Mohanlal: ബറോസ് റിലീസിന് മണിക്കൂറുകള്‍ മാത്രം; ആരാധകര്‍ക്ക് അപ്രതീക്ഷിത ക്രിസ്മസ് സമ്മാനം ഒരുക്കി മോഹന്‍ലാൽ
Christmas Song Gloria Varavayi: ആശിര്‍വാദ് സിനിമാസിന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ ഗാനം പുറത്തുവിട്ടത്. ജെറി അമല്‍ദേവ് സംഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് പ്രഭ വര്‍മ്മയാണ്.
ക്രിസ്മസ് തലേന്ന് ആരാധകർക്ക് അപ്രതീക്ഷിത ക്രിസ്മസ് സമ്മാനം ഒരുക്കി നടൻ മോഹന്‍ലാൽ . താരം തന്നെ പാടി ‘ഗ്ലോറിയ’ എന്ന ക്രിസ്മസ് കരോൾ ഗാനത്തിന്റെ വീഡിയോ ആണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ ഗാനം പുറത്തുവിട്ടത്. ജെറി അമല്‍ദേവ് സംഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് പ്രഭ വര്‍മ്മയാണ്.
ചുറ്റും വര്‍ണശബളമായ ക്രിസ്മസ് ട്രീയുടെയും മെഴുകുതിരികളുടേയും മനോഹരമായ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിട്ടുള്ളത്. യേശുവിന്‍റെ ജനനവും ഉള്‍പ്പെടുത്തിയിരിക്കുന്ന വിഷ്വലൈസേഷന്‍ നടത്തിയിരിക്കുന്നത് ടികെ രാജീവ് കുമാറാണ്. ജെബിന്‍ ജേക്കബ് ക്യാമറയും, ഡോണ്‍ മാക്സ് എഡിറ്റിംഗും നടത്തിയിരിക്കുന്നു. ആശീര്‍വാദ് സിനിമാസാണ് നിര്‍മ്മാണം.
അതേസമയം താരം ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് റിലീസ് ചെയ്യാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെയാണ് താരത്തിണന്റെ അപ്രതീക്ഷിത ക്രിസ്മസ് സമ്മാനം. കുട്ടികളുടെ ഫാന്‍റസി വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ തന്നെയാണ്. ഇതിനു പുറമെ ഗുരു സോമസുന്ദരം, മോഹൻ ശർമ്മ, തുഹിൻ മേനോൻ എന്നിവരും വിദേശ താരങ്ങളായ മായ, സീസർ, ലോറന്റെ തുടങ്ങിയവരും അണിനിരക്കുന്നു. ഛായാഗ്രഹണം സന്തോഷ് ശിവൻ. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ആശിര്‍വാദിന്‍റെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ് ബറോസ്. അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
ആരാധകർ ഏറെ ഉറ്റുനോക്കുന്ന ചിത്രമാണ് ബറോസ്. ചിത്രം റിലീസ് ചെയ്യുന്നതിന്റെ ഭാഗമായി അഡ്വാന്‍സ് റിസര്‍വേഷന്‍ തിങ്കളാഴ്ച തന്നെ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ അഡ്വാൻസ് ബുക്കിങ്ങിലൂടെ നേടിയ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. കേരളത്തിൽ നിന്ന് മാത്രം 1.2 കോടി രൂപയാണ് ബറോസ് നേടിയതെന്നാണ് സിനിമാ അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. ഇതോടെ പല കളക്ഷൻ റെക്കോർഡുകളും തിരുത്തിക്കുറിക്കുമെന്നാണ് പ്രതീക്ഷ. ഇതറിയാൻ കുറച്ച് ദിവസം കൂടി കാത്തിരിക്കേണ്ടി വരും കേരളത്തിലെ പല തിയറ്ററുകളും മോഹൻലാല്‍ ചിത്രത്തിന് ഹൌസ്‍ഫുള്ളാണ് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം കേരളത്തില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 63 ലക്ഷമാണ്. 960 പ്രദര്‍ശങ്ങളില്‍ നിന്ന് 29,789 ടിക്കറ്റുകളാണ് ചിത്രം വിറ്റിരിക്കുന്നതെന്ന് സാക്നില്‍ക് റിപ്പോർട്ട് ചെയ്യുന്നു. ആവറേജ് തുകയായ 184 രൂപ വച്ചിട്ടാണ് കളക്ഷന്‍ കണക്കാക്കിയിരിക്കുന്നത്. തമിഴ്നാട്ടിലെ 17 ഷോകളും ട്രാക്ക് ചെയ്തിട്ടുണ്ട്. അതുകൂടി ചേർത്ത് 63.22 ലക്ഷമാണ് ചിത്രം ഇതിനകം നേടിയിരിക്കുന്നത്. ബ്ലോക്ക് സീറ്റ്സ് കൂടി പരിഗണിക്കുമ്പോള്‍ ചിത്രം അഡ്വാന്‍സ് ബുക്കിംഗിലൂടെ നേടിയിരിക്കുന്നത് 1.08 കോടിയാണെന്നാണ് റിപ്പോർട്ടുകൾ.