Devadoothan Movie Review : അന്നേ തീയ്യേറ്ററിൽ പോയി കാണേണ്ടതായിരുന്നു; ദേവദൂതൻ ദൃശ്യ വിരുന്നെന്നു ആരാധകർ
Devadoothan Re-Release : 2 പതിറ്റാണ്ടുകൾക്ക് ശേഷം 4K നിലവാരത്തിൽ വീണ്ടും തീയേറ്ററുകളിൽ എത്തിയപ്പോൾ സിനിമയ്ക്കു ലഭിച്ചത് പ്രതീക്ഷിച്ചതിലും വലിയ സ്വീകരണം..
2000ത്തിൽ ആക്ഷൻ ഹീറോയായി തകർത്ത് അഭിനയിച്ചിരുന്ന വേളയിലാണ് മോഹൻലാൽ വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ദേവദൂതൻ (Devadoothan Movie Re-Release) റിലീസ് ആവുന്നത്. വിശാൽ കൃഷ്ണമൂർത്തിയെന്ന സംഗീതജ്ഞനായി എത്തിയ കഥാപാത്രത്തെ അന്ന് ആരും പൂർണമായും അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. അതുകൊണ്ട് അന്ന് സിനിമയ്ക്ക് പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ല. എന്നാൽ പിന്നീട് ദേവദൂതൻ ടെലിവിഷൻ സ്ക്രീനിലേക്കെത്തിയപ്പോൾ നിറയെ ആരാധകരെ നേടിയെടുക്കാനായി. ഇപ്പോൾ ആ ചിത്രം വീണ്ടും തിയറ്ററുകളിലേക്കെത്തിച്ചേർന്നിരിക്കുകയാണ്. നവീന സങ്കേതികത എല്ലാം ചേർത്ത് 4കെ ദൃശ്യമികവോടെയാണ് ദേവദൂതൻ വീണ്ടും തിയറ്ററുകളിൽ എത്തിയത്.
ദേവദൂതൻ കണ്ടിറങ്ങിയ പ്രേക്ഷകർക്ക് പറയാനുള്ളത്
4K ദൃശ്യ മികവോടെ റീ-റിലീസ് ചെയ്ത ‘ദേവദൂതനെ’ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ. ചിത്രത്തിൻ്റെ ദൃശ്യാനുഭവം ആശ്ചര്യപെടുത്തിയെന്നാണ് പ്രേക്ഷകർ പറയുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളുടെ പ്രകടനവും, സംഗീത മാന്ത്രികൻ വിദ്യാസാഗറിൻ്റെ സംഗീതവും, ആരാധകരുടെ പ്രശംസ വീണ്ടും ഏറ്റുവാങ്ങി. 24 വർഷങ്ങൾക്കു ശേഷം വീണ്ടും ചിത്രം റിലീസ് ചെയ്തപ്പോൾ, അന്ന് ലഭിച്ചതിനെക്കാൾ കൂടുതൽ സ്വീകാര്യതയാണ് ലഭിച്ചത്. ‘എന്തൊരു മഹാനുഭാവുലു…’ എന്ന് തുടങ്ങന്ന വരികളുള്ള ഗാനം ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ. ഡോൾബി അറ്റ്മോസിൽ ചിത്രത്തിലെ ഓരോ ഗാനങ്ങളും കേൾക്കുമ്പോൾ കോരിത്തരിപ്പുണ്ടാക്കി എന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നത്.
ദേവദൂതൻ എന്ന സിനിമ
സിബി മലയിൽ സംവിധാനത്തിൽ രഘുനാഥ് പലേരി രചിച്ച ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവും ഇഴചേർന്ന സിനിമയാണ് ദേവദൂതൻ. മോഹൻലാൽ, ജയപ്രദ, ലെന, ജനാർദ്ദനൻ, മുരളി, ജഗതി ശ്രീകുമാർ, വിനീത്, ജഗദീഷ്, വിജയ ലക്ഷ്മി, ശരത്, എന്നിവർ അണിനിരന്ന സിനിമ നിർമിച്ചിരിക്കുന്നത് കോക്കേഴ്സ് ഫിലിമ്സിന്റെ ബാനറിൽ സിയാദ് കോക്കറാണ്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈ സ്റ്റുഡിയോസാണ് ചിത്രം 4K നിലവാരത്തിലേക്ക് റീമാസ്റ്റർ ചെയ്തത്. എൽ ഭൂമിനാഥ് എഡിറ്റ് ചെയ്ത ചിത്രത്തിന്റെ ഛായാഗ്രാഹകൻ സന്തോഷ് സി തുണ്ടിലാണ്. വിദ്യാസാഗർ സംവിധാനം സംഗീതം നൽകിയ ഗാനത്തിന് വരികൾ എഴുതിയത് കൈതപ്പറം ആണ്. കെ ജെ യേശുദാസ്, എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, കെ എസ് ചിത്ര, എസ് ജാനകി, സുജാത, എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ജനപ്രീതിയുള്ള ചിത്രം, മികച്ച കോസ്റ്റിയൂം, മികച്ച സംഗീത സംവിധാനം, എന്നിവ ഉൾപ്പടെ മൂന്ന് സംസ്ഥാന അവാർഡുകൾ ആണ് ചിത്രം കരസ്ഥമാക്കിയത്.
പ്രേക്ഷകരിൽ വന്ന മാറ്റങ്ങൾ
24 വർഷങ്ങൾക്കിപ്പുറം ദേവദൂതൻ ഇന്ന് വീണ്ടും റിലീസ് ചെയ്തപ്പോൾ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുന്നു ആരാധകർ. കോവിഡ് മഹാമാരിക്ക് ശേഷം പ്രേക്ഷകർക്ക് സിനിമകളിലുള്ള താൽപര്യങ്ങളിൽ വന്ന മാറ്റങ്ങൾ ഒരുപാടുണ്ട്. പഴയ സിനിമകളോടുള്ള കമ്പം കൂടിവന്നതും ഈ സമയത്താണ്. വിജയ് നായകനായ ഗില്ലി എന്ന തമിഴ് ചിത്രം രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും റിലീസ് ചെയ്ത് വൻ വിജയം കൊയ്തിരുന്നു. ഒരുപക്ഷെ, ഇന്നത്തെ യുവാക്കൾ തങ്ങൾ ആരാധിച്ചുവരുന്ന താരങ്ങളുടെ പഴയ സിനിമകൾ കാണുമ്പോൾ ‘ഇത് തീയറ്ററിൽ പോയി കാണേണ്ട സിനിമ ആയിരുന്നു’ എന്ന് ഒരിക്കലെങ്കിലും അവർക്കു തോന്നിയിട്ടുമുണ്ടാവും. അതുകൊണ്ടായിരിക്കും സിനിമകൾ റീ-റിലീസ് ചെയ്യുമ്പോൾ അതിനു ആരാധകർ കൂടുന്നത്.
2000ൽ ദേവദൂതൻ റിലീസ് ചെയ്യുമ്പോൾ ഉണ്ടായിരുന്ന പ്രേക്ഷകരും താല്പര്യങ്ങളുമല്ല, സിനിമ റീ-റിലീസ് ചെയ്യുമ്പോൾ ഉള്ളത്. പ്രേക്ഷകർ മാറി, അവരുടെ ഇഷ്ടങ്ങളും ആവശ്യങ്ങളും മാറി. ‘കാലം തെറ്റി വന്ന സിനിമയല്ല ദേവദൂതൻ’ എന്ന് മോഹൻലാൽ ഉറച്ചു പറഞ്ഞപ്പോഴും, സിനിമയ്ക്കു ഇപ്പോൾ കിട്ടിയ സ്വീകാര്യത കാണുമ്പോൾ അപ്പറഞ്ഞത് ശെരിയാണോ എന്ന് നമ്മെ ചിന്തിപ്പിക്കുന്നു. ചിത്രം വീണ്ടും തീയേറ്ററുകളിൽ പ്രദർശിപ്പിക്കുമ്പോൾ പുതിയ പ്രേക്ഷകരെ ആകർഷിക്കുന്നതിനായി ചിത്രം എഡിറ്റ് ചെയ്യുകയും ചില ഭാഗങ്ങൾ നീക്കം ചെയ്യുകയും ച്ചെയ്തിട്ടുണ്ടെന്ന് സംവിധായകൻ സിബി മലയിൽ പറഞ്ഞിരുന്നു.
ഇനി വരാനുള്ള സിനിമ
2023ൽ 4K ഡോൾബി അറ്റ്മോസിൽ വീണ്ടും റിലീസ് ചെയ്ത ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം ആണ് മോഹൻലാലിൻ്റെ റീ-റിലീസ് ചെയ്ത ആദ്യ ചിത്രം. ദേവദൂതൻ്റെ റീ-റിലീസിന് ശേഷം ആരാധകർ കാത്തിരിക്കുന്നത് മണിച്ചിത്രത്താഴ് സിനിമയുടെ റീ-റിലീസ് ആണ്. പ്രേക്ഷകരെ വിസ്മയിപ്പിച്ച മണിച്ചിത്രത്താഴ് മുപ്പതു വർഷങ്ങൾക്ക് ശേഷം ഓഗസ്റ്റിലാണ് വീണ്ടും റീ-റിലീസ് ചെയ്യുന്നത്.