Kerala State Film Awards 2024: ‘2023-ലെ ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് ലഭിച്ചത് 2024-ൽ ഇറങ്ങിയ സിനിമയ്ക്ക്; ‘2018’-നെ ഒഴിവാക്കിയായതിൽ വിവാദം
Aadujeevitham-2018 Movie Controversy: 2024-ൽ പുറത്തിറങ്ങിയ 'ആടുജീവിത'ത്തിന് 2023-ലെ ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് കൊടുത്തതിൽ വിമർശനങ്ങൾ ഉയരുന്നു. നിർമാതാക്കളായ ഷിജു ജി സുശീലൻ, വേണു കുന്നപ്പള്ളി, സംവിധായകൻ ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് അവാർഡ് നിർണയത്തിൽ അതൃപ്തി അറിയിച്ച് രംഗത്ത് വന്നത്.
സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിനെതിരെ വിവാദം കനക്കുന്നു. ‘2018’ എന്ന ചിത്രത്തിന്റെ സംവിധായകൻ ജൂഡ് ആന്റണി ജോസഫും നിർമ്മാതാവ് വേണു കുന്നപ്പള്ളിയുമാണ് പരോക്ഷവിമർശനങ്ങളുമായി രംഗത്ത് വന്നത്. ഓസ്കർ നോമിനേഷൻ വരെ നേടിയ ‘2018’-നെ സംസ്ഥാന അവാർഡിൽ നിന്നും തഴഞ്ഞതിനെച്ചൊല്ലിയാണ് വിവാദം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര അവാർഡിൽ ചിത്രത്തിന് സുപ്രധാന പുരസ്‌കാരങ്ങൾ ഒന്നും തന്നെ നേടാനായില്ല, ഇതാണ് വിവാധനങ്ങൾക്ക് വഴിയൊരുക്കിയത്.
“എന്തിലുമേതിലും വർഗീയതയും രാഷ്ട്രീയവും മാത്രം കാണുന്ന തമ്പ്രാക്കളുടെ പകയിൽ, മോഹങ്ങൾ മോഹഭംഗങ്ങളായും, സ്വപ്നങ്ങൾ ദിവാസ്വപ്നങ്ങളായും പ്രതീക്ഷകൾ നഷ്ടബോധങ്ങളായും എരിഞ്ഞടങ്ങുമ്പോൾ, നിരാശയുടെ തേരിലേറി വിധിയെ പഴിക്കാതെ, പകയേതുമില്ലാത്ത ആരോവരുന്നൊരു സുന്ദര പുലരിക്കായി കാത്തിരിക്കാമെന്നല്ലാതെ എന്തു പറയാൻ….(അല്ല പിന്നെ)” വേണു കുന്നപ്പള്ളി തന്റെ ഫേസ്ബുക് പേജിൽ കുറിച്ച്. തൊട്ടു പിന്നാലെ ഈ പോസ്റ്റിനു കമന്റ് ഇട്ട് ജൂഡ് ആന്റണിയും രംഗത്തെത്തി. ‘ഇടത്തോട്ട് ചെരിഞ്ഞു കണ്ണടച്ച് ഇരുട്ടാക്കിയ ചിലരെ എനിക്കറിയാം’ എന്നാണ് ജൂഡിന്റെ മറുപടി.
ALSO READ: അവാർഡുകൾ തൂത്തുവാരി ആടുജീവിതം; മികച്ച നടി ഉര്‍വശി, ബീന, മികച്ച നടന്‍ പൃഥ്വിരാജ്
കേരളത്തിൽ 2018-ിൽ ഉണ്ടായ പ്രളയത്തെ പ്രമേയമാക്കി എടുത്ത ചിത്രമാണ് ‘2018’. കേരളത്തിലും പുറത്തും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 200 കോടി ക്ലബ്ബിൽ ഇടം നേടിയ ആദ്യ മലയാള ചിത്രം എന്ന നേട്ടവും സ്വന്തമായുണ്ട്. എന്നാൽ, ചിത്രത്തിൽ പ്രളയകാലത്തെ സർക്കാർ ഇടപെടലിനെക്കുറിച്ച് അധികമൊന്നും പറയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ചില വിമർശനങ്ങളും ഉയർന്നിരുന്നു.
ജൂഡ് ആന്റണിക്ക് പിന്നാലെ പ്രമുഖ നിർമാതാവ് ഷിജു ജി സുശീലനും അവാർഡ് നിർണയത്തിൽ അതൃപ്തി അറിയിച്ചു. 2024-ൽ പുറത്തിറങ്ങിയ ‘ആടുജീവിത’ത്തിന് എങ്ങനെ 2023-ലെ ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് കൊടുക്കും എന്ന ചോദ്യമാണ് ഷിജു ഉയർത്തിയത്. “2023-ലെ ജനപ്രിയ ചിത്രം ഇതിൽ ഇതായിരുന്നു. 2024-ൽ ഇറങ്ങിയ ചിത്രം ആയിരുന്നോ? വിവരക്കേട് അടിവരയിട്ട് പറയരുത്.” ഇരുചിത്രങ്ങളുടെയും ചിത്രം പങ്കുവെച്ചുകൊണ്ട് ഷിജു ഫേസ്ബുക്കിൽ കുറിച്ചു. 2023 ഡിസംബർ 30-ന് സെൻസർ ചെയ്യപ്പെട്ട ‘ആടുജീവിതം’ എങ്ങനെ ആ വർഷത്തെ ജനപ്രിയ ചിത്രം ആകുമെന്നാണ് ഷിബു ചോദിക്കുന്നത്.