Dear Students: ഹിറ്റടിക്കാൻ നിവിന്‍ പോളി നയന്‍താര കോംബോ വീണ്ടും; ‘ഡിയര്‍ സ്റ്റുഡന്‍റ്സ്’ പൂര്‍ത്തിയായി, ആവേശത്തോടെ ആരാധകർ
Dear Students: ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഡിയര്‍ സ്റ്റുഡന്‍റ്സിന്റെ ചിത്രീകരണം പൂർത്തിയായി. നിവിന്റെ തിരിച്ചു വരവ് കാത്തിരിക്കുന്ന ആരാധകർക്ക് ആവേശം നൽകുന്നതാണ് ഈ വാർത്ത.

dear students
ആറ് വർഷത്തിന് ശേഷം വീണ്ടും ഒന്നിച്ച് നിവിൻ പോളി – നയൻതാര ഹിറ്റ് ജോഡി. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഡിയര്‍ സ്റ്റുഡന്‍റ്സിന്റെ ചിത്രീകരണം പൂർത്തിയായി. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ കൂടി പൂർത്തിയാക്കിയാലുടൻ ചിത്രം പ്രേക്ഷകരിലെത്തും.
ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായതായി നിവിൻ പോളി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. താരം പങ്ക് വെച്ച പാക്കപ്പ് വിഡിയോ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. നിവിന്റെ തിരിച്ചു വരവ് കാത്തിരിക്കുന്ന ആരാധകർക്ക് ആവേശം നൽകുന്നതാണ് ഈ വാർത്ത. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലാണ് നിവിൻ പോളിയും നയൻതാരയും ഒന്നിച്ചത്. 2019ൽ തിയറ്ററുകളിലെത്തിയ ചിത്രത്തിന് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്.
വിനീത് ജയിന്റെ മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ഡിയർ സ്റ്റുഡന്റ്സിന്റെ നിര്‍മ്മാണം. സംഗീതം: മുജീബ് മജീദ്, മ്യൂസിക് ഫൈനൽ മിക്സ്: എബിൻ പോൾ, പോസ്റ്റർ ഡിസൈൻ: ടൂണി ജോൺ, സൗണ്ട് ഡിസൈൻ: നിക്സൺ ജോർജ്ജ്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പി ആർ ഒ ശബരി.
നിവിൻ പോളിയുടെ തിരിച്ച് വരവ് കാത്തിരിക്കുകയാണ് ആരാധകർ. അവസാനം തിയറ്ററുകളിലെത്തിയ മലയാളി ഫ്രം ഇന്ത്യ പ്രേക്ഷകപ്രീതി നേടുന്നതില്‍ പരാജയപ്പെട്ടിരുന്നു. റാം സംവിധാനം നിർവഹിച്ച തമിഴ് ചിത്രം ഏഴ് കടല്‍ ഏഴ് മലൈ ആണ് നിവിന്‍റേതായി റിലീസിന് ഒരുങ്ങുന്ന മറ്റൊരു സിനിമ. സൂരി, അഞ്ജലി എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടർഡാമിൽ ‘ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ’, 46-ാമത് മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘ബ്ലോക്ക്ബസ്റ്റേഴ്സ് ഫ്രം എറൗണ്ട് ദ വേൾഡ്’ എന്നീ വിഭാഗങ്ങളിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.