Payal Kapadia FTII : കാനിൽ നിന്നും പായൽ നേരെ പോകുന്നത് കോടതിയിലേക്ക്; FTII-യുടെ ഇരട്ടത്താപ്പെിനെതിരെ റസൂൽ പൂക്കുട്ടി
Payal Kapadia FTII Case : പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചെയർമാനായി സീരിയൽ നടൻ ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിനെതിരെ പ്രതിഷേധിച്ചതിനാണ് പായൽ കപാഡിയയ്ക്കെതിരെ 2015ൽ കേസ് രജിസ്റ്റർ ചെയ്തത്.
കാൻ ചലച്ചിത്രോത്സവത്തിൽ രാജ്യത്തിന് അഭിമാന നേട്ടം സമ്മാനിച്ച സംവിധായിക പായൽ കപാഡിയോട് പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കാണിക്കുന്നത് ഇരട്ടത്താപ്പാണെന്ന് ഓസ്കാർ ജേതാവായ റസൂൽ പൂക്കുട്ടി. പായൽ കപാഡിയുടെ നേട്ടത്തിൽ അഭിമാനമുണ്ടെന്ന് അറിയിക്കുന്ന എഫ്ടിഐഐ ഒമ്പത് വർഷങ്ങൾക്ക് മുമ്പ് സംവിധായകയ്ക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. കാനിൽ നിന്നും തിരിച്ചെത്തുന്ന കപാഡിയ അടുത്ത മാസം ഈ കേസിൽ കോടതിയിൽ ഹാജരാകുമെന്ന് റസൂൽ പൂക്കുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറുപ്പിൽ പറഞ്ഞു.
2015ൽ എഫ്ടിഐഐയുടെ ചെയർമാനായി മഹാഭാരതം സീരിയൽ താരം ഗജേന്ദ്ര ചൗഹാനെ കേന്ദ്രം നിയമിച്ചതിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിനാണ് കപാഡിയുൾപ്പെടെയുള്ള 34 വിദ്യാർഥിക്കെതിരെ പൂനെ പോലീസ് കേസെടുത്തത്. ഈ കേസിൽ കപാഡിയ 25-ാം പ്രതിയാണ്. സംഭവം നടന്ന് ഇത്രയും വർഷയമായിട്ടും കേസ് പിൻവലിക്കാൻ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ തയ്യാറായിട്ടില്ല.
ALSO READ : Azees Nedumangad: കാന്‍ ചലച്ചിത്രമേളയില്‍ തിളങ്ങിയ അസീസ് നെടുമങ്ങാട്; ആരും പറയാതെ പോയ പേര്
കേസ് രജിസ്റ്റർ ചെയ്തതോടെ സംവിധായക ഉൾപ്പെടെയുള്ളവർക്ക് ലഭിക്കേണ്ട സ്കോളർഷിപ്പ് നഷ്ടമായി. കൂടാതെ പഠനാവശ്യത്തിനായി വിദേശത്തുള്ള പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്നും ഇവർക്ക് വിലക്കേർപ്പെടുത്തി.
പിന്നീട് 2017ൽ എഫ്ടിഐഐയുടെ ഡയറക്ടറായിരുന്ന ഭുപേന്ദ്ര കെയിൻതോളയാണ് കപാഡിയുടെ ഹൃസ്വചിത്രം കാനിൽ പ്രദർശനം ചെയ്യുന്നതിന് വേണ്ടി പിന്തുണ നൽകിയത്. കെയിൻതോളയുടെ ഇടപെടിൽ ഫ്രാൻസിലേക്ക് സഞ്ചരിക്കാനുള്ള സംവിധായകയുടെ വിലക്ക് പിൻവലിക്കുകയും സാമ്പത്തിക സഹായം ലഭിക്കുകയും ചെയ്തു. എന്നാൽ സംവിധായക ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള കേസ് പിൻവലിക്കാൻ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ തയ്യാറായിട്ടില്ല.
സംവിധായികയെ പ്രശംസിച്ചുകൊണ്ട് എഫ്ടിഐഐ എക്സിൽ പങ്കുവെച്ച കുറിപ്പിനെതിരെ ബോളിവുഡ് നടൻ അലി ഫസലും രംഗത്തെത്തി. ഫിലിം ഇൻസ്റ്റിറ്റ്യട്ടിൻ്റെ ഇരട്ടത്താപ്പ് നിലപാടിനെ എക്സിലൂടെ മിർസാപൂർ വെബ് സീരീസ് താരം വിമർശിച്ചത്.
കാൻ ചലച്ചിത്രമേളയിൽ രണ്ടാം സ്ഥാനമായ ഗ്രാൻഡ് പ്രീ പുരസ്കാരമാണ് പായൽ കപാഡിയ ഒരുക്കിയ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് എന്ന സിനിമയ്ക്ക് ലഭിച്ചത്. മലയാളി താരങ്ങളായ കനി കുസൃതി, ദിവ്ര പ്രഭ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയത്. ഇവരെ കൂടാതെ ഛായാ ഖദം, ഹൃദ്ദു ഹാറൂണ്‍ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.