Coldplay Concert : പരിപാടിക്ക് കോടികൾ, ബുക്ക് മൈ ഷോ വരെ നിശ്ചലമാക്കിയ കോൾഡ് പ്ലേ ബാൻഡ്
Coldplay India Tour 2024 Date: ഇന്ത്യയിൽ കോൾഡ് പ്ലേ ഫാൻസിൻ്റെ കണക്കെടുത്ത് നോക്കണം. ലക്ഷങ്ങളിൽ പോലും നിൽക്കില്ലത്, ഇപ്പോഴും കോൾഡ് പ്ലേ കോൺസേർട്ടുകൾക്കായി കാത്തിരിക്കുന്ന നിരവധിപേർ
ഒരു ടിക്കറ്റ് കിട്ടാൻ ആരുമൊന്ന് കൊതിച്ചു പോകും, അവസാന വരിയിലെങ്കിലും എത്തിപ്പെടാൻ ലക്ഷം കൊടുക്കാനും മടിക്കില്ല- ഇത്രയധികം ഒരു മ്യൂസിക് ബാൻഡിനെ ആരാധകർ സ്നേഹിക്കുന്നുവെങ്കിൽ അതിൻ്റെ പേരാണ് ‘കോൾഡ് പ്ലേ’ ഒറ്റ ദിവസം കൊണ്ട് ഇന്ത്യ മുഴുവൻ തരംഗമായി മാറി, ഒടുവിൽ ഓണ്‍ലൈന്‍ ബുക്കിംഗ് സൈറ്റായ ബുക്ക് മൈ ഷോയെ വരെ വെള്ളം കുടിപ്പിച്ച കോൾഡ് പ്ലേ എന്ന ബ്രിട്ടീഷ് റോക്ക് മ്യൂസിക് ബാൻഡിന് ഇന്ത്യയിലിതെന്താണിത്ര കാര്യം എന്ന് ചോദിക്കാൻ വരുന്നതിന് മുൻപ് ഇന്ത്യയിൽ കോൾഡ് പ്ലേ ഫാൻസിൻ്റെ കണക്കെടുത്ത് നോക്കണം. ലക്ഷങ്ങളിൽ പോലും നിൽക്കില്ലത്. എന്താണ് ആ മാജിക് സംഗീതം, ആരാണിവർ തുടങ്ങി നിരവധി ചോദ്യങ്ങളുടെ ഉത്തരം തേടുകയാണ് ഇവിടെ.
ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിൽ 1996-ൽ രൂപം കൊണ്ട ഒരു സാധാരണ മ്യൂസിക് ബാൻഡ് എന്നതിനപ്പുറം എടുത്ത് പറയത്തക്ക യാതൊരു മികവും കോൾ പ്ലേയുടെ ആദ്യകാലത്തിനുണ്ടായിരുന്നില്ല. പാട്ടുകാരനും പിയാനിസ്റ്റമായ ക്രിസ് മാർട്ടിനും ഗിറ്റാറിസ്റ്റ് ജോണി ബക്ലൻഡും ചേർന്നാണ് കോൾഡ് പ്ലേ രൂപികരിക്കുന്നത്. അന്നതിൻ്റെ പേര് കോൾഡ പ്ലേ എന്നായിരുന്നില്ല പെക്റ്റൊറൽസ് എന്നായിരുന്നു. ഗയ് ബെറിമാൻ എന്ന അംഗം കൂടി എത്തിയതോടെ ബാൻഡിൻ്റെ പേര് സ്റ്റാർ ഫിഷ് എന്നാക്കി. പിന്നീട് വിൽ ചാംപ്യൻ കൂടി ഭാഗവാക്കയതോടെ 1998 -ൽ സ്റ്റാർ ഫിഷ് ബാൻഡ് ഇന്നത്തെ കോൾഡ്പ്ലേ ആയി. 2000 -ൽ “യെല്ലോ” എന്ന സിംഗിളാണ് ബാൻഡിൻ്റെ തലവര മാറ്റിയെഴുതിയത്. പിന്നീട് പുറത്തിറങ്ങിയ പാരഷൂട്ട്സും ആഗോളതലത്തിൽ മികച്ച പ്രശംസ നേടി. പിന്നീടങ്ങോട്ട് കോൾഡ് പ്ലേയുടെ കുതിപ്പായിരുന്നു കണ്ടത്.
2002 -ൽ പുറത്തിറക്കിയ രണ്ടാമത്തെ ആൽബം എ റഷ് ഓഫ് ബ്ലഡ് ടു ദ ഹെഡ് നിരൂപകപ്രസംശ നേടി. 2005 -ൽ എക്സ് & വൈ, ലോകമെമ്പാടും വിറ്റു പോയ ഗംഭീര ആൽബം ആയിരുന്നിട്ടും, മുൻ ആൽബങ്ങളേക്കാൾ നിലവാരം അതിന് കുറഞ്ഞെന്ന് ചില നിരൂപകർ അഭിപ്രായപ്പെട്ടിരുന്നു. 2011 ഒക്ടോബർ -ൽ, അവർ തങ്ങളുടെ അഞ്ചാമത്തെ ആൽബമായ മൈലോ സൈലൊട്ടോ, പുറത്തിറക്കി. 34 രാജ്യങ്ങളിൽ മുൻനിരയിൽ എത്തിയ ആൽബം, യുകെയിൽ ആ വർഷം ഏറ്റവും വില്പന നേടിയ റോക്ക് ആൽബങ്ങളിലൊന്നായി. 2014-മെയിൽ പുറത്തിറക്കിയ ആറാമത്തെ ആൽബം, ഗോസ്റ്റ് സ്റ്റോറീസ്, 100 രാജ്യങ്ങളിലെ ഐട്യൂൺസ് സ്റ്റോറുകളിൽ മുൻനിരയിലായിരുന്നു. 2015 ഡിസംബറിൽ പുറത്തിറക്കിയ ഏഴാമത്തെ ആൽബം, എ ഹെഡ് ഫുൾ ഓഫ് ഡ്രീംസ്, ആഗോള മാർക്കറ്റിൽ തന്നെ രണ്ടാം സ്ഥാനത്തായിരുന്നു. ഏഴ് ഗ്രാമി അവാർഡടക്കം ഇതുവരെ 62-ൽ അധികം പുരസ്കാരങ്ങൾ കോൾഡ് പ്ലേ സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിൽ 2016-ൽ
2016-ലാണ് കോൾഡ് പ്ലേ അവസാനമായി ഇന്ത്യയിലെത്തുന്നത്. അതിന് ശേഷം ഇതാദ്യമായാണ് രാജ്യത്തെ ബാൻഡിൻ്റെ പരിപാടി. 2025 ജനുവരി 18, 19 തീയതികളിൽ മുംബൈയിലെ ഡിവൈ പാട്ടീൽ സ്‌പോർട്‌സ് സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുന്നത്. ഞായറാഴ്ച ഉച്ച കഴിഞ്ഞ് ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോ ടിക്കറ്റുകൾ വിൽക്കാൻ തുടങ്ങിയിരുന്നെങ്കിലും തിരക്ക് വർധിച്ചതോടെ സൈറ്റിലെ തകരാറിലായി. പുലർച്ചെ 1:50-ന് സൈറ്റ് വീണ്ടും ഓൺലൈനായി. ഏകദേശം 11 ലക്ഷത്തിലധികം ആളുകൾ ആദ്യ ദിവസത്തെ ടിക്കറ്റുകൾ ഇതിനോടകം ബുക്ക് ചെയ്തിരുന്നു. ഒരു ടിക്കറ്റിന് ഏകദേശം 2000 രൂപ മുതൽ 35000 വരെയാണ് നിരക്ക്. അടുത്ത വർഷമാണെങ്കിലും ആകാംക്ഷയുടെ മുൾമുനയിലാണ് ആരാധകർ.
(Refernce: Wikipedia, Britanica, Coldplay Website)