5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Balachandra Menon: നടൻ ബാലചന്ദ്ര മേനോനെതിരെ അശ്ലീല പരാമർശങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബ് ചാനലുകൾക്കെതിരെ കേസ്

Case Filed Against YouTube Channels for Defaming Actor Balachandra Menon: നേരത്തെ നടന്മാരായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു തുടങ്ങിയവർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച അതേ നടിയാണ് ബാലചന്ദ്രമേനോനെതിരെയും ആരോപണം ഉന്നയിച്ചത്.

Balachandra Menon: നടൻ ബാലചന്ദ്ര മേനോനെതിരെ അശ്ലീല പരാമർശങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബ് ചാനലുകൾക്കെതിരെ കേസ്
നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ (Image Credits: Balachandra Menon's Facebook)
nandha-das
Nandha Das | Updated On: 29 Sep 2024 12:12 PM

കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ നൽകിയ പരാതിയിൽ യൂട്യൂബ് ചാനലുകൾക്കെതിരെ കേസടുത്തു. തനിക്കെതിരെ അശ്ലീല പരാമർശങ്ങൾ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പരാതി നൽകിയിരുന്നത്. നടന്റെ പരാതിയിൽ ഐടി ആക്ട് പ്രകാരം കൊച്ചി സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്ന് കാണിച്ച് ഡിജിപിക്ക് ബാലചന്ദ്രമേനോൻ നൽകിയ പരാതിയിലാണ് നടപടി.

ആലുവ സ്വദേശിയായ നടി ഓൺലൈൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ബാലചന്ദ്രമേനോനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. നടിയുടെ വെളിപ്പെടുത്തൽ എന്ന പേരിൽ യൂട്യൂബ് ചാനലുകൾ ഈ വീഡിയോ സംപ്രേക്ഷണം ചെയ്തിരുന്നു. എന്നാൽ, ഇത് തന്നെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണെന്നും ഇതിൽ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയത്.

ALSO READ: ’ഒളിവിൽ പോകുന്നത് നല്ലതാണെന്ന് ഞാൻ പറയില്ല’; സിദ്ദിഖ് ഒളിവിൽ പോയതിനെക്കുറിച്ച് നടി നവ്യ നായർ

ഇതേ നടിയായിരുന്നു നേരത്തെ നടന്മാരായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു തുടങ്ങിയവർക്കെതിരെയും ആരോപണങ്ങൾ ഉന്നയിച്ചത്. നടിയുടെ പരാതിയിൽ ഇവർക്കെതിരെ കേസെടുക്കുകയും ചെയ്തു. ഇതേ തുടർന്ന്, ചില യൂട്യൂബ് ചാനലുകൾക്ക് നടി പ്രതികരണം നൽകിയിരുന്നു. ഇതിലാണ് ബാലചന്ദ്രമേനോനെതിരെ അവർ ആരോപണങ്ങൾ ഉന്നയിച്ചത്. പരാതിയിൽ പരാമർശിച്ചിട്ടുള്ള യൂട്യൂബ് ചാനലുകളുടെ ഉള്ളടക്കം പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് സൈബർ പോലീസ് അറിയിച്ചിട്ടുണ്ട്.

അതെ സമയം, തനിക്കെതിരെ പരാതി ഉന്നയിച്ച നടിക്കെതിരെയും, നടിയുടെ അഭിഭാഷകനെതിരെയും ബാലചന്ദ്രമേനോൻ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. നടിയുമായി ബന്ധപ്പെട്ട ചിലർ തന്നെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. കൂടാതെ, നടിയുടെ അഭിഭാഷകൻ തന്നെ ഫോണിൽ വിളിച്ച് ഇത്തരത്തിൽ ഒരു വീഡിയോ പുറത്ത് വരുമെന്ന കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നുവെന്നും പരാതിയിൽ പരാമർശിക്കുന്നുണ്ട്.