BTS Jin: സംഗീതത്തിൽ നിന്ന് വ്യാപാരത്തിലേക്ക്; ബിടിഎസ് ജിൻ പുതിയ മദ്യ ബ്രാൻഡ് ഉടൻ പുറത്തിറക്കും
BTS Jin soon to launch a Liquor Brand: സംഗീത ലോകത്ത് വിസ്മയം തീർത്ത ജിന്നിന്റെ പുതിയ ചുവടുവെപ്പ് ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
പ്രശസ്ത കൊറിയൻ സംഗീത ബാൻഡായ ബിടിഎസിലെ മുതിർന്ന അംഗം ജിൻ എന്നറിയപ്പെടുന്ന കിം സോക്-ജിൻ ബിസിനസ് ലോകത്തേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നു. സംഗീത മേഖലയിൽ വലിയ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞ താരം ബിസിനസിലേക്ക് പ്രവേശിക്കുമ്പോൾ ആരാധകർക്ക് പ്രതീക്ഷ ഏറെയാണ്. ദക്ഷിണ കൊറിയയിലെ പ്രമുഖ ഷെഫും ‘ബോൺ കൊറിയ’ എന്ന ഭക്ഷണ പാനീയ കമ്പനിയുടെ സിഇഒയുമായ ബെയ്ക് ജൊങ് വോനുമായി സഹകരിച്ച് ഒരു പരമ്പരാഗത മദ്യ ബ്രാൻഡ് ജിൻ ഉടൻ പുറത്തിറക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ഓൾകെപോപ്പ് (Allkpop) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ജിന്നും ബെയ്ക് ജൊങ് വോനും ചേർന്ന് ‘യെസാൻ ഡോഗ’ എന്ന പേരിൽ ഒരു കാർഷിക കമ്പനി സ്ഥാപിച്ചിട്ടുണ്ട്. ഇതിന് കീഴിലാണ് ‘ഇഗിൻ’ (IGIN) എന്ന പേരിൽ വാറ്റിയെടുത്ത മദ്യം പുറത്തിറക്കുന്നത്. ഷെഫ് ബെയ്ക് ജൊങ് വോനിന്റെ ജന്മനാടായ യെസാനിലെ ചില പ്രത്യേകതകളും പാരമ്പര്യ രീതികളും ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു പ്രീമിയം മദ്യമായിരിക്കും ഇത്. ഇതിനു പുറമെ, ആപ്പിൾ, തണ്ണിമത്തൻ, പ്ലം എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ ഇഗിൻ സ്വീറ്റ് ടോണിക്, ഇഗിൻ സോർ ടോണിക്ക് തുടങ്ങിയ റെഡി-ടു-ഡ്രിങ്ക് പാനീയങ്ങളും പുറത്തിറക്കും.
ജിന്നും ബെയ്ക് ജൊങ് വോനും ചേർന്ന് 2022-ലാണ് ആദ്യമായി ‘ജിന്നിസ് ലാംപ്’ എന്ന പേരിൽ ഒരു കാർഷിക കമ്പനി സ്ഥാപിക്കുന്നത്. ഇതും യെസാനിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ആരാധകരുമായി അടുത്ത ബന്ധം പുലർത്തുന്നതിന് വേണ്ടി ജിൻ തന്നെയാണ് കമ്പനിക്ക് പേര് നൽകിയത്. അതിനാൽ, ‘ഇഗിൻ’ എന്ന മദ്യ ബ്രാൻഡ് ജിന്നിസ് ലാമ്പിന് കീഴിൽ തന്നെ ആയിരിക്കും പ്രവർത്തിക്കുക. ഷെഫ് ബെയ്ക് ജൊങ് വോന്റെ ഭക്ഷണ-പാനീയ കമ്പനിയായ ബോൺ കൊറിയയുടെ അനുബന്ധ സ്ഥാപനമായ ‘യെസാൻ ഡോഗ’ ഇതിന് മേൽനോട്ടം വഹിക്കും. കൊറിയൻ പരമ്പരാഗത മദ്യത്തിന്റെ ഗോഡ് ഫാദർ എന്നറിയപ്പെടുന്ന മാസ്റ്റർ പാർക്ക് റോക്ക് ഡാം, ബ്രാൻഡിന്റെ വികസനവും ഗുണനിലവാരവും വർധിപ്പിക്കുന്നതിനുള്ള ഒരു ഉപദേശകനായി പ്രവർത്തിക്കും.
ALSO READ: കെ-പോപ്പ് ബാൻഡായ ടി.എക്സ്.ടി നീണ്ട ഇടവേളയിലേക്ക്; പൂർണ പിന്തുണയുമായി ആരാധകർ, കാരണം ഇങ്ങനെ
അതേസമയം, സംഗീത ലോകത്ത് വിസ്മയം തീർത്ത ജിന്നിന്റെ പുതിയ ചുവടുവെപ്പ് ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കെ-പോപ്പ് താരവും ഷെഫും തമ്മിലുള്ള ഈ കൂടിച്ചേരൽ വളരെ അപ്രതീക്ഷിതമായാണ് ആരാധകർ കാണുന്നത്. ബിടിഎസ് പങ്കെടുക്കുന്ന വെറൈറ്റി ഷോ ആയ ‘റൺ ബിടിഎസിൽ’ ചില എപ്പിസോഡുകളിൽ ഷെഫ് ബെയ്ക് ജൊങ് വോനും പ്രത്യക്ഷപ്പെട്ടിരുന്നു. അതുവഴിയാണ്, ബിടിഎസും ബെയ്ക് ജൊങ് വോനും തമ്മിൽ സൗഹൃദത്തിൽ ഏർപ്പെടുന്നത്. തുടർന്ന്, ജിന്നിനെയും ബെയ്ക് ജൊങ് വോനിനെയും ഒരുമിച്ച് വിമാനത്താവളത്തിൽ വെച്ച് കണ്ടതിന്റെ ചിത്രങ്ങളും ആരാധകർക്കിടയിൽ ചർച്ചയായിരുന്നു.
ദക്ഷിണ കൊറിയയിലെ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി മടങ്ങിയെത്തിയ ജിൻ നിലവിൽ തന്റെ സോളോ കരിയറിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയാണ്. മടങ്ങി വന്ന് ഏതാനും നാളുകൾക്കുള്ളിൽ തന്നെ ജിൻ ഹാപ്പി എന്ന ആൽബം പുറത്തിറക്കി. ബിൽ ബോർഡ് ചാർട്ടുകളിൽ ഇടം നേടിയ ആൽബം, ആരാധകർക്കിടയിലും വലിയ തരംഗമായിരുന്നു. ആറു ഗാനങ്ങൾ ഉൾപ്പെടുന്ന ആൽബത്തിൽ ‘റണ്ണിങ് വൈൽഡ്’ എന്ന ഗാനമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.