ തിരക്കിലാണ് ധനുഷിപ്പോൾ. ‘രായൻ’ ആണ് ധനുഷിന്റേതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. ആഗോളതലത്തിൽ വലിയ വിജയം കൈവരിച്ച ചിത്രം 150 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ധനുഷ് തന്നെ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് ഓം പ്രകാശാണ്. ധനുഷിന് പുറമെ സന്ദീപ് കിഷൻ, കാളിദാസ് ജയറാം, ദുഷാര വിജയൻ, അപർണ ബാലമുരളി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തി. ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തിൽ തീയറ്ററുകളിൽ എത്തിയ ഒടുവിലത്തെ ചിത്രം ‘ലാൽ സലാം’ ആണ്. ഐശ്വര്യയുടെ പിതാവും നടനുമായ രജനികാന്തും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയിരുന്നു. എങ്കിലും, പ്രതീക്ഷിച്ചത്ര വിജയം കൈവരിക്കാൻ ചിത്രത്തിനായില്ല. ‘ലാൽ സലാം’ ഇതുവരെ ഒടിടിയിൽ എത്തിയിട്ടില്ല