Movies Releases On Christmas 2024 : ലാലേട്ടൻ്റെ ബാറോസ്, ആഷിഖ് അബുവിൻ്റെ റൈഫിൾ ക്ലബ്; ക്രിസ്മസിന് തിയറ്ററുകളിൽ എത്തുന്ന ചിത്രങ്ങൾ
ലാലേട്ടൻ്റെ ബാറോസ്, ആഷിഖ് അബുവിൻ്റെ റൈഫിൾ ക്ലബ്, മലയാളത്തിലെ ഏറ്റവും വയലന്റ് ചിത്രം 'മാർക്കോ' എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടത്.
ഇത്തവണ ക്രിസ്തുമസ് പൊടിപൊടിക്കാൻ മലയാള സിനിമ ഒരുങ്ങികഴിഞ്ഞു.നിരവധി സിനിമകളാണ് ഈ അവധിക്കാലത്ത് തീയറ്ററുകളിൽ എത്തുന്നത്. ലാലേട്ടൻ്റെ ബാറോസ്, ആഷിഖ് അബുവിൻ്റെ റൈഫിൾ ക്ലബ്, മലയാളത്തിലെ ഏറ്റവും വയലന്റ് ചിത്രം ‘മാർക്കോ’ എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടത്.
ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. ആദ്യമായി മോഹൻലാൽ സംവിധാനം ചെയ്യുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മെഗാ ബജറ്റ് ത്രിഡി ചിത്രമാണ് ‘ബറോസ്’. ഡിസംബർ 25ന് ക്രിസ്മസ് റിലീസ് ആയി ചിത്രം തിയറ്റുകളിലെത്തും. മോഹൻലാൽ തന്നെയാണ് ഈ വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. നിരവധി തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന സിനിമയുടെ സംഭാഷണങ്ങൾ എഴുതുന്നത് കലവൂർ രവികുമാർ ആണ്. 3D യിൽ പുറത്തിറങ്ങുന്ന ചിത്രം ഒരു ഫാന്റസി പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബറോസ് റിലീസിനൊരുങ്ങുന്നത്. ഈ സിനിമ ആദ്യം ഒക്ടോബർ 3 ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. തീയതി താരം തന്നെയാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ റിലീസ് മാറ്റുകയായിരുന്നു. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സിബിഎസിന്‍റെ വേള്‍ഡ്സ് ബെസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡ് നേടിയ ലിഡിയന്‍റെ ആദ്യ സിനിമയാണ് ബറോസ്.
ക്രിസ്മസിന് നല്ല ഒന്നൊന്നര ഐറ്റമാണ് സംവിധായകൻ ആഷിഖ് അബു മലയാളികൾക്ക് സമ്മാനിക്കുന്നത്. ആഷിഖ് അബുവിന്റെ സംവിധാനത്തിൽ എത്തുന്ന ചിത്രം ഡിസംബർ 19 ന് ക്രിസ്മസ് റിലീസായാണ് പുറത്തിറങ്ങുന്നത്. നിറയെ ആക്ഷൻ രംഗങ്ങൾ ഉള്ള ചിത്രമാകും റൈഫിൾ ക്ലബ് എന്ന സൂചനയാണ് ട്രെയിലർ നൽകിയത്. ഒപിഎം സിനിമാസിനു വേണ്ടി ആഷിഖ് അബു, വിൻസൻറ് വടക്കൻ, വിശാൽ വിൻസന്റ് ടോണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് കരുണാകരനും ശ്യാം പുഷ്‌കരനും സുഹാസും ചേർന്നാണ്.
Also Read: പ്രഖ്യാപനമില്ലാതെ തങ്കലാൻ ഒടിടിയില്‍; ചിത്രം എവിടെ കാണാം?
മലയാളത്തിലെ തന്നെ മോസ്റ്റ് വയലന്‍റ് ഫിലിം എന്ന ലേബലിൽ എത്തുന്ന ചിത്രമാണ് ഉണ്ണി മുകുമന്ദൻ നായകനാകുന്ന ‘മാർക്കോ’. ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും, പാട്ടുമെല്ലാം പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയിരുന്നു. ഇത്രയധികം വയലൻസ് ഉള്ള ഒരു ചിത്രം മലയാള സിനിമാ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടിമുടി വയലൻസിൽ തീർത്ത ചിത്രത്തിന് ഇപ്പോൾ സെൻസർ ബോർഡിൽ നിന്നും ‘എ’ സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുകയാണ്. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ഡിസംബർ 20-ന് തീയറ്ററുകളിൽ എത്തും. ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായെത്തുന്നത് ഉണ്ണി മുകുന്ദനാണ്. നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി ഒരുക്കിയ സിനിമ ‘മിഖായേൽ’-ൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രമായ മാർക്കോ ജൂനിയറിനെ കേന്ദ്രീകരിച്ച് ഇറക്കുന്ന സ്പിൻ ഓഫ് ചിത്രമാണ് ‘മാർക്കോ’.
സുരാജ് വെഞ്ഞാറുമൂടിനെ നായകനാക്കി ആമിർ പള്ളിക്കാൽ സംവിധാനം ചെയ്ത ഇ.ഡി എന്ന ചിത്രമാണ് തീയറ്ററിൽ എത്തുന്ന അടുത്ത ചിത്രം. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും വിലാസിനി സിനിമാസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം 20ന് തിയേറ്ററുകളിലേക്കെത്തും. ഡാർക്ക് ഹ്യൂമർ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ഒരു കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഗ്രേസ് ആന്റണി, ശ്യാം മോഹൻ, വിനയപ്രസാദ്, റാഫി, സുധീർ കരമന, ദിൽന പ്രശാന്ത് അലക്സാണ്ടർ, ഷാജു ശ്രീധർ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന.