യാഥാര്‍ഥ ജീവിതത്തില്‍ കാണുന്ന നായകനും നായികയും സിനിമയില്‍ കാണാറില്ല; വിശേഷത്തിലെ വിശേഷങ്ങളുമായി ചിന്നു ചാന്ദ്നി | Chinnu Chandni Malayalam Actress Latest Interview About Her New Movie Vishesham Exclusive Session With TV9 Malayalam Malayalam news - Malayalam Tv9

Chinnu Chandni: യാഥാര്‍ഥ ജീവിതത്തില്‍ കാണുന്ന നായകനും നായികയും സിനിമയില്‍ കാണാറില്ല; വിശേഷത്തിലെ വിശേഷങ്ങളുമായി ചിന്നു ചാന്ദ്നി

Updated On: 

24 Jul 2024 10:40 AM

Malayalam Actress Chinnu Chandni: എനിക്ക് കാണാനും കേള്‍ക്കാനും താത്പര്യമുള്ള സിനിമകളും ചെയ്യാന്‍ താത്പര്യം തോന്നുന്ന കഥാപാത്രങ്ങളും തിരഞ്ഞെടുത്താണ് ഞാന്‍ സിനിമ ചെയ്യുന്നത്. അത് നല്ല സിനിമകള്‍ ആകുന്നുവെന്നത് എന്റെ ഇഷ്ടങ്ങള്‍ അങ്ങനെ ഉള്ളതുകൊണ്ടായിരിക്കാം, അല്ലാതെ യാദൃശ്ചികമല്ല.

Chinnu Chandni: യാഥാര്‍ഥ ജീവിതത്തില്‍ കാണുന്ന നായകനും നായികയും സിനിമയില്‍ കാണാറില്ല; വിശേഷത്തിലെ വിശേഷങ്ങളുമായി ചിന്നു ചാന്ദ്നി
Follow Us On

ഒട്ടനവധി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ചിന്നു ചാന്ദ്‌നി. ‘വിശേഷം’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് താരമിപ്പോള്‍. തന്റെ സിനിമ വിശേഷങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ചിന്നു ചാന്ദ്‌നി ടിവി9 മലയാളം ഡയലോഗ് ബോക്‌സില്‍.

എന്താണ് ഇപ്പോഴത്തെ വിശേഷം ?

ഇപ്പോഴത്തെ വിശേഷം, ‘വിശേഷം’ എന്ന എന്റെ സിനിമ തിയേറ്ററുകളിലെത്തിയതാണ്. അത് പോസിറ്റീവ് അഭിപ്രായത്തോടെ ആളുകള്‍ കണ്ടിറങ്ങുന്നുണ്ട്. കണ്ടവരെല്ലാവരും വളരെ സന്തോഷത്തോടെയാണ് തിയേറ്ററില്‍ നിന്ന് ഇറങ്ങി വരുന്നത്. അതോടൊപ്പം ഫീല്‍ ഗുഡ് മൂവിയാണ് എന്നാണ് എല്ലാവരും പറയുന്നത്.

ഒട്ടും പൊലിമയില്ലാതെ, ഷിജു സജിത എന്നീ രണ്ട് വ്യക്തികളുടെ ജീവിതമാണ് ചിത്രം സംസാരിക്കുന്നത്. എങ്ങനെയാണ് ഈ കഥാപാത്രത്തിലേക്ക് എത്തിപ്പെട്ടത് ?

എന്നെ ആദ്യം ഈ സിനിമയിലേക്ക് വിളിക്കുന്നത് സംവിധായകനായ സൂരജ് ടോം ആണ്. അദ്ദേഹവും തിരക്കഥാകൃത്ത് ആനന്ദ് മധുസൂദനനും ചേര്‍ന്നാണ് എനിക്ക് കഥ പറഞ്ഞ് തന്നത്. കേട്ടപ്പോള്‍ മുതല്‍ ഇത് ചെയ്യണമെന്ന് എനിക്ക് തോന്നി. ഒരു വലിയ ഹൃദയമുള്ള സിനിമയായിട്ടാണ് തോന്നിയത്. സജിത എന്ന കഥാപാത്രം ഒരു അഭിനേതാവിനെ സംബന്ധിച്ച് ഒരുപാട് സ്‌കോപ് ഉള്ള ഒന്നാണ്. കിട്ടാന്‍ അങ്ങനെ സാധ്യതയില്ലാത്ത ഒരു കഥാപാത്രവുമാണിത്. വളരെ ആഗ്രഹത്തോടുകൂടിയാണ് ഞാന്‍ ഈ സിനിമയുടെ ഭാഗമായത്.

വിശേഷം സിനിമ രംഗം

പൊതുവെ രണ്ടാം വിവാഹങ്ങള്‍ അല്ലെങ്കില്‍ രണ്ടാം വിവാഹം ചെയ്യുന്ന നായികമാര്‍ മലയാള സിനിമയില്‍ ഉണ്ടാകാറില്ല. വിശേഷം യഥാര്‍ഥത്തില്‍ നല്ലൊരു മാറ്റം അല്ലേ കൊണ്ടുവന്നിരിക്കുന്നത് ?

നമ്മുടെ സമൂഹത്തില്‍ രണ്ടുപേര്‍ വിവാഹം ചെയ്യുന്നു, രണ്ട് കുടുംബങ്ങള്‍ ഒന്നിക്കുന്നു, അവര്‍ക്കിടയില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ വേര്‍പിരിയാന്‍ തീരുമാനിക്കുന്നു. എന്തോ വലിയ തെറ്റായാണ് ഡിവോഴ്‌സിനെ ആളുകള്‍ കാണുന്നത്. എന്നാല്‍ രണ്ട് വ്യക്തികള്‍ക്കും രണ്ട് കുടുംബങ്ങള്‍ക്കും കിട്ടുന്ന സെക്കന്റ് ചാന്‍സ് കൂടിയാണ് ഡിവോഴ്‌സുകള്‍. ദാമ്പത്യം എന്നത് ഈ രണ്ടുപേരുടെ വേര്‍പിരിയലോടെ ഇല്ലാതാകുന്നുണ്ട്. അപ്പോള്‍ ഒരു സെക്കന്റ് ചാന്‍സ് കിട്ടുന്നത് എന്തുകൊണ്ടും വളരെ നല്ലതാണ്. ആ നല്ല കാര്യത്തിന് നേരെ ഒട്ടും നെറ്റി ചുളിക്കാതെ അതിനെ ആ രീതിയില്‍ തന്നെ കണ്ടാല്‍ ഒരുപാട് പേര്‍ക്ക് സന്തോഷമായി ജീവിക്കാനുള്ള അവസരം ലഭിക്കും. രണ്ടാം വിവാഹം എന്നത് വളരെ മോശപ്പെട്ട ഒന്നായിട്ടാണ് നമ്മുടെ സൊസൈറ്റി കാണുന്നത്. അതില്‍ ഇപ്പോള്‍ മാറ്റം വരുന്നുണ്ട്. രണ്ടാം വിവാഹം എന്ന വിഷയത്തില്‍ സമൂഹത്തിന് നെറ്റിചുളിക്കേണ്ട ആവശ്യമില്ല. ഈ സിനിമയും അത് തന്നെയാണ് സംസാരിക്കുന്നത്.

മറ്റ് സിനിമകളില്‍ കണ്ട് ശീലിച്ചുപോന്ന ഒരു നായകനല്ല ഷിജു ഭക്തന്‍. എല്ലാ നായക സങ്കല്‍പ്പങ്ങളുടെയും ഉടച്ചുവാര്‍ക്കല്‍ കൂടിയാണ് ഇവിടെ സംഭവിച്ചത്…ഇത്തരത്തിലുള്ള സങ്കല്‍പ്പങ്ങള്‍ സിനിമയുടെ അല്ലെങ്കില്‍ സിനിമ മേഖലയില്‍ ഉള്ളവരുടെ വളര്‍ച്ചയ്ക്ക് വിലങ്ങുതടിയാകുന്നില്ലേ?

നമ്മുടെ ചുറ്റും നടക്കുന്ന സംഭവങ്ങളില്‍ ഓരോ കഥയും കഥപാത്രങ്ങളുമുണ്ട്. നമ്മുടെ യാഥാര്‍ഥ ജീവിതത്തില്‍ കാണുന്ന നായകനും നായികയുമൊന്നും സിനിമയില്‍ കാണാറില്ല. എല്ലാവരും വ്യത്യസ്തരാണ്, അതുകൊണ്ട് ഓരോരുത്തരെയും റെപ്രസന്റ് ചെയ്യുക എന്നത് പ്രധാനമാണ്. പല രൂപത്തിലും ഭാവത്തിലുമുള്ള മനുഷ്യര്‍ സ്‌ക്രീനില്‍ എത്തുമ്പോഴേ അത് നമ്മുടെ കൂടി കഥയാണെന്ന് തോന്നൂ. മുമ്പൊക്കെ നായകന്‍ ഇങ്ങനെ ആയിരിക്കണം എന്ന കുറേ നിബന്ധനകള്‍ ഉണ്ടായിരുന്നു. നേരത്തെ സെറ്റ് ചെയ്തിട്ടുള്ള നായിക-നായക സങ്കല്‍പങ്ങള്‍ക്കുള്ളില്‍ നില്‍ക്കുന്നവര്‍ക്ക് മാത്രമേ സിനിമ ലഭിക്കൂ. വളരെ പ്രിവിലേജ്ഡ് ആയിട്ടുള്ള ആളുകള്‍ക്ക് മാത്രം എത്തിപ്പെടാന്‍ സാധിക്കുന്ന ഒരിടമായിരുന്നു സിനിമ. പക്ഷെ സിനിമ എന്നത് എല്ലാവരും സ്വപ്‌നം കാണുന്ന ഒന്നുകൂടിയാണ്. ഇന്ന് പല രീതിയിലുള്ള നാകന്മാരും നായികമാരും വരുന്നു, അതുകൊണ്ട് നമ്മുടെ ജീവിതത്തില്‍ നമ്മള്‍ കാണുന്ന പലതരം ആളുകളെ, ജീവിതങ്ങളെ സിനിമയില്‍ കാണാന്‍ സാധിക്കുന്നുവെന്ന് പറയുന്നത് നല്ലൊരു മാറ്റമാണ്.

പോലീസ് കോണ്‍സ്റ്റബിള്‍ ടി ആര്‍ സജിതയായി മാറാന്‍ എന്തെല്ലാം തയാറെടുപ്പുകളായിരുന്നു നടത്തിയിരുന്നത് ?

സംവിധായകന്റെയും എഴുത്തുകാരന്റെയും സഹായത്തോടെയാണ് ഞാന്‍ ആ കഥാപാത്രത്തിന് തയാറെടുപ്പുകള്‍ നടത്തിയത്. ആ കഥാപാത്രം പോകുന്ന വഴികളും ഇമോഷനുകളും ചിന്തകള്‍ ഇങ്ങനെ എല്ലാം ഇവരുടെ സഹായത്തോടെയാണ് ചെയ്തത്. അത് തന്നെയാണ് ആ കഥാപാത്രത്തിന്റെ വിജയവും.

ചിന്നു ചാന്ദ്നി

ഒരുപാട് സിനിമകളുടെ ഭാഗമായിട്ടുണ്ട്…ഇതുവരെ ചെയ്തതില്‍ ഏത് കഥാപാത്രത്തോടാണ് കൂടുതല്‍ അടുപ്പം തോന്നിയിട്ടുള്ളത് ?

ഞാന്‍ ഇതുവരെ ചെയ്ത എല്ലാ സിനിമകളോടും എല്ലാ കഥാപാത്രങ്ങളോടും എനിക്ക് വലിയ അടുപ്പമുണ്ട്. ആ അടുപ്പം തോന്നിയാല്‍ മാത്രമേ നമുക്ക് ആ കഥാപാത്രത്തോട് നീതി കാണിക്കാന്‍ സാധിക്കൂ. എല്ലാ കഥാപാത്രങ്ങളും എനിക്ക് വളരെ പ്രിയപ്പെട്ടതാണ് അവയെല്ലാം ഞാന്‍ എന്ന ആര്‍ട്ടിസ്റ്റിനെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ അവസാനം വന്ന സജിതയും എനിക്ക് വളരെ സ്‌പെഷ്യലാണ്, കാരണം ഏഴെട്ട് വര്‍ഷത്തെ കാര്യങ്ങള്‍ എനിക്ക് സജിതയിലൂടെ ചെയ്യാന്‍ സാധിച്ചു. വളരെ ചാലഞ്ചിങ്ങായിട്ടുള്ള ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. സജിതയില്‍ ഞാന്‍ ചെയ്ത് വെച്ചിട്ടുള്ള കാര്യങ്ങള്‍ ഇനി ചെയ്യാന്‍ പോകുന്ന മറ്റ് സിനിമകളില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഒരു ബേസ് ഉണ്ടായി.

നേരത്തെ നായക സങ്കല്പത്തെ കുറിച്ച് പറഞ്ഞതുപോലെ …ചിന്നു ഇതുവരെ മലയാളികള്‍ കണ്ട നായികമാരില്‍ നിന്ന് ഒരുപാട് വ്യത്യസ്തയാണ്. ആ വ്യത്യസ്തയുടെ പേരില്‍ മാറ്റി നിര്‍ത്തല്‍ അനുഭവിക്കേണ്ടതായി വന്നിരുന്നോ ?

ആ വ്യത്യസ്തത അനുഭവിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ഇന്ന് സിനിമ ചെയ്യുന്നുണ്ടാകില്ല. ഒരുപാട് ആളുകള്‍ക്ക് ഇഷ്ടപ്പെട്ട സിനിമകളുടെയും കഥാപാത്രങ്ങളുടെയും ഭാഗമാകാന്‍ എനിക്ക് സാധിച്ചിട്ടുണ്ടാകില്ല. ഒരുമിച്ച് എല്ലാവരും ചേര്‍ത്ത് പിടിച്ചതുകൊണ്ടാണ് എനിക്ക് ഇത്രയും അവസരം വരുന്നത്. മുന്നോട്ടുള്ള യാത്രകള്‍ എപ്പോഴും ബുദ്ധിമുട്ടുള്ളതായിരിക്കും. പക്ഷെ എനിക്ക് ഒരുപാട് സ്‌നേഹം കിട്ടുന്നുണ്ട്. ഇതെല്ലാം എനിക്ക് വളരെ വലിയ കാര്യമാണ്.

ചിന്നു ചെയ്യുന്ന സിനിമകള്‍ക്കെല്ലാം ഒരു പൊതു സ്വഭാവം ഉണ്ട്…പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ് നോക്കിയാണോ സിനിമകള്‍ തിരഞ്ഞെടുക്കുന്നത്.

എനിക്ക് കാണാനും കേള്‍ക്കാനും താത്പര്യമുള്ള സിനിമകളും ചെയ്യാന്‍ താത്പര്യം തോന്നുന്ന കഥാപാത്രങ്ങളും തിരഞ്ഞെടുത്താണ് ഞാന്‍ സിനിമ ചെയ്യുന്നത്. അത് നല്ല സിനിമകള്‍ ആകുന്നുവെന്നത് എന്റെ ഇഷ്ടങ്ങള്‍ അങ്ങനെ ഉള്ളതുകൊണ്ടായിരിക്കാം, അല്ലാതെ യാദൃശ്ചികമല്ല. പൊളിറ്റിക്കല്‍ കറക്ടനസ് ചിലപ്പോഴൊക്കെ നോക്കി തന്നെയാണ് സിനിമകള്‍ എടുത്തിരുന്നത്. ഇപ്പോള്‍ വേറെ വിഭാഗത്തില്‍പ്പെടുന്ന കഥയും കഥാപാത്രങ്ങളും ഉള്‍പ്പെടുന്ന സിനിമകള്‍ ചെയ്യാന്‍ തുടങ്ങുന്നുണ്ട്.

പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
മുന്തിരിക്കുരു എണ്ണയുടെ അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ ഇവ...
Exit mobile version