5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Serial Debates: ചര്‍ച്ചകളിലെങ്ങും സീരിയലുകള്‍, അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍; സെന്‍സറിങ് അനിവാര്യമോ ?

സീരിയലുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കൂടുതല്‍ ശക്തമാവുകയാണ്. ചര്‍ച്ചകളില്‍ പ്രതിപാദിക്കുന്നതുപോലെ സീരിയലുകള്‍ക്ക് കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തുമോ ?

Kerala Serial Debates: ചര്‍ച്ചകളിലെങ്ങും സീരിയലുകള്‍, അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍; സെന്‍സറിങ് അനിവാര്യമോ ?
പ്രതീകാത്മക ചിത്രം (image credits: triloks/Getty Images)
jayadevan-am
Jayadevan AM | Published: 30 Nov 2024 16:02 PM

ദൂരദര്‍ശന്‍ മാത്രമുണ്ടായിരുന്ന കാലം. അന്നൊക്കെ നാട്ടിന്‍പുറങ്ങളില്‍ അപൂര്‍വം വീടുകളില്‍ മാത്രമേ ടിവി കാണൂ. ജോലികളൊക്കെ വേഗം തീര്‍ത്ത് അടുത്തുള്ള വീടുകളിലേക്ക് ടിവി കാണാന്‍ നാട്ടുകാരുടെ ഒരു പരക്കം പാച്ചിലാണ്. 90 കിഡ്‌സിന്റെ നൊസ്റ്റാള്‍ജിയയിലെ ഒരു പ്രധാന ഏടാണ് ഇത്തരം അനുഭവങ്ങള്‍.

ടിവിയുടെ സ്വാധീനം പ്രായഭേദമില്ലാതെ സാധാരണക്കാരില്‍ വന്‍ സ്വാധീനം ചെലുത്തിയ കാലം. സീരിയലുകളുടെ ആവിര്‍ഭാവമാണ്‌ അതില്‍ പ്രധാന പങ്ക് വഹിച്ചത്. പരസ്യത്തിന്റെ ഇടവേളകള്‍ അവസാനിക്കാന്‍ കണ്ണിമ ചിമ്മാതെ കാത്തിരിക്കുന്നതും, അടുത്ത ദിവസത്തെ എപ്പിസോഡിനെക്കുറിച്ച് മനസമാധാനമില്ലാതെ ചിന്തിക്കുന്നതും ഇന്നലെകളിലെ ഓര്‍മകള്‍.

മാനസി, സ്‌നേഹ സീമ, ജ്വാലയായ്, പകിട പകിട പമ്പരം, അങ്ങാടിപ്പാട്ട്, വലയം, ശക്തിമാന്‍, ചന്ദ്രോദയം, അലകള്‍, സാഗരം തുടങ്ങിയ ഒട്ടനവധി സീരിയലുകള്‍ മലയാളി മനസുകളില്‍ ആഴത്തില്‍ പതിഞ്ഞതാണ്. ജ്വാലയായിലെ സോഫിയും, മരുഭൂമിയിലെ പൂക്കാലത്തിലെ ഒട്ടകവുമൊക്കെ പ്രേക്ഷകരുടെ ആരൊക്കെയോയായിരുന്ന കാലം.

ദൂരദര്‍ശന്‍ സമ്മാനിച്ച ഈ സീരിയലുകള്‍ പലര്‍ക്കും ഇന്നലെകളിലെ നല്ല ഓര്‍മ്മകളാണ്, അനുഭവങ്ങളാണ്. മലയാളിക്ക് മധുമോഹനായിരുന്നു സീരിയലുകളുടെ തലതൊട്ടപ്പന്‍. ഉച്ചയ്ക്ക് തന്നെ സീരിയലുകള്‍ ആരംഭിക്കും. രാത്രി ഏഴ് മണിക്ക് വാര്‍ത്ത. ബാലകൃഷ്ണന്‍, ജെയിംസ് എം ആദായി, ഹേമലത, രാജേശ്വരി മോഹന്‍ തുടങ്ങിയവരില്‍ ആരെങ്കിലുമായിരിക്കും വാര്‍ത്ത വായിക്കുന്നത്.

സീരിയല്‍ പ്രേമികള്‍ക്ക് വാര്‍ത്തകളുടെ സമയം ചെറിയ ഒരു ഇടവേളയ്ക്കുള്ളതാണ്. അതിനു ശേഷം വീണ്ടും സീരിയലുകള്‍ തുടങ്ങും. രാത്രി എട്ട് മണിക്ക് ഡല്‍ഹിയില്‍ നിന്നുള്ള ഭൂതല സംപ്രേക്ഷണം തുടരുന്നു എന്ന് എഴുതിക്കാണിക്കും വരെ. പിന്നെ ഒരു ദിവസം നീളുന്ന കാത്തിരിപ്പ്. പില്‍ക്കാലത്ത് ഹിന്ദി സീരിയലുകളുടെ റീമേക്കും മലയാളത്തില്‍ വന്നു തുടങ്ങി. സംഭവങ്ങളും, ദിശായേനുമൊക്കെ മലയാളി ഏറ്റെടുത്തു.

‘സോപ്പ് ഓപ്പറ’യില്‍ തുടക്കം

‘സോപ്പ് ഓപ്പറ’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന 15 മിനിട്ട് മാത്രം ദൈര്‍ഘ്യമുണ്ടായിരുന്ന റേഡിയോ പരിപാടികളാണ് ടിവി പരമ്പരകളുടെ മുന്‍ഗാമി. സ്ത്രീ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് യുഎസിലെ സോപ്പ് കമ്പനികളാണ് ഈ പരിപാടികള്‍ നടത്തിവന്നത്. അവരുടെ തന്ത്രം വിജയിച്ചു. പരിപാടി വന്‍ വിജയമായി. 1930കളുടെ തുടക്കത്തിലായിരുന്നു ഇത്.

1932ല്‍ എന്‍ബിസി റേഡിയോയില്‍ സംപ്രേക്ഷണം ചെയ്ത ‘ദ ഗൈഡിംഗ് ലൈറ്റ്’ ആണ് ടിവി പരമ്പരയായി രൂപാന്തരം പ്രാപിച്ചത്. ഇത് സിബിഎസിലൂടെ സംപ്രേക്ഷണം ചെയ്തു. അങ്ങനെ ടിവി സീരിയലുകള്‍ ഉടലെടുത്തു. മലയാള സീരിയലുകളുടെ ജനനവും ഇങ്ങനെയൊക്കെ തന്നെയാണ്. പിന്നീട് ചാനലുകള്‍ വര്‍ധിച്ചു. ഒപ്പം സീരിയലുകളുടെ എണ്ണവും. ഒരു ദിവസം തന്നെ ഒട്ടനവധി സീരിയലുകള്‍ ഒരു ചാനലില്‍ മാത്രമായി പ്രത്യക്ഷപ്പെട്ടു. സീരിയലുകളുടെ അതിപ്രസരത്തെക്കുറിച്ചുള്ള ചര്‍ച്ചകളും അതോടെ സജീവമായി.

സീരിയലുകളെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍ മുറുകി. അമ്മായിഅമ്മ-മരുമകള്‍ പോരും, സ്ത്രീവിരുദ്ധതയും മാത്രമാണ് കഥകളുടെ അടിസ്ഥാനമെന്ന് സീരിയല്‍ വിരോധികള്‍. സീരിയലുകളുടെ അതിപ്രസരം മൂലം കുടുംബാംഗങ്ങള്‍ക്ക് പരസ്പരം സംസാരിക്കാന്‍ പോലും സമയം കിട്ടുന്നില്ലെന്നും അവരുടെ വിമര്‍ശനം.

സമൂഹത്തിലെ കൊള്ളരുതായ്മകള്‍ക്ക് സീരിയലുകള്‍ക്ക് നേരെ മാത്രം വിരല്‍ ചൂണ്ടുന്നതിലെ യുക്തി മനസിലാകുന്നില്ലെന്ന് സീരിയല്‍ അനുകൂലികളുടെ പക്ഷം. സിനിമകള്‍ക്ക് കിട്ടുന്ന പ്രിവിലേജും, സീരിയലുകളോട്‌ കാണിക്കുന്ന പക്ഷപാതിത്വവും ചൂണ്ടിക്കാട്ടിയായിരുന്നു ഇവരുടെ വാദങ്ങള്‍. വിസ്മയയുടെ മരണം, ഉത്രയുടെ കൊലപാതകം അടക്കമുള്ള സംഭവങ്ങള്‍ നടന്നത് സീരിയലുകള്‍ മൂലമാണോയെന്നും ഇവര്‍ ഉന്നയിച്ചു. സിനിമയില്‍ കാണിക്കുന്നതിലും കൂടുതലായി സീരിയലുകളില്‍ ഉള്ളത് എന്താണെന്നും ഇവരുടെ ചോദ്യം. ഒപ്പം ഇവര്‍ ചൂണ്ടിക്കാട്ടുന്ന ഒരു കാര്യം കൂടിയുണ്ട്. സീരിയലുകള്‍ ഒരുപാടു പേരുടെ ജീവിതമാണെന്ന കാര്യം.

അങ്ങനെ സീരിയലുകളെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ സജീവമായി. സീരിയലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ചര്‍ച്ചകളിലേക്കും ഇതെത്തി. സീരിയലുകള്‍ക്ക് സെന്‍സറിങ് വേണമെന്ന ആവശ്യവും ശക്തമായി.

നിലവാരത്തകര്‍ച്ച

സീരിയലുകളുടെ നിലവാരത്തകര്‍ച്ചയായിരുന്നു ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ വിഷയം. സീരിയലുകളുടെ നിലവാരത്തകര്‍ച്ച ചൂണ്ടിക്കാട്ടി ജൂറി പുരസ്‌കാരം നിഷേധിക്കുന്ന സംഭവം വരെ അടുത്തകാലത്തുണ്ടായി. കലാമൂല്യവും സാങ്കേതിക മികവും പ്രകടമാക്കുന്ന സൃഷ്ടികള്‍ ഒന്നും തന്നെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ മികച്ച സീരിയലിനുള്ള പുരസ്‌കാരം നല്‍കേണ്ടെന്നായിരുന്നു തീരുമാനം. ജൂറിയുടെ തീരുമാനത്തെ അനുകൂലിച്ചവരും ഉണ്ടായിരുന്നു. ഒപ്പം ജൂറിക്കെതിരെ വിമര്‍ശനങ്ങളുമുണ്ടായി.

ടിവി സീരിയലുകളില്‍ സെന്‍സറിങ് നടത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണ്. സീരിയലുകളില്‍ അശാസ്ത്രീയവും പുരോഗമന വിരുദ്ധവും അന്ധവിശ്വാസവുമാണ് പ്രചരിപ്പിക്കുന്നതെന്ന് മൂന്ന് വര്‍ഷം മുമ്പ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വിമര്‍ശിച്ചിരുന്നു. പണ്ട് കാലത്ത് മനുഷ്യനെ ഇക്കിളിപ്പെടുത്തുന്ന പ്രസിദ്ധീകരണങ്ങള്‍ വ്യാപകമായിരുന്നു. ഇപ്പോള്‍ അത് സീരിയലുകള്‍ ഏറ്റെടുത്തെന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം.

വനിതാ കമ്മീഷന്റെ നിലപാട്

സീരിയലുകള്‍ക്ക് സെന്‍സറിങ് അനിവാര്യമാണെന്നായിരുന്നു വനിതാ കമ്മീഷന്റെയും നിലപാട്. സീരിയല്‍ സംപ്രേക്ഷണം ചെയ്യും മുമ്പ് സെന്‍സര്‍ ബോര്‍ഡിന്റെ പരിശോധന ആവശ്യമാണെന്നായിരുന്നു കമ്മീഷന്‍ 2017-18ല്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്‌. സെന്‍സറിങ് നിലവിലെ സിനിമാ സെന്‍സര്‍ ബോര്‍ഡിനെ ഏല്‍പ്പിക്കുകയോ, അല്ലെങ്കില്‍ ഇതിനായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കുകയോ ചെയ്യണമെന്നും കമ്മീഷന്റെ പഠന റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

നാനൂറോളം പേരുടെ അഭിപ്രായങ്ങള്‍ വിലയിരുത്തിയാണ് കമ്മീഷന്‍ പഠനം നടത്തിയത്. സീരിയലുകളുടെ പ്രമേയത്തില്‍ മാറ്റങ്ങള്‍ വേണമെന്നായിരുന്നു കൂടുതല്‍ പേരും അഭിപ്രായപ്പെട്ടത്.

പരമാവധി 20-30 എപ്പിസോഡുകളിലേക്ക് സീരിയലുകള്‍ ചുരുക്കണമെന്നാണ് കമ്മീഷന്റെ നിര്‍ദ്ദേശം. ഒരു ദിവസം ഒരു ചാനലില്‍ രണ്ട് സീരിയല്‍ മാത്രം സംപ്രേക്ഷണം ചെയ്താല്‍ മതിയെന്നും കമ്മീഷന്റെ നിര്‍ദ്ദേശം. രാത്രിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയല്‍ പകല്‍സമയത്ത് പുനഃസംപ്രേഷണം ചെയ്യുന്നതിനോടും കമ്മീഷന് എതിര്‍പ്പാണ്. സീരിയല്‍ മേഖലയില്‍ സെന്‍സറിങ് വേണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി തന്നെ വ്യക്തമാക്കിയിരുന്നു.

പ്രേം കുമാറിന്റെ പരാമര്‍ശം

സീരിയലുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും സജീവമായത് നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേം കുമാര്‍ ഏതാനും ദിവസം മുമ്പ് നടത്തിയ പരാമര്‍ശത്തിലൂടെയാണ്. ചില സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ മാരകമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

ഏതൊരും പരാമര്‍ശത്തെയും പോലെ തന്നെ പ്രേം കുമാറിന്റെ വാക്കുകളെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളുണ്ടായി. വിമര്‍ശകര്‍ക്ക് മറുപടി പറയാനില്ലെന്നായിരുന്നു പ്രേം കുമാറിന്റെ നിലപാട്. തനിക്ക് തന്റെ വ്യക്തിപരമായ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യവും അവകാശവും ഉള്ളതു പോലെ ആര്‍ക്കും അവരുടെ അഭിപ്രായം, നിലപാടുകളൊക്കെ പറയാം. അത് സ്വാഗതം ചെയ്യുന്നുവെന്നും അക്കാര്യത്തില്‍ തനിക്ക് അസഹിഷ്ണുതയില്ലെന്നും പ്രേംകുമാര്‍ പറഞ്ഞു.

പ്രേം കുമാറിനെ വിമര്‍ശിച്ച് ആദ്യം രംഗത്തെത്തിയത് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയാണ്. സീരിയലിനെ എന്‍ഡോസള്‍ഫാന്‍ എന്ന് പറഞ്ഞ പ്രേംകുമാർ സീരിയലിലൂടെ തന്നെ വന്ന ആളാണെന്ന് ധര്‍മജന്‍ ആഞ്ഞടിച്ചു. പാവപെട്ടവർ ജീവിച്ചു പൊക്കോട്ടെയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പ്രേംകുമാർ ജീവിക്കുന്ന ഈ ജീവിതമാണ് എൻഡോസൾഫാനെക്കാൾ മാരകമെന്നായിരുന്നു നടന്‍ ഹരീഷ് പേരടിയുടെ വിമര്‍ശനം. ഇവിടെ നടക്കുന്നത ചീഞ്ഞ രാഷ്ട്രീയ കളികളെക്കാള്‍ ഭേദമാണ് സീരിയലുകളെന്നായിരുന്നു നടി സീമാ ജി നായരുടെ പ്രതികരണം. പതിനായിരക്കണക്കിന് പേരുടെ ജീവിതമാണെന്നും സീമ ചൂണ്ടിക്കാട്ടി.

എന്തായാലും സീരിയലുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കൂടുതല്‍ ശക്തമാവുകയാണ്. ചര്‍ച്ചകളില്‍ പ്രതിപാദിക്കുന്നതുപോലെ സീരിയലുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുമോ ? കാത്തിരുന്ന് കാണാം.