Nivin Pauly: പരാതി വ്യാജം; നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്; പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി
Actor Nivin Pauly: കേസിലെ മറ്റ് പ്രതികൾക്കെതിരായ അന്വേഷണം തുടരും. ഉൗന്നുങ്കൽ പൊലീസാണ് നിവിൻ പോളി ഉൾപ്പെടെ ആറ് പേർക്കെതിരെ കേസെടുത്തത്.
കൊച്ചി: ബലാത്സംഗ പരാതിയിൽ നടൻ നിവിൻ പോളിക്ക് ക്ലീന്‍ ചിറ്റ്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ നിവിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി അന്വേഷണ സംഘം. കേസിലെ ആറാം പ്രതിയാണ് നിവിൻ പോളി. കോതമംഗലം മജിസ്ട്രേറ്റ് കോടതിയിലാണ് നടനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. യുവതി പീഡനം നടന്നെന്ന് ആരോപിക്കുന്ന സമയത്തോ, ദിവസമോ നടൻ ദുബായിൽ ഉണ്ടായിരുന്നില്ലെന്നും അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കേസിലെ മറ്റ് പ്രതികൾക്കെതിരായ അന്വേഷണം തുടരും. ഉൗന്നുങ്കൽ പൊലീസാണ് നിവിൻ പോളി ഉൾപ്പെടെ ആറ് പേർക്കെതിരെ കേസെടുത്തത്.
ദുബെെയിൽ ജോലി ചെയ്യുന്ന നേര്യമംഗലം സ്വദേശിയാണ് നിവിൻ പോളിക്കെതിരെ പരാതി നൽകിയത്. യുവതിക്ക് ജോലി ശരിയായി നൽകിയ ശ്രേയ എന്ന യുവതിയാണ് കേസിലെ ഒന്നാം പ്രതി. നിവിന്‍ പോളിയുടെ സുഹൃത്ത് തൃശൂര്‍ സ്വദേശി സുനില്‍, ബഷീര്‍, കുട്ടന്‍, ബിനു തുടങ്ങിയവരാണ് കേസിലെ മറ്റുപ്രതികൾ. തനിക്കെതിരായ യുവതിയുടെ പീഡന പരാതി വ്യാജമാണെന്ന് നിവിൻ പോളി അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. യുവതി പരാതിയിൽ പറയുന്ന ദിവസം താൻ കൊച്ചിയിലെ ഷൂട്ടിംഗ് സ്ഥലത്തായിരുന്നെന്നും പാസ്പോർട്ട് പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും നിവിൻ അന്വേഷണസംഘത്തെ അറിയിച്ചിരുന്നു.
യുവതി ആരോപണവുമായി രംഗത്തെത്തിയ ദിവസം തന്നെ വ്യാജ പരാതിയാണെന്ന് വ്യക്തമാക്കി നിവിന്‍ പോളി മാധ്യമങ്ങളെ കണ്ടിരുന്നു. മുമ്പ് ഇതുമായി ബന്ധപ്പെട്ട് യുവതി പരാതി നല്‍കിയിരുന്നുവെന്നും, അന്ന് പൊലീസ് തന്റെ മൊഴി രേഖപ്പെടുത്തിയിരുന്നതായും നിവിന്‍ പോളി അന്ന് വെളിപ്പെടുത്തിയിരുന്നു. പരാതി അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേസ് അന്ന് അവസാനിപ്പിച്ചിരുന്നു. പണം കെെക്കലാക്കാനുള്ള ശ്രമമാണ് പരാതിക്ക് പിന്നിൽ. യുവതിയെ തനിക്ക് അറിയില്ലെന്നും, പരാതിക്കാരിയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ കൊണ്ടുവരാന്‍ ഏതറ്റം വരെയും പോകുമെന്നും നിയമപരമായി കേസിനെ നേരിടുമെന്നും നിവിൻ പറഞ്ഞിരുന്നു.
നിവിൻ പോളിക്കെതിരെയുള്ള ആരോപണം വ്യാജമാണെന്ന് തെളിയിക്കുന്ന തെളിവുകളും നടന്റെ സുഹൃത്തുകൾ പുറത്തുവിട്ടിരുന്നു. പീഡനം നടന്നെന്ന് പറയുന്ന ഡിസംബർ മാസത്തിൽ നിവിൻ വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ സെെറ്റിലായിരുന്നുവെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ വെളിപ്പെടുത്തിയതോടെയാണ് കേസിൽ ട്വിസ്റ്റ് സംഭവിക്കുന്നത്. പിന്നാലെ നടി പാർവ്വതി കൃഷ്ണയും നടൻ ഭഗത് മാനുവലും നിവിൻ ഷൂട്ടിംഗ് ലൊക്കേഷനിൽ ആയിരുന്നുവെന്നതിന്റെ തെളിവുകൾ പുറത്തുവിട്ടിരുന്നു.